നിയമസഭാ തെരഞ്ഞെടുപ്പ്: മുഖ്യമന്ത്രി സിദ്ധരാമയ്യ വടക്കന്‍ കര്‍ണാടകയില്‍ മത്സരിക്കണമെന്ന് സമ്മര്‍ദ്ദം
ബംഗളൂരു: അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ വടക്കന്‍ കര്‍ണാടകത്തില്‍ മത്സരിക്കണമെന്ന് കോണ്‍ഗ്രസില്‍ നിന്ന് സമ്മര്‍ദ്ദം. വടക്കന്‍ കര്‍ണാടകയിലെ ഏതെങ്കിലും മണ്ഡലത്തില്‍ ബി.ജെ.പിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായ ബി.എസ് യെ യെദ്യൂരപ്പ മത്സരിക്കുമെന്നാണ് പാര്‍ട്ടി നേതൃത്വം അറിയിച്ചത്. ഈ സാഹചര്യത്തില്‍ വടക്കന്‍ കര്‍ണാടകത്തിലേക്ക് സിദ്ധരാമയ്യ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്.
വടക്കന്‍ കര്‍ണാടകത്തിലെ ബാഗല്‍കോട്ട ജില്ലയിലെ ഏതെങ്കിലും സീറ്റിലായിരിക്കും മുഖ്യമന്ത്രി സിദ്ധരാമയ്യ മത്സരിക്കുകയെന്ന് എക്സൈസ് മന്ത്രി ആര്.ബി തിമ്മപുര അറിയിച്ചു. ഇതിനിടയില്‍ ബല്‍ഗാവി ജില്ലയിലെ അത്താണി മണ്ഡലത്തില്‍ സിദ്ധരാമയ്യ മത്സരിക്കണമെന്ന് മുതിര്‍ന്ന നേതാവും മുന്‍മന്ത്രിയുമായ സതീഷ് ജാര്‍ഖിഹോലി ആവശ്യപ്പെട്ടു.
വടക്കന്‍ കര്‍ണാടകത്തിലെ ഏതെങ്കിലും മണ്ഡലത്തില്‍ സിദ്ധരാമയ്യ മത്സരിക്കുകയാണെങ്കില്‍ അത് കോണ്‍ഗ്രസിന് ഉത്തേജകം നല്‍കുന്നതിനുപുറമെ ബി.ജെ.പിക്കെതിരായ പ്രചാരണത്തിന്റെ ശക്തി വര്‍ധിപ്പിക്കാന്‍ സാധിക്കുമെന്നുമാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. അടുത്ത തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മത്സരിക്കുന്നത് മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിലായിരിക്കുമെന്ന് നേരത്തെതന്നെ ഹൈക്കമാന്‍ഡ് വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം മൈസൂരുവിലെ ചാമുണ്ഡേശ്വരി മണ്ഡലത്തില്‍ നിന്ന് ജനവിധി തേടാനാണ് സിദ്ധരാമയ്യയുടെ താല്പര്യമെന്നാണ് വിവരം. അതേസമയം രണ്ട് സീറ്റുകളില്‍ മത്സരിക്കാന്‍ സിദ്ധരാമയ്യക്ക് പാര്‍ട്ടി അനുമതി നല്‍കിയിട്ടുണ്ട്. ഇതില്‍ ഒരു സീറ്റ് തെക്കന്‍ കര്‍ണാടകയിലും മറ്റൊരു സീറ്റ് വടക്കന്‍ കര്ണാടകയിലുമായിരിക്കുമെന്നാണ് വിവരം.
നിലവില്‍ വരുണ മണ്ഡലത്തില്‍ നിന്നാണ് അദ്ദേഹം ജയിച്ച് നിയമ സഭയിലെത്തിയത്. ഈ സീറ്റ് മകന് ഡോ. യതീന്ദ്രക്ക് നല്‍കിയേക്കുമെന്നാണ് വിവരം. അടുത്ത തെരഞ്ഞെടുപ്പില്‍ സിദ്ധരാമയ്യ ബാഗല്‍കോട്ട ജില്ലയിലെ ഏതെങ്കിലും മണ്ഡലത്തില്‍ മത്സരിക്കണമെന്നതാണ് പ്രവര്‍ത്തകരുടെ താല്പര്യമെന്ന് കര്‍ണാടക പി.സി.സി വര്‍ക്കിങ് പ്രസിഡന്റ് എസ്.ആര് പാട്ടീല്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
വടക്കന്‍ കര്‍ണാടകത്തിലെ ഏത് മണ്ഡലത്തില്‍ യെദ്യൂരപ്പ മത്സരിച്ചാലും അത് കോണ്‍ഗ്രസിനെ സംബന്ധിച്ചിടത്തോളം ഒരുതരത്തിലും ആശങ്കയുളവാക്കുന്നതല്ലെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."