കിരീട സ്വപ്‌നങ്ങളില്‍ 'ഈഗിള്‍സ് '
കൗമാര വിശ്വമേളയിലേക്ക് ആഫ്രിക്കയില്‍ നിന്നും മാലി വരുന്നത് കിരീടം ലക്ഷ്യമിട്ടാണ്. 2015 ലെ റണ്ണറപ്പ്. കലാശപ്പേരില്‍ നൈജീരിയക്ക് മുന്നിലായിരുന്നു അന്ന് വീണത്. ചാംപ്യന്‍മാരായ നൈജീരിയ ഇത്തവണയില്ല. ആഫ്രിക്കന്‍ നേഷന്‍സ് കപ്പ് സ്വന്തമാക്കിയതിന്റെ കരുത്തുമായാണ് ഈഗിള്‍സ് എന്ന വിളിപ്പേരുള്ള മാലിയുടെ വരവ്. 1997ലായിരുന്നു ആദ്യമായി അണ്ടര്‍ 17 ലോകകപ്പിന് യോഗ്യത നേടിയത്. ക്വാര്‍ട്ടര്‍ ഫൈനല്‍ കളിച്ച മാലി അഞ്ചാം സ്ഥാനത്ത് എത്തി. 1999 ല്‍ ഗ്രൂപ്പ് മത്സരങ്ങള്‍ക്കപ്പുറം കടന്നില്ല. 2001 ലും ക്വാര്‍ട്ടറില്‍ എത്തി. അഞ്ചാം തവണ ലോകകപ്പിനായി വരുന്നത് 2015 ലെ ഫൈനല്‍ ആവേശവുമായാണ്.
സ്ഥിരതയില്ലായ്മ തലവേദന
പ്രകടനത്തിലെ സ്ഥിരതയില്ലായ്മയാണ് മാലിയുടെ തലവേദന. പോരാട്ടം മുറുകുമ്പോള്‍ അമിതമായി പ്രതിരോധത്തിലേക്ക് ഉള്‍വലിയുന്നു. ആഫ്രിക്കന്‍ നേഷന്‍സ് കപ്പിലും ഈ പ്രവണത തുടര്‍ന്നു. ഫൈനലില്‍ പെനാല്‍ട്ടി ഷൂട്ടൗട്ടില്‍ ഘാനയുടെ മേല്‍ ഒരു ഗോളിന്റെ വിജയം നേടിയാണ് കപ്പ് സ്വന്തമാക്കിയത്. ഗോള്‍ വലക്കു മുന്നിലെ വിശ്വസ്തന്‍ യൂസഫ് കൊയ്റ്റ തന്നെയാണ് മാലിയുടെ കരുത്തന്‍. കിടിലന്‍ സേവുകളുമായി മിന്നുന്ന പ്രകടനമാണ് യൂസഫ് കാഴ്ചവയ്ക്കുന്നത്. ആക്രമണ നിരയിലെ കുന്തമുനയായ ഹാദ്ജി ദ്രാമെയാണ് മറ്റൊരു താരം.
കോംലയുടെ വലിയ ലക്ഷ്യങ്ങള്‍
മുഖ്യപരിശീലകന്‍ ജോംനസ കോംല. ആഫ്രിക്കന്‍ രാജ്യമായ ടോഗോയുടെ പരിശീലകനായിരുന്നു. ആഫ്രിക്കയിലേക്ക് കൗമാര ലോകകപ്പ് കൊണ്ടു പോകുക എന്ന ലക്ഷ്യത്തിലേക്കാണ് ടീമിനെ ഒരുക്കിയിട്ടുള്ളത്. പുതിയ താരനിരയെ സൃഷ്ടിക്കുന്നതില്‍ മിടുമിടുക്കന്‍. വലന്‍സിയ, റയല്‍ മാഡ്രിഡ് ക്ലബുകളിലെ പരിശീലന പദ്ധതിയില്‍ നിന്നും ലഭിച്ച ഊര്‍ജം കരുത്താക്കിയ പരിശീലകന്‍. ഗ്രൂപ്പില്‍ ബിയില്‍ നിന്ന് ആദ്യം പുറത്ത് കടക്കുക. അത്ഭുതങ്ങള്‍ സൃഷ്ടിച്ച് കലാശപ്പോരിന് എത്തുക. മാലിയുടെയും കോംലയുടെയും ലക്ഷ്യം കിരീടം മാത്രമാണ്.
അട്ടിമറിക്കാന്‍ യുവതുര്‍ക്കികള്‍
അട്ടിമറികള്‍ക്ക് കെല്‍പ്പുള്ള തുര്‍ക്കി മൂന്നാം തവണയാണ് അണ്ടര്‍ 17 ലോകകപ്പിലേക്ക് എത്തുന്നത്. ക്രസന്റ് സ്റ്റാര്‍സ് എന്ന വിളിപ്പേരുള്ള തുര്‍ക്കി 2005 ല്‍ ആദ്യമായി കൗമാര ലോകകപ്പില്‍ പന്തുതട്ടിയപ്പോള്‍ നാലാം സ്ഥാനത്ത് എത്തി. അവസാനമായി പന്തുതട്ടിയ 2009 ല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ പുറത്തായി. ഗ്രൂപ്പ് ബിയില്‍ മാലി, പരാഗ്വെ, ന്യൂസിലന്‍ഡ് ടീമുകളാണ് എതിരാളികള്‍.
പ്രതീക്ഷയായി മാലികും ആറ്റ്‌ലിയും
യൂറോപ്യന്‍ ചാംപ്യന്‍ഷിപ്പിലെ സെമി ഫൈനലില്‍ എത്തിയ മികവുമായാണ് ഇന്ത്യയിലേക്ക് വരുന്നത്. ചാംപ്യന്‍ഷിപ്പില്‍ ഇറ്റലി, ക്രൊയേഷ്യ ടീമുകളെ തോല്‍പിച്ച ആത്മവിശ്വാസമാണ് കൈമുതല്‍. വമ്പന്‍ ടീമുകളോട് ഏറ്റമുട്ടുമ്പോള്‍ ആത്മവിശ്വാസ കുറവുണ്ട്. പ്രതിരോധത്തിലേക്ക് ഉള്‍വലിയുന്നത് പലപ്പോഴും വിനയാകുന്നു. മധ്യനിരക്കാരന്‍ ആറ്റ്‌ലി ബബച്ചാനിലും മുന്നേറ്റ നിരയിലെ വമ്പന്‍ മാലിക് കറാമത്തിലുമാണ് തുര്‍ക്കി പ്രതീക്ഷ വയ്ക്കുന്നത്. മികച്ച നീക്കങ്ങള്‍ നടത്തി കളം നിറഞ്ഞു കളിക്കുന്ന താരമാണ് ആറ്റ്‌ലി. ആക്രമണകാരിയാണ് മാലിക്.
തന്ത്രമോതി മെഹ്മത്
ബള്‍ഗേറിയക്കാരന്‍ മെഹ്മത് ഹാഷിഒഗ്‌ലുവാണ് മുഖ്യപരിശീലകന്‍. 2014 മുതല്‍ ടീമിന്റെ കൂടെയുണ്ട്. മെഹ്മത് ഒരുക്കിയ തന്ത്രങ്ങളാണ് തുര്‍ക്കിയെ ഇന്ത്യയിലേക്ക് എത്തിച്ചത്. അട്ടിമറി നടത്താന്‍ കഴിവുള്ള ടീം ക്വാര്‍ട്ടറിലേക്ക് മുന്നേറാന്‍ സാധ്യതയുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."