ദക്ഷിണമേഖലാ ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പ്: കിരീടം നിലനിര്‍ത്തി കേരളം
തിരുവനന്തപുരം: ദക്ഷിണമേഖല ജൂനിയര്‍ അത്‌ലറ്റിക് ചാംപ്യന്‍ഷിപ്പില്‍ കേരളം ഓവറോള്‍ കിരീടം നിലനിര്‍ത്തി. 61 സ്വര്‍ണവും 41 വെള്ളിയും 33 വെങ്കലവും ഉള്‍പ്പെടെ നേടിയ കേരളം എതിരാളികളെ ബഹുദൂരം പിന്നിലാക്കി 913 പോയിന്റുമായാണ് ചാംപ്യന്‍പട്ടം നിലനിര്‍ത്തിയത്. ആദ്യ ദിനത്തില്‍ കേരളത്തിന് ശക്തമായ വെല്ലുവിളിയുയര്‍ത്തിയ തമിഴ്‌നാടിന് രണ്ടാം ദിനത്തില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാനായില്ല. 34 സ്വര്‍ണവും 39 വെള്ളിയും 40 വെങ്കലവും നേടിയ തമിഴ്‌നാടിന് 748 പോയിന്റുനേടി രണ്ടാം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 566 പോയിന്റ് നേടിയ കര്‍ണാടക 20 സ്വര്‍ണവും 34 വെള്ളിയും 27 വെങ്കലവുമാണ് നേടിയത്.
രണ്ടാം ദിനത്തില്‍ 20 മീറ്റ് റെക്കോഡുകള്‍ പിറന്നപ്പോള്‍ അതില്‍ പത്തെണ്ണം കേരള താരങ്ങളുടെ വകയായിരുന്നു. അണ്ടര്‍ 14 ജൂനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ തെലങ്കാന ഒന്നാമതും തമിഴ്‌നാട് രണ്ടാമതും എത്തിയപ്പോള്‍ കേരളത്തിന് മൂന്നാം സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തിലും കേരളത്തിന് മൂന്നാം സ്ഥാനമായിരുന്നു. കര്‍ണാടക ഒന്നാമതും തമിഴ്‌നാട് രണ്ടാമതുമെത്തി.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ആറ് വീതം സ്വര്‍ണവും വെള്ളിയും ഒരു വെങ്കലവും നേടി കേരളം ഒന്നാം സ്ഥാനത്തെത്തി. ആറു സ്വര്‍ണവും അഞ്ചു വെള്ളിയും രണ്ട് വെങ്കലവും നേടി രണ്ടാം സ്ഥാനത്തെത്തിയ കര്‍ണാടകയോട് ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണ് കേരളത്തിന് ഉണ്ടായിരുന്നത്. തമിഴ്‌നാട് മൂന്നാമതെത്തി. പെണ്‍കുട്ടികളുടെ ഇതേ വിഭാഗത്തില്‍ ആറുസ്വര്‍ണവും മൂന്ന് വെള്ളിയും എട്ടുവെങ്കലവുമായി കേരളം രണ്ടാം സ്ഥാനത്തേക്കു പോയി. ആറു സ്വര്‍ണവും ഒന്‍പതുവെള്ളിയും നാലുവെങ്കലവുമായി തമിഴ്‌നാട് ഒന്നാമതെത്തിയപ്പോള്‍ കര്‍ണാടക മൂന്നാം സ്ഥാനത്തേക്കു പോയി.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ 10 സ്വര്‍ണം, ഏഴ് വെള്ളി, എട്ട് വെങ്കലം എന്നിവ നേടി കേരളം ഒന്നാമതെത്തി. തമിഴ്‌നാട്, കര്‍ണാടക രണ്ടും മൂന്നാം സ്ഥാനങ്ങള്‍ നേടി. ഈ വിഭാഗത്തിലും കേരളത്തിന്റെ പെണ്‍കുട്ടികളാണ് ഒന്നാമതെത്തിയത്. എട്ടു സ്വര്‍ണം, ഒന്‍പത് വെള്ളി, ആറ് വെങ്കലം എന്നിവ കേരള താരങ്ങള്‍ നേടിയപ്പോള്‍ ആറുവീതം സ്വര്‍ണം, വെള്ളി, വെങ്കലം നേടി തമിഴ്‌നാട് രണ്ടാമതും കര്‍ണാടക മൂന്നാമതുമെത്തി.
അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ വിഭാഗത്തില്‍ എതിരാളികളെ നിഷ്പ്രഭരാക്കിയാണ് കേരളം ഗ്രൂപ്പ് ചാംപ്യന്‍മാരായത്. 14 സ്വര്‍ണം, 10 വെള്ളി, നാലു വെങ്കലം എന്നിങ്ങനെ ഈ വിഭാഗത്തില്‍ കേരളം നേടി. രണ്ടാമതെത്തിയ തമിഴ്‌നാട് അഞ്ച് വീതം സ്വര്‍ണവും വെള്ളിയും ഏഴ് വെങ്കലവും നേടി. മൂന്ന് സ്വര്‍ണവും ആറു വെള്ളിയും ഏഴ് വെങ്കലവുമാണ് മൂന്നാം സ്ഥാനക്കാരായ കര്‍ണാടക ഈ വിഭാഗത്തില്‍ നേടിയത്.
ഇതേ വിഭാഗത്തില്‍ കേരളത്തിലെ പെണ്‍കുട്ടികളും തകര്‍പ്പന്‍ പ്രകടനം കാഴ്ചവച്ചു. അവര്‍ 13 സ്വര്‍ണവും അഞ്ച് വീതം വെള്ളിയും വെങ്കലവും നേടി. എഴു സ്വര്‍ണം, എട്ട് വെള്ളി, 10 വെങ്കലം എന്നിങ്ങനെ നേടി തമിഴ്‌നാട് രണ്ടാമതും രണ്ട് സ്വര്‍ണം, ഒന്‍പത് വെള്ളി, നാല് വെങ്കലം നേടി കര്‍ണാടക മൂന്നാമതുമെത്തി.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 800 മീറ്ററില്‍ കേരളത്തിന്റെ സാന്ദ്ര എ.എസ് മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 2003ല്‍ കര്‍ണാടകയുടെ ആര്‍.മഹാലക്ഷ്മി കുറിച്ച 2:17.20 സെക്കന്‍ഡിന്റെ റെക്കോഡ് 2:17.07 സെക്കന്‍ഡാക്കിയാണ് സാന്ദ്ര കുറച്ചത്. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 200 മീറ്ററില്‍ അന്‍സി സോജനും റെക്കോഡിട്ടു. 2012ല്‍ കേരളത്തിന്റെ തന്നെ സി.രംഗിത കുറിച്ച 25.56 സെക്കന്‍ഡിന്റെ റെക്കോഡ് 25.09 എന്ന സമയത്തിലാണ് അന്‍സി മാറ്റിയെഴുതിയത്.
അന്‍സിക്ക് വെല്ലുവിളിയുയര്‍ത്തി തമിഴ്‌നാടിന്റെ സരിത തെരേസ മാര്‍ട്ടിന്‍(25.29), കര്‍ണാടകയുടെ കാവേരി എല്‍ പാട്ടീല്‍(24.49), തമിഴ്‌നാടിന്റെ തന്നെ റോഷ്‌നി കെ.(25.50) എന്നിവരും മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനം കാഴ്ചവച്ചു. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ ഹൈജംപില്‍ കേരളത്തിന്റെ ഗായത്രി ശിവകുമാര്‍ മീറ്റ് റെക്കോര്‍ഡിനൊപ്പമെത്തിയ പ്രകടനം കാഴ്ചവച്ചു. 2004ല്‍ കര്‍ണാടകയുടെ കാവ്യ മുത്തന്ന കുറിച്ച 1.71 മീറ്ററാണ് ഗായത്രി ചാടിയത്.
അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 2000 മീറ്റര്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ കേരളത്തിന്റെ രണ്ട് താരങ്ങള്‍ മീറ്റ് റെക്കോര്‍ഡ് മറികടന്നു. 7:12.5 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത നിബിയ ജോസഫ് സ്വര്‍ണവും 7:56.994 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത ശ്വേത കെ വെള്ളിയും നേടി. കേരളത്തിന്റെ തന്നെ റിയ തോമസ് 2011ല്‍ കുറിച്ച 8:12.25 സെക്കന്‍ഡായിരുന്നു മീറ്റിലെ പഴയ റെക്കോര്‍ഡ്.
16 വയസില്‍ താഴെയുള്ള ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ ആദ്യ രണ്ട് സ്ഥാനങ്ങളിലെത്തിയ കേരള താരങ്ങളും മീറ്റ് റെക്കോര്‍ഡ് തിരുത്തി. 13.55 സെക്കന്‍ഡില്‍ ഒന്നാമനായ മുഹമ്മദ് ലാസന്‍ സ്വര്‍ണവും 13.63 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത സൂര്യജിത് ആര്‍.കെ വെള്ളിയും നേടി. കേരളത്തിന്റെ തന്നെ മെയ്‌മോന്‍ പൗലോസ് 2012ല്‍ കുറിച്ച 13.92 സെക്കന്‍ഡായിരുന്നു പഴയ റെക്കോര്‍ഡ്.
അണ്ടര്‍ 29 പുരുഷന്‍മാരുടെ 200 മീറ്ററില്‍ കേരളത്തിന്റെ രണ്ടു താരങ്ങള്‍ മീറ്റ് റെക്കോര്‍ഡ് തിരുത്തിയെങ്കിലും മികച്ച പ്രകടനത്തിലൂടെ തമിഴ്‌നാടിന്റെ അജിത് കുമാര്‍ (22.10 സെക്കന്‍ഡ്) സ്വര്‍ണം നേടി. മുഹമ്മദ് തന്‍വീര്‍ (22.11) വെള്ളിയും ഹര്‍ഷദ് എ.(22.22) വെങ്കലവും നേടി. തമിഴ്‌നാടിന്റെ ജയരാമന്‍ 2011ല്‍ കുറിച്ച റെക്കോര്‍ഡാണ് തകര്‍ക്കപ്പെട്ടത്. അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 2000 മീറ്ററില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ കേരളത്തിന് നേടാനായി.
അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 2000 മീറ്ററില്‍ കേരളത്തിന് വെള്ളിയും വെങ്കലവുംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. തമിഴ്‌നാടിനുവേണ്ടി ആര്‍.ഹേമലത(6:52.66) സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിനായി പൗര്‍ണമി എന്‍.(6:55.66) വെള്ളിയും ചാന്ദിനി(7:4.57) വെങ്കലവും കരസ്ഥമാക്കുകയായിരുന്നു.
അണ്ടര്‍ 20 ജൂനിയര്‍ വനിതകളുടെ 3000 മീറ്ററില്‍ കേരളത്തിനുവേണ്ടി ബബിത സി. (10:25.11 സെക്കന്‍ഡ്) സ്വര്‍ണം നേടി. കര്‍ണാടക വെള്ളിയും തമിഴ്‌നാട് വെങ്കവും കരസ്ഥമാക്കി. അണ്ടര്‍ 20 ജൂനിയര്‍ പുരുഷന്‍മാരുടെ 5000 മീറ്ററിലാകട്ടെ ഒന്നും രണ്ടും സ്ഥാനത്ത് കേരളത്തിന്റെ താരങ്ങളെത്തി. അഭിനന്ദ് സുരേന്ദ്രന്‍ 15:12.97 സെക്കന്‍ഡില്‍ സ്വര്‍ണത്തിലേക്ക് എത്തിയപ്പോള്‍ ഷെറിന്‍ ജോസ് 15:15.92 സെക്കന്‍ഡില്‍ വെള്ളിയും നേടി. കര്‍ണാടകയാണ് ഈ ഇനത്തില്‍ വെങ്കലം നേടിയത്.
അണ്ടര്‍ 18 ആണ്‍കുട്ടികളുടെ 110 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിനാണ് സ്വര്‍ണം ലഭിച്ചത്. 14.62 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മെല്‍ബിന്‍ ബിജു സ്വര്‍ണം നേടിയപ്പോള്‍ തമിഴ്‌നാട് വെള്ളിയും കേരളത്തിന്റെ തന്നെ ആകാശ് ബിജു പീറ്റര്‍ (14.76) വെങ്കലവും കരസ്ഥമാക്കി.
അണ്ടര്‍ 16 ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളം മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം കരസ്ഥമാക്കി. 2012ല്‍ കേരളത്തിന്റെതന്നെ മെയ്‌മോന്‍ പൗലോസ് കുറിച്ച 13.92 സെക്കന്‍ഡിന്റെ റെക്കോഡ് 13.55 സെക്കന്‍ഡാക്കി മുഹമ്മദ് ലാസന്‍ വി.കെ. തിരുത്തുകയായിരുന്നു. വെള്ളി നേടിയ കേരള താരം സൂര്‍ജിത്ത് ആര്‍.കെയും (13.63) മീറ്റ് റെക്കോര്‍ഡ് മറികടന്ന പ്രകടനമാണ് കാഴ്ചവച്ചത്. അണ്ടര്‍ 16 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സില്‍ കേരളത്തിന് സ്വര്‍ണം നഷ്ടമായപ്പോള്‍ വെള്ളിയും വെങ്കലവും ലഭിച്ചു.
തമിഴ്‌നാട് സ്വര്‍ണം നേടിയ ഈ മത്സരത്തില്‍ ആന്‍ റോസ് ടോമി വെള്ളിയും അഞ്ജന എം.എസ് വെങ്കലവും സ്വന്തമാക്കി. അണ്ടര്‍ 18 പെണ്‍കുട്ടികളുടെ 100 മീറ്റര്‍ ഹര്‍ഡില്‍സിലും ഇതുതന്നെയായിരുന്നു ഫലം. ഇതില്‍ കര്‍ണാടക സ്വര്‍ണം നേടിയപ്പോള്‍ കേരളത്തിനുവേണ്ടി അഞ്ജലി തോമസ് വെള്ളിയും അപര്‍ണ കെ. നായര്‍ വെങ്കലവും നേടി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."