കനത്തമഴയും മണ്ണിടിച്ചിലും അന്നമനട സൗഹൃദതീരം വെള്ളത്തിനടിയില്‍
മാള: ചാലക്കുടി പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ അന്നമനട സൗഹൃദതീരം വെള്ളത്തിനടിയിലായി. വെള്ളത്തില്‍ മുങ്ങിയതോടെ തീരത്തെ കമ്യൂണിറ്റി ഹാള്‍ നിര്‍മാണവുമായി ബന്ധപ്പെട്ട പ്രതിഷേധവും ശക്തമായി. കഴിഞ്ഞ ദിവസങ്ങളില്‍ തോരാതെ പെയ്ത മഴയെ തുടര്‍ന്നാണ് ചാലക്കുടി പുഴ നിറഞ്ഞൊഴുകിയത്. ഇതോടെ പുഴയുടെ തീരമായ സൗഹൃദ തീരത്തെ നിര്‍മാണങ്ങള്‍ എല്ലാം മുങ്ങി തുടങ്ങി. സ്റ്റേജിന്റെ പകുതിഭാഗം വെളളത്തില്‍ മുങ്ങിയ നിലയിലാണ്. കൂടാതെ കുട്ടികള്‍ക്ക് കളിക്കാനുളള ഊഞ്ഞാല്‍ ഉള്‍പ്പെടെയുളളവ വെളളത്തില്‍ മുങ്ങാറായിട്ടുണ്ട്. മഴയ്ക്ക് ശമനമായെങ്കിലും പുഴയിലെ ജലനിരപ്പ് ഉയരുന്നതില്‍ പ്രദേശവാസികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കുന്നുണ്ട്.
തീരം മുങ്ങിയതറിഞ്ഞ് ഒട്ടേറെ പേരാണ് ഇവിടെയത്തുന്നത്. സൗഹൃദതീരം വെളളത്തിലായതോടെ പഞ്ചായത്ത് ഇവിടെ നിര്‍മിക്കാനിരിക്കുന്ന കമ്യൂണിറ്റി ഹാളിനെ സംബന്ധിച്ചും വിവാദങ്ങള്‍ കൊഴുക്കുകയാണ്. പുഴ നിറയുമ്പോള്‍ വെളളത്തിലാകുന്ന സൗഹൃദതീരത്തില്‍ ഹാള്‍ നിര്‍മ്മിക്കുന്നത് തീര്‍ത്തും അനുചിതമാണെന്ന വാദവുമായി പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന സി.പി.എം രംഗത്തെത്തിയതോടെയാണ് ഇവിടെ നടത്താനിരിക്കുന്ന നിര്‍മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ടുളള വിവാദം ചൂട് പിടിക്കുന്നത്. ഹാളിന്റെ നിര്‍മാണത്തിനായി ലോകബാങ്ക് അനുവദിച്ച 22 ലക്ഷം രൂപ വകമാറ്റി ചെലവഴിക്കാന്‍ കഴിഞ്ഞ ദിവസം പഞ്ചായത്ത് കമ്മിറ്റിയില്‍ തീരുമാനമായിരുന്നു. എന്നാല്‍ തീരത്തെ നിര്‍മാണം ഉപേക്ഷിച്ചിട്ടില്ലെന്ന് പഞ്ചായത്ത് അധികൃതര്‍ വ്യക്തമാക്കിയിരുന്നു. ഈ നീക്കം പൂര്‍ണ്ണമായും ഉപേക്ഷിക്കണമെന്നാണ് പുഴയോരത്ത് വെള്ളം കയറിയത് ചൂണ്ടിക്കാട്ടി സി.പി.എം ആവശ്യപ്പെടുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."