കാറിന്റ ഹോണടിച്ചതിന് ക്വട്ടേഷന്‍: അഭിഭാഷകന്റെ മുന്‍കൂര്‍ ജാമ്യം തള്ളി
തൃശൂര്‍: കാറിന്റെ ഹോണടിച്ചതിന് എന്‍ജിനീയറുടെ കൈ തല്ലിയൊടിക്കാന്‍ ക്വട്ടേഷന്‍ നല്കിയ കേസില്‍ പ്രതിയായ അഭിഭാഷകന് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യ ഹരജി ജില്ലാ സെഷന്‍സ് കോടതി തള്ളി. അഡ്വ. വാക്കത്ത് ജ്യോതിഷ് സമര്‍പ്പിച്ച ഹരജിയാണ് ജഡ്ജി ആനിജോണ്‍ തള്ളിയത്. ജാമ്യം നല്‍കരുതെന്ന പ്രോസിക്യൂഷന് വാദം കോടതി അംഗീകരിക്കുകയായിരുന്നു. അഭിഭാഷകനെതിരെ ശക്തമായ തെളിവുകളാണ് പൊലിസ് കോടതിയില്‍ ഹാജരാക്കിയത്. സംഭവ സ്ഥലത്ത് വച്ച് അഭിഭാഷകന് നെല്‍സണ്‍ എന്നയാളെ ഫോണില്‍ വിളിക്കുകയും ഇയാള്‍ സാബു വില്‍സണ്‍, അജീഷ് എന്നിവരെ വിളിച്ച് ക്വട്ടേഷന്‍ നല്‍കുകയുമായിരുന്നു. കേസില്‍ നെല്‍സണ്‍ നാലാം പ്രതിയാണ്. സാബു വില്‍സണും അജീഷും ഒന്നും രണ്ടും പ്രതികളും. കൃത്യം നടത്തിയ പ്രതികള്‍ നെല്‍സണില്‍ നിന്ന് 10000 രൂപ വാങ്ങിയെന്നും പൊലിസ് ഹാജരാക്കിയ തെളിവുകളില്‍ പറയുന്നു. ഇതില്‍ 6000 രൂപ പ്രതികള്‍ ചെലവാക്കിയതായും ബാക്കി തുക പോലിസ് കണ്ടെടുത്തതായും പ്രോസിക്യൂഷന് സമര്‍ഥിച്ചു.
കൂര്‍ക്കഞ്ചേരിയിലെ ഫ്ലാറ്റില്‍ താമസിക്കുന്ന എന്‍ജിനീയര്‍ പുളിക്കത്തറ ഗിരീഷ് കുമാറിന്റെ കൈയാണ് തല്ലിയൊടിച്ചത്. ശക്തന് ബസ് സ്റ്റാന്‍ഡിനടുത്ത ഷോപ്പിംഗ് മാളില്‍ നിന്നു മടങ്ങുമ്പോള്‍ കാറിനു മുന്നില്‍ മാര്‍ഗ തടസ്സമുണ്ടാക്കും വിധം നിര്‍ത്തിയിരുന്ന അഭിഭാഷകന്റെ കാര്‍ മാറ്റാന്‍ ഗിരീഷ് ഹോണ്‍ നീട്ടിയടിച്ചു. ഇതുമായി ബന്ധപ്പെട്ട് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായി. ഗിരീഷ് ഫ്ളാറ്റിലെത്തിയതിനു പിന്നാലെ ഗുണ്ടകള്‍ എത്തി ഫ്ളാറ്റിന്റെ പാര്‍ക്കിംഗ് സ്ഥലത്തുവച്ച് ഇരുമ്പുവടി കൊണ്ട് കൈ തല്ലിയൊടിക്കുകയായിരുന്നു. ഈസ്റ്റ് എസ് ഐ. ജിജോയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടര്‍ കെ ഡി ബാബു ഹാജരായി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."