ഭാരതപ്പുഴയില്‍ വന്‍ കൈയേറ്റം ലക്ഷക്കണക്കിന് രൂപയുടെ മരങ്ങള്‍ വെട്ടിമാറ്റിയതായി പരാതി
ദേശമംഗലം: കറ്റുവട്ടൂരില്‍ ഭാരതപ്പുഴയുടെ ഒന്നര ഏക്കര്‍ സ്ഥലം സ്വകാര്യ വ്യക്തികള്‍ കൈയേറി ഇടിച്ച് നിരത്തി കെട്ടി സ്വന്തമാക്കാന്‍ ശ്രമം നടക്കുന്നതായി പരാതി. പുഴ സംരക്ഷണത്തിന്റെ ഭാഗമായി വിദ്യാര്‍ഥികളും പരിസ്ഥിതി സ്‌നേഹികളും നട്ട് പിടിപ്പിച്ച് സംരക്ഷിച്ച് വന്നിരുന്ന ലക്ഷകണക്കിന് രൂപയുടെ മരങ്ങള്‍ വെട്ടിമാറ്റി വിറ്റഴിച്ചതായും കണ്ടെത്തി. മരങ്ങളുടെ കടഭാഗങ്ങളും മറ്റ് അവശിഷ്ടങ്ങളും പുഴയില്‍ തള്ളി.
ഇത് മൂലം പുഴയുടെ നീരൊഴുക്ക് തന്നെ തടസപ്പെട്ട നിലയിലാണ്. തീരം ഇടിച്ച് നിരത്തി സ്വന്തമാക്കാനും ശ്രമം നടത്തിയിട്ടുണ്ട്. നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയപ്പോള്‍ റവന്യൂ അധികൃതരുടെ അനുമതിയോടെയാണ് സ്ഥലം കെട്ടി സംരക്ഷിക്കുന്നതെന്ന് പറഞ്ഞ് തങ്ങളെ മടക്കി വിട്ടുവെന്ന് നാട്ടുകാര്‍ പറയുന്നു. ദേശമംഗലം കേന്ദ്രമായി പ്രവര്‍ത്തിയ്ക്കുന്ന ഗ്രീന്‍ എന്ന പരിസ്ഥിതി സംഘടന പ്രശ്‌നത്തില്‍ ഇടപെട്ടതോടെയാണ് വന്‍ കൈയേറ്റം പുറംലോകം അറിയുന്നത്. സംഘടനാ ഭാരവാഹികളായ ഷെക്കീര്‍ , മുസ്തഫ, മനോജ് എന്നിവരും ദേശമംഗലം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സലീമും കൈയേറ്റത്തിനെതിരേ ഇറിഗേഷന്‍, റവന്യൂ , പഞ്ചായത്ത് അധികാരികള്‍ക്ക് പരാതി നല്‍കി.
കെ.എം സലീം സ്ഥലത്തെത്തി ദൃശ്യങ്ങള്‍ ചിത്രീകരിച്ച് തന്റെ ഫെയ്‌സ് ബുക്ക് പേജിലും പോസ്റ്റ് ചെയ്തു. ഇതോടെ കൈയേറ്റക്കാര്‍ പിന്‍ വാങ്ങിയ സ്ഥിതിയാണ്. എന്നാല്‍ മരം മുറിച്ച് വിറ്റവര്‍ക്കെതിരേ ശക്തമായ നടപടി വേണമെന്നാണ് പരിസ്ഥിതി പ്രവര്‍ത്തകരുടെ ആവശ്യം. അതിന്‌നടപടി ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്ന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.എം സലീമും ഗ്രീന്‍ ഭാരവാഹികളും അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."