റോഹിംഗ്യ: നിലപാടില്‍ മാറ്റമില്ലെന്ന് അരുണ്‍ ജയ്റ്റ്‌ലി
ന്യൂഡല്‍ഹി: റോഹിംഗ്യന്‍ അഭയാര്‍ത്ഥികളുടെ വിഷയത്തിലുള്ള കേന്ദ്ര നിലപാടില്‍ മാറ്റമില്ലെന്ന് ആവര്‍ത്തിച്ച് കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. അഭയാര്‍ത്ഥികളെ തിരിച്ചയക്കണമെന്നത് നയപരമായ തീരുമാനമാണെന്നും രാജ്യ സുരക്ഷ മുന്‍നിര്‍ത്തിയുള്ള തീരുമാനമെടുക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അരുണ്‍ ജയ്റ്റ്‌ലി പറഞ്ഞു.
അതേസമയം, ഇന്ധനവില വര്‍ധനവിനെ ന്യായീകരിച്ച് കണ്ണന്താനത്തിന് നിലപാട് അരുണ്‍ ജയ്റ്റ്‌ലിയും ആവര്‍ത്തിച്ചു. വികസനത്തിന് പണം വേണമെന്നും അതെല്ലാം ജനങ്ങളുടെ നികുതിപ്പണത്തില്‍ നിന്നാണെന്നുമായിരുന്നു ജയ്റ്റ്‌ലിയുടെ വാദം. അമേരിക്കയില്‍ വീശിയടിച്ച ഇര്‍മ കൊടുങ്കാറ്റും അമേരിക്കയില്‍ എണ്ണ സംസ്‌കരണത്തിലുണ്ടായ ഇടിവും ഇന്ധന വില വര്‍ധനവിന് കാരണമായി. വിമര്‍ശനം ഉന്നയിക്കുന്ന കോണ്‍ഗ്രസും സി.പി.എമ്മും ഭരിക്കുന്ന സംസ്ഥാനങ്ങള്‍ നികുതി വരുമാനം കുറക്കാന്‍ എന്തുകൊണ്ട് തയാറാകുന്നില്ലെന്നും ജയ്റ്റ്‌ലി ചോദിച്ചു.
നേരത്തെ കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനവും ഇന്ധന വില വര്‍ധനവിനെ ന്യായീകരിച്ച് രംഗത്തുവന്നിരുന്നു. വാഹനങ്ങള്‍ ഉപയോഗിക്കുന്നത് പട്ടിണിപ്പാവങ്ങളല്ലെന്നും പെട്രോളില്‍ നിന്നുള്ള നികുതിപ്പണം ഉപയോഗിച്ചാണ് ശൗചാലയ നിര്‍മാണവും മറ്റു വികസന പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതെന്നുമായിരുന്നു കണ്ണന്താനത്തിന്റെ വാദം. ഇതിനെതിരേ സോഷ്യല്‍ മീഡിയയില്‍ വ്യാപക പരിഹാസമാണുയര്‍ന്നിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."