പുലിവാല്‍ ജി.എസ്.ടി
നാട്ടുമ്പുറത്തുകാര്‍ കോഴിക്കോട്ടങ്ങാടിയിലെത്തിയാല്‍ നഗരത്തിലെ പ്രധാന ഹോട്ടലിലെത്തി പൊറോട്ടയും ചായയും കഴിക്കുന്ന പതിവുണ്ട്. ഇത് പണ്ടേക്കുപണ്ടേ തുടര്‍ന്നു വരുന്ന ഒരു ആചാരംപോലുള്ള സ്വഭാവമാണ്. വിമാനത്താവളത്തിലേക്ക് യാത്രയയക്കാനായാലും നഗരത്തിലെ ആശുപത്രിയില്‍ രോഗീസന്ദര്‍ശനത്തിനെത്തിയാലും കാര്യമെന്തിനു വന്നാലും കോഴിക്കോട്ടെ ഹോട്ടലിലെ ചായ ഞങ്ങള്‍ക്കൊരു പഥ്യമാണ്. കൈയില്‍ അത്യാവശ്യം കാശുള്ളോരും അല്ലാത്തോരുമൊക്കെ ഈ ചടങ്ങ് നടത്താതെ ഈ മഹാനഗരം വിടാറേയില്ല. കോഴിക്കോട്ടുകാരുടെ രുചിപ്പെരുമയെപ്പറ്റി അറിയുന്നോര്‍ക്കെല്ലാം ഇവിടുന്നെന്തെങ്കിലുമൊക്കെ ശാപ്പിടാതെ വെറുതേയങ്ങ് പോകാനൊക്കില്ല.
സംഗതികള്‍ അത്തരത്തില്‍ നിര്‍ബാധം തുടരുന്നതിനിടെയാണ് രാജ്യത്തെ മഹാമന്ത്രി മോദിജിയുടെ നേതൃത്വത്തില്‍ കേന്ദ്രം വാഴുന്നോര്‍ ജനസേവനത്തിന്റെ പുതിയ മുദ്രാവാക്യവുമായി രംഗത്തെത്തിയത്. ഒരൊറ്റ ജനത ഒരൊറ്റ നികുതി. ഭാരത ജനസാമാന്യത്തെ കോരിത്തരിപ്പിച്ച ആ മുദ്രാവാക്യം കോഴിക്കോട്ടുകാര്‍ക്കും ആവേശമായി. ഒറ്റ നികുതി വന്നാല്‍ സാധനസാമഗ്രികള്‍ക്കൊക്കെയും കാശു കുറയുമെന്നും കച്ചോടക്കാര്‍ക്കും നാട്ടാര്‍ക്കുമൊക്കെ അത് ബഹു മെച്ചമാണെന്നൊക്കെയും പത്രത്തിലും പരസ്യത്തിലും ടീവീലും മൂവീലുമൊക്കെ ആളുകള്‍ കേട്ടുകൊണ്ടേയിരുന്നു. അങ്ങനെ ചരക്കുസേവന നികുതി എന്നു വരും എന്നു വരുമെന്ന് കാത്തുകാത്തു നാട്ടുകാരിരിപ്പായി.
കോഴിക്കോട്ടുകാരുടെ പ്രധാന ഭക്ഷ്യവിഭവമായ കോഴിബിരിയാണിയില്‍ തന്നെയായിരുന്നു ജി.എസ്.ടിയുടെ വലിയ പ്രതീക്ഷ. കോഴീന്റെ വില ജി.എസ്.ടി വന്നാല്‍ എന്തായാലും കുറയുമെന്ന് മന്ത്രി തോമസ് ഐസക്ക് സാറ് ഉറപ്പിച്ച് പറഞ്ഞത് കോഴിക്കോട്ടുകാര്‍ക്ക് വലിയ ആവേശമുണ്ടാക്കി. അങ്ങനെ നാട്ടുകാരുടെ പ്രതീക്ഷകളെ ഇളക്കിമറിച്ച് ജി.എസ്.ടി വന്നു. പിറ്റേന്ന് കൊട്ടയും വട്ടിയുമായി അങ്ങാടിയിലെത്തിയ നാട്ടുകാര്‍ ഞെട്ടി. ഇടിവെട്ടേറ്റവനെ പാമ്പു കടിച്ചതു പൊലുള്ള അവസ്ഥ. നേരത്തെ സാധനങ്ങള്‍ വാങ്ങി അതിന്റെ കാശു കൊടുത്താല്‍ മതിയായിരുന്നു. ഇപ്പോ അതും കൊടുക്കണം പുറമേ ജി.എസ്.ടിയും വേണം പോലും.
സംഭവമേതുമറിയാതെ നമ്മുടെ നാട്ടുമ്പുറക്കാരും ഹോട്ടലിലെത്തി. വിശാലമായി കൈയും മുഖവും കഴുകി. വൃത്തിയും വെടിപ്പുമുള്ളൊരിടം നോക്കി നാലുപേരുമിരുന്നു. സപ്ലയറെത്തി പുഞ്ചിരിച്ചു. സമയം വൈകാതെ ഇഷ്ട വിഭവത്തിനു തന്നെ ഓര്‍ഡര്‍ ചെയ്തു. പൊറോട്ടയും മീന്‍ കറിയും. കൂട്ടത്തിലൊരുവന്‍ സസ്യാഹാരിയായതിനാല്‍ അവനു പൊറോട്ടയും ബാജിയും.നല്ല മൊരിഞ്ഞ വിശാലമായ പൊറോട്ടയ്ക്ക് പ്രസിദ്ധമാണാ ഭോജനാലയം. വൃത്തിയും വെടിപ്പുമായി മുന്നിലുള്ളതെല്ലാം നാലുപേരും അകത്താക്കി. പുറമേ പാലൊഴിച്ച നല്ല ചുടു ചായയും സേവിച്ചു.
ശാപ്പാടു കഴിഞ്ഞ് കൈകഴുകി ചുണ്ടു തോര്‍ത്തുമ്പൊഴെക്കും കൂട്ടത്തില്‍ മുതിര്‍ന്ന കാര്‍ണോര്‍ ചീട്ട് കൈക്കലാക്കിയിരുന്നു. ബില്ലടക്കാനായി അങ്ങേര് കണ്ണട മൂക്കില്‍ ശരിയാക്കി വച്ച് സൂക്ഷ്മപരിശോധന നടത്തിയപ്പഴേ എന്തോ പന്തികേട് തോന്നിയിരുന്നു. ബില്ലില്‍ പൊറോട്ടയുണ്ട് കറിയുണ്ട് ചായയുണ്ട് അവയുടെ പുറമേ വേറെ എന്തോ രണ്ടു സാധനങ്ങളുടെ കാശ്കൂടി എഴുതീട്ടുണ്ട്. എന്താണെന്നറിയാതെ കാര്‍ണോര്‍ അന്ധം വിട്ട് നില്‍ക്കുന്നതിനിടെ കൂട്ടത്തിലെ ചെറുപ്പക്കാരന്‍ ബില്ല് വാങ്ങിപ്പരിശോധിച്ച് പറഞ്ഞു. ഇക്കാ ഇത് ഒന്ന് ജി.എസ്.ടി മറ്റേത് സി.എസ്.ടി രണ്ടും കൂട്ടി സംഖ്യ ഇരുന്നൂറിനടുത്ത്. തിന്നതിന് ബില്ല് വേറെ. ചായകുടിച്ചതിന് നികുതി കൊടുക്കണമെന്ന അറിവ് കര്‍ണോര്‍ക്ക് എത്ര ആലോചിച്ചിട്ടും പിടുത്തം കിട്ടിയില്ല. ആള്‍ക്കാരുടെ മുന്നില്‍ നാണം കെടേണ്ടെന്ന് കരുതി ബില്ലിലെ കാശുമടച്ച് നാട്ടുമ്പുറത്തുകാര്‍ സ്ഥലം വിട്ടു.
ഹോട്ടലുകള്‍ക്ക് പന്ത്രണ്ടു മുതല്‍ 28 ശതമാനം വരേ നികുതി ഏര്‍പ്പെടുത്തിയ വിവരമൊന്നും പാവങ്ങള്‍ അറിഞ്ഞതേയില്ല. മോദിജിയുടെ എന്തെല്ലാം പരീക്ഷണങ്ങള്‍ ഇനിയീ ഭാരതവാസികള്‍ കണ്ടും അനുഭവിച്ചും തീര്‍ക്കേണ്ടിയിരിക്കുന്നു. എന്നിട്ടും ജി.എസ്.ടി നഷ്ടക്കച്ചോടമായിരുന്നുവെന്ന പരിഭവമാണ് കേന്ദ്രം വാഴുന്നോര്‍ പറയുന്നതത്രെ. കാര്യങ്ങള്‍ ഇങ്ങനെയൊക്കെയായ സ്ഥിതിക്ക് സമൂഹമാധ്യമങ്ങളില്‍ വൈറലായൊരു കഥ ഒന്നു കൂടി ആവര്‍ത്തിച്ച് വിരമിക്കാം.
2014 മെയ് 16ന് ബി.ജെ.പിയുടെ വന്‍ വിജയത്തില്‍ മതിമറന്ന് സന്തോഷിച്ച ഒരു മോദി ഭക്തന്‍ ബോധരഹിതനായി. പിന്നീട് അദ്ദേഹം ഞെട്ടിയുണര്‍ന്നത് 22 മാസങ്ങള്‍ക്ക് ശേഷമാണ്. ബോധം തിരികെക്കിട്ടിയ അദ്ദേഹം തന്നെ പരിചരിച്ച ഡോക്ടറോട് ഒറ്റ ശ്വാസത്തില്‍ പത്തു പതിമൂന്നു ചോദ്യങ്ങളാണുന്നയിച്ചത്.
1. മോദിജി അഴിമതി മുഴുവന്‍ തുടച്ചു നീക്കി അല്ലേ?
2. റോബര്‍ട്ട് വാദ്ര ഇപ്പോള്‍ ഏതു ജയിലിലാണ്?
3. രാഹുലും സോണിയയും ജയിലിലാണോ അതോ ഇറ്റലിയിലേക്ക് മുങ്ങിയോ?
4. എനിക്ക് ലക്‌നൗവില്‍ പോകണം പ്ലെയിനാണോ ബുള്ളറ്റ് ട്രെയിനാണോ ഉള്ളത്
5. സ്വിസ് ബാങ്കില്‍ നിന്നും എത്ര കള്ളപ്പണം കിട്ടി?
6. യു.എസ് ഡോളറിന് ഇപ്പോള്‍ 12 രൂപയോ 16 രൂപയോ?
7. പെട്രോള്‍ 65ല്‍ നിന്ന് ഇപ്പോള്‍ 14 രൂപയോ 18 രൂപയോ?
8. പാചക ഗ്യാസ് 400 രൂപയില്‍ നിന്ന് ഇപ്പോള്‍ 200 രൂപയായോ?
9. ഉള്ളിയും പയറും പച്ചക്കറികളുമൊക്കെ യഥേഷ്ടടം മോദിജി വില കുറച്ചതിനാല്‍ എല്ലാവരും വലിയ ആനന്ദത്തിലായിരിക്കുമല്ലോ!
10. പാകിസ്താന്‍ ആകെ ഭയന്ന് വിരണ്ടിരിക്കുകയായിരിക്കുമല്ലോ!
11. എല്ലാവര്‍ക്കും 15 ലക്ഷം വീതം മോദിജിയില്‍ നിന്നും കിട്ടിയിട്ടുണ്ടാവുമല്ലോ!
12. അപ്പോള്‍ ദാരിദ്ര്യം മുഴുവന്‍ മാറി എല്ലാവരും ആനന്ദനൃത്തം ചെയ്യാന്‍ തുടങ്ങിക്കാണുമല്ലൊ!
13. അമേരിക്കയില്‍ നിന്നും ഇംഗ്ലണ്ടില്‍ നിന്നുമൊക്കെ ഇപ്പോള്‍ ഇന്ത്യയിലേക്ക് വീട്ടുജോലിക്ക് ആളുകള്‍ വന്നു തുടങ്ങിയോ?
ചോദ്യങ്ങള്‍ ഇത്രയുമായപ്പൊഴെക്കും കേട്ട ഡോക്ടര്‍ ബോധരഹിതനായി. മോദി ഭക്തന്‍ ആഗ്രയിലെ ഭ്രാന്താശുപത്രിയിലും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."