പവര്‍ബാങ്ക് ബോംബായി; യാത്രക്കാരന്‍ തീവ്രവാദിയും
കാസര്‍കോട്: ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരന്റെ കൈയിലുണ്ടായിരുന്ന പവര്‍ ബാങ്ക് ബോംബാണെന്ന് തെറ്റിദ്ധരിച്ചത് മംഗളൂരു അന്താരഷ്ട്ര വിമാനത്താവളത്തില്‍ ഭീതിപരത്തി.
കഴിഞ്ഞ ദിവസം കണ്ണൂരില്‍ നിന്ന് ദുബൈയിലേക്ക് പോകാനെത്തിയ യാത്രക്കാരനാണ് ഇത് കാരണം ദുരിതം അനുഭവിക്കേണ്ടി വന്നത്. പവര്‍ ബാങ്ക് ബോബാണെന്നു ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിച്ചതോടെ വാര്‍ത്ത കാട്ടുതീപോലെ പടരുകയായിരുന്നു.
സംഭവം അറിഞ്ഞതോടെ ചാനലുകളും മാധ്യപ്രവര്‍ത്തകരും വിമാനത്താവളത്തിലേക്ക് വച്ച് പിടിക്കുകുകയും ചെയ്തു. സത്യാവസ്ഥ തെളിയുന്നതിന് മുന്‍പായി തന്നെ മംഗളൂരു വിമാനത്താവളത്തില്‍ സെല്‍ഫോണ്‍ ബോംബുമായി ഭീകരവാദി പിടിയിലെന്ന വാര്‍ത്തയും ചില ചാനലുകള്‍ നല്‍കുകയും ചെയ്തു.
വിമാനത്താവള അധികൃതര്‍ ഒടുവില്‍ വിശദീകരണവുമായി രംഗത്ത് വന്നതോടെയാണ് ബോംബ് ഭീഷണി ഒഴിവായത്. മൊബൈല്‍ ഫോണ്‍ ചാര്‍ജ് ചെയ്യാന്‍ ഉപയോഗിക്കുന്ന പവര്‍ ബാങ്ക് കസ്റ്റംസ് ഉദ്യോഗസ്ഥര്‍ ബോംബാണെന്ന് സംശയിച്ചതിനെ തുടര്‍ന്നാണ് യാത്രക്കാരനെ കസ്റ്റഡിയില്‍ എടുത്തതെന്നും മറ്റു തരത്തിലുള്ള വാര്‍ത്തകള്‍ തെറ്റാണെന്നും വിമാനത്താവള ഡയറക്ടര്‍ വി.വി റാവു വ്യക്തമാക്കിയതോടെയാണ് വിമാനത്താവളത്തില്‍ ഉണ്ടായിരുന്നവര്‍ക്കും യാത്രക്കാരനും ശ്വാസം നേരെ വീണത്. ഇതിനിടെ പൊലിസ്, ബോംബ് സ്‌ക്വാഡ് എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
യാത്രക്കാരനില്‍ നിന്ന് ബോംബ് കണ്ടെത്തിയതോടെ വിമാനം പുറപ്പെടാന്‍ വൈകിയെന്നും മറ്റും പൊടിപ്പും തൊങ്ങലും വച്ച് ചില പ്രമുഖ ദേശീയ മാധ്യമങ്ങളും വാര്‍ത്ത നല്‍കി. പവര്‍ ബാങ്കിന്റെ ലൈറ്റ് തെളിഞ്ഞു നിന്നതാണ് ബോംബെന്ന് തെറ്റിദ്ധരിച്ച് ഉദ്യോഗസ്ഥര്‍ യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാനിടയാക്കിയത്. വിമാനത്താവളത്തില്‍ നിന്ന് ബോംബ് സ്‌ക്വാഡിനെ വിളിച്ചതാണ് ഇത്തരത്തില്‍ വാര്‍ത്ത പരക്കാന്‍ ഇടയാക്കിയതെന്നു മംഗളൂരു പൊലിസ് കമ്മിഷണര്‍ പി.എസ്.സുരേഷ് പറഞ്ഞു. ഒരു മണിക്കൂറോളം യാത്രക്കാരനെ ഇവര്‍ കസ്റ്റഡിയില്‍ ചോദ്യം ചെയ്തപ്പോഴേക്കും ഇയാള്‍ക്ക് പോകാനുള്ള വിമാനം ദുബൈയിലേക്ക് പറന്നിരുന്നു.
തുടര്‍ന്ന് ഇയാളെ മറ്റൊരു വിമാനത്തിലാണ് ദുബൈയിലേക്ക് അധികൃതര്‍ കയറ്റി വിട്ടത്. റിപ്പബ്ലിക് ടിവി, ടൈംസ് നൗ ചാനലുകളാണ് സെല്‍ഫോണ്‍ ബോംബുമായി തീവ്രവാദി പിടിയിലായി എന്ന തരത്തില്‍ വാര്‍ത്ത നല്‍കി ആളുകളെ ഭീതിയിലാക്കിയത്.
ഇതിന് മുന്‍പും മംഗളൂരു വിമാനത്താവളത്തില്‍ സമാന സംഭവങ്ങള്‍ അരങ്ങേറിയിരുന്നു. അന്ന് കാസര്‍കോട് കുമ്പള ഷിറിയ സ്വദേശിയായ യാത്രക്കാരനാണ് ഉദ്യോഗസ്ഥരുടെ പീഡനത്തിന് ഇരയായത്. ഇയാളുടെ ബാഗില്‍ ഉണ്ടായിരുന്ന ടാബ് ബോംബെന്ന് തെറ്റിദ്ധരിച്ച് കസ്റ്റഡിയിലെടുത്തിരുന്നു.
രണ്ടു മാസം മുമ്പ് ഖത്തറിലേക്ക് പോവുകയായിരുന്ന സ്ത്രീയെയും കുട്ടിയെയും തടഞ്ഞു വച്ച സംഭവവും അരങ്ങേറിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."