ഒളിവിലായിരുന്ന ക്വട്ടേഷന്‍ സംഘത്തലവനും കൂട്ടാളിയും പിടിയില്‍
മലപ്പുറം: വര്‍ഷങ്ങളായി ഒളിവിലായിരുന്ന തിരുവനന്തപുരത്തെ കുപ്രസിദ്ധ ക്വട്ടേഷന്‍ സംഘത്തലവനെയും കൂട്ടാളിയെയും മലപ്പുറം പൊലിസ് സ്‌പെഷല്‍ സ്‌ക്വാഡ് അറസ്റ്റ് ചെയ്തു.
ക്വട്ടേഷന്‍ സംഘത്തലവനായ തിരുവനന്തപുരം നെട്ടൈകോണം സ്വദേശി പുതുവല്‍ പുത്തന്‍വീട്ടില്‍ രതീഷ് എന്ന കുടുക്ക രതീഷ് (39), സംഘാംഗം തിരുവനന്തപുരം കണിയാപുരം സ്വദേശി ചിറക്കല്‍ ആറ്റരികത്ത് വീട്ടില്‍ അജയന്‍ (34) എന്നിവരെയാണ് ഇന്നലെ പുലര്‍ച്ചെ തിരുവനന്തപുരം കഠിനംകുളത്തുനിന്ന് അറസ്റ്റ് ചെയ്തത്.
2002ല്‍ മലപ്പുറത്തെ സര്‍ക്കാര്‍ വിദേശ മദ്യ ഷോപ്പിലെ ജീവനക്കാരെ സ്‌ഫോടക വസ്തുക്കളും വടിവാളടക്കമുള്ള മാരകായുധങ്ങളുമായി ആക്രമിച്ച് പണവും മദ്യവും കവര്‍ച്ച ചെയ്ത കേസിലെ പ്രതികളാണ് ഇവര്‍. അറസ്റ്റിലായ ശേഷം ജാമ്യത്തിലിറങ്ങി പൊലിസിന് പിടി കൊടുക്കാതെ വര്‍ഷങ്ങളായി തിരുവനന്തപുരത്തെ വിവിധ സ്ഥലങ്ങളിലായി ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു ഇവര്‍. താമസ സ്ഥലത്തേക്ക് ഇവരെത്തേടി ആരും എത്താതിരിക്കാന്‍ വിദേശ ഇനത്തില്‍ പെട്ട നായ്ക്കളെയും വളര്‍ത്തിയിരുന്നു. കൂടാതെ കോളനിയില്‍ അപരിചിതരാരെങ്കിലും വന്നാല്‍ ഉടനടി വിവരം ലഭിക്കുന്നതിനും രക്ഷപ്പെടാനുമുള്ള സംവിധാനവും ഇവര്‍ക്കുണ്ടായിരുന്നതായി പൊലിസ് പറഞ്ഞു.
പ്രതികളെ മഞ്ചേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഹാജരാക്കി. മലപ്പുറം ജില്ലാ പൊലിസ് മേധാവി ദേബേഷ് കുമാര്‍ ബെഹ്‌റയുടെ പ്രത്യേക നിര്‍ദേശപ്രകാരം മലപ്പുറം എസ്.ഐ ബി.എസ്. ബിനു നിയോഗിച്ച സ്‌പെഷല്‍ സ്‌ക്വാഡ് അംഗങ്ങളായ സ്രാമ്പിക്കല്‍ മുഹമ്മദ് ഷാക്കിര്‍, എന്‍.എം. അബ്ദുല്ല ബാബു, ഉണ്ണികൃഷ്ണന്‍, ഷമീര്‍ ഹുസൈന്‍ എന്നിവരാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."