കരി ഓയില്‍ ഒഴിച്ചവരെ മര്യാദ പഠിപ്പിച്ച് കേശവേന്ദ്ര കുമാര്‍
തിരുവനന്തപുരം: ദേഹത്ത് കരി ഓയില്‍ ഒഴിച്ചതിന് ശിക്ഷിക്കപ്പെട്ടവരോടുള്ള ശത്രുത വെടിഞ്ഞ്, അവരെ പുതുജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തി യുവ ഐ.എ.എസ് ഓഫിസര്‍ കേശവേന്ദ്രകുമാര്‍.
2012 ഫെബ്രുവരിയിലാണ് അന്ന് ഹയര്‍ സെക്കന്‍ഡറി ഡയറക്ടറായിരുന്ന കേശവേന്ദ്രകുമാറിന്റെ ശരീരത്തില്‍ കെ.എസ്.യു പ്രവര്‍ത്തകര്‍ കരി ഓയില്‍ ഒഴിച്ചത്. പ്ലസ്‌വണ്‍ ഫീസ് വര്‍ധനയില്‍ പ്രതിഷേധിച്ച് സമരത്തിനെത്തിയ കെ.എസ്.യുക്കാര്‍ ഓഫിസിനുള്ളില്‍ പ്രവേശിച്ച് ചര്‍ച്ച നടത്തിക്കൊണ്ടിരിക്കെ കരി ഓയില്‍ ഒഴിക്കുകയായിരുന്നു.
തിരുവനന്തപുരം എന്‍ജിനിയറിങ് കോളജിലെ വിദ്യാര്‍ഥികളായിരുന്നു ഏറെ വിവാദമായ ഈ സംഭവത്തിലെ പ്രതികള്‍. കോഴ്‌സ് കഴിഞ്ഞ് പുറത്തിറങ്ങിയ വിദ്യാര്‍ഥികള്‍ കേസുമായി കോടതിയുമായി അലഞ്ഞു. ഇതോടെ ഇവരുടെ ഭാവി ഇരുടളഞ്ഞു.
ഇതിനിടെ കേശവേന്ദ്രകുമാര്‍ വയനാട് കലക്ടറായി. രക്ഷകര്‍ത്താക്കള്‍ മക്കളെയും കൂട്ടി വയനാട്ടിലെത്തി കേശവേന്ദ്രകുമാറിനെ കണ്ടു. കുട്ടികളുടെയും രക്ഷകര്‍ത്താക്കളുടെയും സങ്കടത്തില്‍ മനസലിഞ്ഞ കേശവേന്ദ്രകുമാര്‍ കേസ് പിന്‍വലിക്കാന്‍ നിബന്ധന വച്ചു.
സാമൂഹിക സേവനം ചെയ്ത് നല്ല മനസിന് ഉടമയാണെന്ന് ഓരോരുത്തരും തെളിയിക്കണമെന്നതായിരുന്നു നിബന്ധന. ഇതേത്തുടര്‍ന്ന് പ്രതിചേര്‍ക്കപ്പെട്ടവര്‍ മാനസികാ രോഗ്യ കേന്ദ്രത്തിലും സര്‍ക്കാര്‍ ആശുപത്രികളും ശുചീകരണം നടത്തിയും സൗജന്യ ഭക്ഷണം വിതരണം ചെയ്തും സാമൂഹ്യ സേവനത്തില്‍ ഏര്‍പ്പെട്ടു. ഡോക്ടര്‍മാര്‍ ഇവരുടെ സേവനം സാക്ഷ്യപ്പെടുത്തി സര്‍ട്ടിഫിക്കറ്റും നല്‍കി. ഇതോടെ കേശവേന്ദ്രകുമാര്‍ ഇവര്‍ക്ക് അനുകൂലമായി സര്‍ക്കാരിന് കത്തയച്ചു. അവര്‍ക്ക് തെറ്റ് ബോധ്യപ്പെട്ടെന്നും ഇനി കേസ് പിന്‍വലിക്കാമെന്നുമായിരുന്നു ഉള്ളടക്കം.
അന്ന് കെ.എസ്.യുവിന് വേണ്ടി സമരം നടത്തിയെങ്കിലും പിന്നീട് ഇവരുടെ രക്ഷയ്ക്ക് ആരും വന്നില്ല. കേശവേന്ദ്രകുമാര്‍ എന്ന നല്ല മനുഷ്യന്‍ തങ്ങളുടെ മക്കളുടെ ഭാവി കാത്തുവെന്നാണ് രക്ഷകര്‍ത്താക്കള്‍ പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."