ശബരിമല വിമാനത്താവളം: ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടന്റ്
തിരുവനന്തപുരം: ശബരിമല തീര്‍ഥാടകരുടെ സൗകര്യാര്‍ഥം ചെറുവള്ളി എസ്റ്റേറ്റില്‍ നിര്‍മിക്കുന്ന പുതിയ വിമാനത്താവളത്തിന്റെ സാങ്കേതിക, സാമ്പത്തിക സാധ്യതാപഠനത്തിനും പരിസ്ഥിതി ആഘാത പഠനത്തിനും ലൂയിസ് ബര്‍ഗര്‍ കണ്‍സള്‍ട്ടിങ് പ്രൈവറ്റ് ലിമിറ്റഡിനെ നിയോഗിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ഒന്‍പത് മാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. ഈ പദ്ധതി നടപ്പാക്കുന്നതിന് കേന്ദ്രസര്‍ക്കാരിന്റെ വിവിധ വകുപ്പുകളില്‍നിന്നും ഏജന്‍സികളില്‍നിന്നുമുളള അനുമതി ലഭിക്കാനുളള നടപടിക്രമങ്ങള്‍ നിശ്ചിത സമയത്തിനകം പൂര്‍ത്തിയാക്കാനുളള ചുമതല കണ്‍സള്‍ട്ടന്റിനായിരിക്കും.
ഇവിടെ വിമാനത്താവളം നിര്‍മിക്കുന്നതിന്റെ സാങ്കേതിക വശങ്ങള്‍, പാരിസ്ഥിതിക സവിശേഷതകള്‍, വിമാനത്താവളത്തിന്റെ സാമ്പത്തിക പ്രായോഗികത എന്നിവയായിരിക്കും പ്രധാനമായി പരിശോധിക്കുക.
വിമാനത്താവളം നിലവില്‍ വന്നാല്‍ ഉപയോഗപ്പെടുത്തുന്ന യാത്രക്കാരുടെ എണ്ണവും പഠനത്തിന്റെ ഭാഗമായിരിക്കും. പത്തനംതിട്ട, കോട്ടയം ജില്ലകളിലെ എത്ര പ്രവാസികള്‍ ഉപയോഗപ്പെടുത്തുമെന്നു പരിശോധിക്കും.
അതിര്‍ത്തി സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ ഉപയോഗപ്പെടുത്തുമോ എന്നും പരിശോധിക്കും. ഇതിന്റെയൊക്കെ കണക്ക് അടിസ്ഥാനപ്പെടുത്തിയായിരിക്കും രാജ്യാന്തര വിമാനത്താവളമാണോ ആഭ്യന്തര വിമാനത്താവളമാണോ നിര്‍മിക്കേണ്ടതെന്ന് തീരുമാനിക്കുക. ഇതില്‍ വിദേശയാത്രക്കാരുടെ കണക്കായിരിക്കും രാജ്യാന്തര വിമാനത്താവളം വേണമോ എന്നതിന്റെ മുഖ്യ മാനദണ്ഡം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."