യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക നല്കി: വേങ്ങരയില്‍ അങ്കത്തട്ടുണര്‍ന്നു
മലപ്പുറം: വേങ്ങര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ്, എല്‍.ഡി.എഫ് സ്ഥാനാര്‍ഥികള്‍ പത്രിക സമര്‍പ്പിച്ചതോടെ അങ്കത്തട്ടുണര്‍ന്നു. യു.ഡി.എഫ് സ്ഥാനാര്‍ഥി കെ.എന്‍.എ ഖാദര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥി പി.പി.ബഷീര്‍ എന്നിവരാണ് ഇന്നലെ പത്രിക നല്‍കിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ഥി അഡ്വ. കെ.സി നസീര്‍, എല്‍.ഡി.എഫ് സ്ഥാനാര്‍ഥിയുടെ ഡമ്മി കെ.ടി. അലവിക്കുട്ടി എന്നിവരും ഇന്നലെ പത്രിക സമര്‍പ്പിച്ചു. ഇതുവരെ അഞ്ചുപത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്.
ആദ്യദിനം തമിഴ്നാട് സ്വദേശി ഡോ.പത്മരാജന് സ്വതന്ത്ര സ്ഥാനാര്‍ഥിയായി പത്രിക നല്‍കിയിരുന്നു.
പത്രികാ സമര്‍പ്പണത്തിനുള്ള അവസാന തിയതി നാളെയാണ്. യു.ഡി.എഫ് സ്ഥാനാര്‍ഥിയും എസ്.ഡി.പി.ഐ സ്ഥാനാര്‍ഥിയും അസി. റിട്ടേണിങ് ഓഫിസറായ വേങ്ങര ബ്ലോക്ക് ഡെവലപ്പ്മെന്റ് ഓഫിസര്‍ മുന്‍പാകെയും എല്‍.ഡി.എഫ് സ്ഥാനാര്‍ഥി മലപ്പുറത്ത് റിട്ടേണിങ് ഓഫിസര്‍ സജീവ് ദാമോദരന്‍ മുന്‍പാകെയുമാണ് പത്രിക നല്‍കിയത്.
വേങ്ങരയില്‍ ബി.ജെ.പി സ്ഥാനാര്‍ഥിയായി മുന്‍ ജില്ലാ പ്രസിഡന്റ് കെ.ജിനചന്ദ്രന് മാസ്റ്ററെയാണ് പാര്‍ട്ടി പരിഗണിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇന്നുണ്ടായേക്കും. ശോഭാസുരേന്ദ്രന് ഉള്‍പ്പെടെ സംസ്ഥാന നേതാക്കളെ പരിഗണിച്ചിരുന്നുവെങ്കിലും മുതിര്‍ന്ന നേതാക്കളാരും വേങ്ങരയില്‍ മത്സരിക്കാനില്ലെന്ന് അറിയിക്കുകയായിരുന്നു. അതേസമയം ശിവസേന വേങ്ങരയില്‍ പാര്‍ട്ടി ചിഹ്നത്തില്‍ സ്വന്തം സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടുണ്ട്.
ഇന്നലെ വൈകിട്ട് യു.ഡി.എഫ് തെരഞെടുപ്പ് കണ്‍വന്‍ഷനോടു കൂടി പ്രചാരണ പരിപാടികള്‍ക്ക് ചൂടേറി. എല്‍.ഡി.എഫ് കണ്വന്ഷന് ഇന്നു നടക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."