വിദ്യാര്‍ഥിയുടെ കൊലപാതകം: റയാന് സ്കൂള്‍ ഉടമകളുടെ അറസ്റ്റ് സ്റ്റേ ചെയ്യാനാകില്ലെന്ന് ഹൈക്കോടതി
ഗുഡ്ഗാവ് : റയാന് ഇന്റര്‍നാഷണല്‍ സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാര്‍ഥി പ്രദ്യുമന് താക്കൂറിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് സ്കൂള്‍ ഉടമകളുടെ അറസ്റ്റ് സ്റ്റേ ചെയ്യാന്‍ പറ്റില്ലെന്ന് ഹരിയാന- പഞ്ചാബ് ഹൈക്കോടതി. കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ സ്കൂള്‍ ഉടമകളായ റയാന് പിന്റോ, ഗ്രേസ് പിന്റോ, ഫ്രാന്‍സിസ് പിന്റോ എന്നിവരുടെ പേരും ഉള്‍പ്പെട്ടിട്ടുള്ളതിനാലാണ് ഇത്. ഹൈക്കോടതി ഇതുസംബന്ധിച്ച് ഹരിയാന സര്‍ക്കാരിന് നോട്ടിസ് അയച്ചു.
ഈ മാസം 8നാണ് രണ്ടാം ക്ലാസ് വിദ്യാര്‍ഥിയായ പ്രദ്യുമന് താക്കൂര്‍ സ്കൂളിലെ ശുചിമുറിയില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ടത്. സംഭവത്തെ തുടര്‍ന്ന് സ്കൂളിലെ ബസ് ജീവനക്കാരന് അറസ്റ്റിലായിരുന്നു. കേസുമായി ബന്ധപ്പെട്ട് രൂപീകരിക്കപ്പെട്ട പ്രത്യേക അന്വേഷണ സംഘം സ്കൂളിന്റെ സുരക്ഷയില്‍ വലിയ വീഴ്ചയുണ്ടായതായി കണ്ടെത്തിയിരുന്നു. കേസില്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവരെയും പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം ഈ കൊലപാതക കേസ് അന്വേഷണം സര്‍ക്കാര്‍ സി.ബി.ഐക്ക് കൈമാറിയിട്ടുണ്ട്. മൂന്നുമാസത്തേക്ക് സ്കൂളിന്റെ നടത്തിപ്പ് സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടാര്‍ അറിയിച്ചിരുന്നു. ഡെപ്യുട്ടി കമ്മിഷനര്‍ വിനയ് പ്രതാപ് സിങ്ങിനാണ് സ്കൂളിന്റെ ചുമതല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."