സിന്ധു, സൈന, ശ്രീകാന്ത് രണ്ടാം റൗണ്ടില്‍
ടോക്യോ: ഇന്ത്യന്‍ പ്രതീക്ഷകളുമായി കോര്‍ട്ടിലിറങ്ങിയ പി.വി സിന്ധു, സൈന നേഹ്‌വാള്‍, കിഡംബി ശ്രീകാന്ത്, മലയാളി താരം കൂടിയായ എച്.എസ് പ്രണോയ്, സമീര്‍ വര്‍മ എന്നിവര്‍ക്ക് ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്റണില്‍ വിജയത്തുടക്കം. വിജയത്തോടെ അഞ്ച് താരങ്ങളും രണ്ടാം റൗണ്ടില്‍. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ് രാന്‍കിറെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യവും രണ്ടാം റൗണ്ടിലെത്തി.
ദിവസങ്ങള്‍ക്ക് മുന്‍പ് കൊറിയ സൂപ്പര്‍ സീരീസ് കിരീടം നേടി കരുത്തോടെ ഇവിടെ മത്സരിക്കാനിറങ്ങിയ സിന്ധുവിന് ആദ്യ റൗണ്ടില്‍ കനത്ത വെല്ലുവിളി നേരിടേണ്ടി വന്നെങ്കിലും തിരിച്ചടിച്ച് മത്സരം സ്വന്തമാക്കുകയായിരുന്നു.
ജപ്പാന്‍ താരം കൂടിയായ മിനറ്റ്‌സു മിതാനിയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് സിന്ധു മറികടന്നത്. സ്‌കോര്‍: 12-21, 21-15, 21-17. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് സിന്ധു രണ്ട് സെറ്റുകള്‍ തിരിച്ചുപിടിച്ച് വിജയിച്ച് കയറിയത്.
ജപ്പാന്‍ ഓപണില്‍ മികച്ച പ്രകടനം ലക്ഷ്യമിട്ട് കൊറിയ ഓപണില്‍ നിന്ന് പിന്‍മാറിയ സൈന ആദ്യ റൗണ്ടില്‍ അനായസ വിജയം സ്വന്തമാക്കി. തായ്‌ലന്‍ഡ് താരം പോണ്‍പവീ ചൊചൗവാങിനെയാണ് സൈന വീഴ്ത്തിയത്. സ്‌കോര്‍: 21-17, 21-19. രണ്ടാം റൗണ്ടില്‍ സ്പാനിഷ് കരുത്തയായ കരോലിന മരിനാണ് സൈനയുടെ എതിരാളി.
പുരുഷ സിംഗിള്‍സില്‍ ശ്രീകാന്തും ആദ്യ റൗണ്ടില്‍ കടുത്ത പരീക്ഷണം നേരിട്ടു. ചൈനയുടെ ടിയാന്‍ ഹുവേയിയെ വീഴ്ത്തിയാണ് ശ്രീകാന്തിന്റെ മുന്നേറ്റം. ആദ്യ സെറ്റ് നേടുകയും രണ്ടാം സെറ്റില്‍ തിരിച്ചടി നേരിട്ടും നിര്‍ണായക മൂന്നാം സെറ്റ് പിടിച്ചെടുത്തുമാണ് ശ്രീകാന്ത് രണ്ടാം ഘട്ടമുറപ്പാക്കിയത്. സ്‌കോര്‍: 21-15, 12-21, 21-11.
മലയാളി താരം എച്.എസ് പ്രണോയ് ആദ്യ പോരാട്ടത്തില്‍ ഡെന്‍മാര്‍ക് താരം ആന്റേഴ്‌സ് ആന്റന്‍സനെ അനായാസം കീഴടക്കി. സ്‌കോര്‍: 21-12, 21-14. സമീര്‍ വര്‍മയും അനായാസമായി വിജയിച്ചു. തായ്‌ലന്‍ഡ് താരം ഖോസിത് ഫെട്പ്രതാബിനെ 21-12, 21-19 എന്ന സ്‌കോറിനാണ് സമീര്‍ പരാജയപ്പെടുത്തിയത്.
പുരുഷ സിംഗിള്‍സില്‍ സൗരഭ് വര്‍മ, ബി സായ് പ്രണീത് എന്നിവര്‍ ആദ്യ റൗണ്ടില്‍ തന്നെ പരാജയപ്പെട്ട് പുറത്തായി. മിക്‌സഡ് ഡബിള്‍സില്‍ സാത്വിക്‌സായ്‌രാജ് രാന്‍കിറെഡ്ഡി- അശ്വിനി പൊന്നപ്പ സഖ്യം തായ്‌ലന്‍ഡ് സഖ്യം ടിന്‍ ഇസ്‌റിയനെറ്റ്- പചര്‍പുന്‍ ചൊചൗവോങ് സഖ്യത്തെ 21-17, 21-13 എന്ന സ്‌കോറിന് വീഴ്ത്തി രണ്ടാം റൗണ്ടിലെത്തി. അതേസമയം പുരുഷ ഡബിള്‍സ് സഖ്യമായ മനു അത്രി- ബി സുമീത് റെഡ്ഡി സഖ്യവും വനിതാ ഡബിള്‍സ് ജോഡി അശ്വിനി പൊന്നപ്പ- സിക്കി റെഡ്ഡി സഖ്യവും ആദ്യ റൗണ്ടില്‍ തന്നെ പുറത്തേക്കുള്ള വഴി കണ്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."