ആവേശത്തോടെ കൈയടിക്കാം; കപ്പ് നാളെ കൊച്ചിയില്‍ എത്തും
കൊച്ചി: കൗമാരത്തിന്റെ വിശ്വ പേരാട്ടത്തിന് ആവേശം പകരാന്‍ ലോകകപ്പ് ട്രോഫി നാളെ കൊച്ചിയില്‍ എത്തും. ഇന്ത്യയില്‍ ആദ്യമായി അരങ്ങേറുന്ന ഫിഫ ലോകകപ്പ് ജേതാക്കള്‍ക്ക് സമ്മാനിക്കാനുള്ള കപ്പ് മത്സരവേദികളില്‍ ഒന്നായ കൊച്ചിയില്‍ ത്രിദിന പര്യടനം നടത്തും. ഇതോടെ കേരളത്തിന്റെ ഫുട്ബോള്‍ ആവേശം വാനോളമുയരും. നാളെ മുതല്‍ 24 വരെ മൂന്ന് ദിവസങ്ങളില്‍ കൊച്ചിയില്‍ ലോകകപ്പ് ട്രോഫി പ്രദര്‍ശിപ്പിക്കും.
നാളെ രാവിലെ 10.45 ന് കപ്പ് കൊച്ചിയുടെ കളിയരങ്ങായ കലൂര്‍ രാജ്യാന്തര സ്റ്റേഡിയത്തില്‍ എത്തും. കേരളീയ കലാരൂപങ്ങളുടെ അകമ്പടിയോടെ ട്രോഫിയെ വരവേല്‍ക്കും. കായിക മന്ത്രി എ.സി മൊയ്തീന് ഔദ്യോഗികമായി ട്രോഫി അനാവരണം ചെയ്യും. ലോകകപ്പിന്റെ ഔദ്യാഗിക ഗാനാവതരണവും നടക്കും. കൊച്ചി മേയര്‍ സൗമിനി ജെയിന്, എം.പിമാര്‍, എം.എല്‍.എമാര്‍ അടക്കമുള്ള ജനപ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. ചടങ്ങിലേക്ക് ക്ഷണിക്കപ്പെട്ടവര്‍ക്കും മാധ്യമങ്ങള്‍ക്കും മാത്രമാണ് പ്രവേശനം.
11.30 മുതല്‍ മൂന്നു മണിക്കൂര്‍ പൊതുജനങ്ങള്‍ക്ക് ട്രോഫി കാണാനുള്ള അവസരം നല്‍കും. സ്റ്റേഡിയത്തിന്റെ ഒന്നാം നമ്പര്‍ ഗേറ്റിലൂടെയാണ് പൊതുജനങ്ങള്‍ക്ക് പ്രവേശനം. 23ന് പകല്‍ കൊച്ചിയിലെ കെ.എസ്.ആര്.ടി.സി സ്റ്റാന്‍ഡിനു സമീപത്തെ അംബേദ്കര്‍ സ്റ്റേഡിയത്തിലാകും കപ്പ്. ഇവിടെ ലോകകപ്പിനോട് അനുബന്ധിച്ച് ഫിഫ ഇലവന് മില്യണ്‍ സംസ്ഥാനതല ഫുട്ബോള്‍ ഫെസ്റ്റിവലും അരങ്ങേറും. രാവിലെ 11 മുതല്‍ വൈകിട്ട് മൂന്ന് വരെ വിദ്യാര്‍ഥികള്‍ക്ക് ട്രോഫി നേരില്‍ കാണാനുള്ള പ്രത്യേക അവസരം നല്‍കും.
24ന് പകല്‍ രണ്ട് മുതല്‍ വൈകിട്ട് ആറ് വരെ ഫോര്‍ട്ട് കൊച്ചി വാസ്ക്കോഡഗാമ സ്ക്വയറിലാണ് ട്രോഫിയുടെ പ്രദര്‍ശനം നടക്കുക. കൊച്ചിയിലെ ത്രിദിന ട്രോഫി പ്രദര്‍ശനത്തിന്റെ സമാപന ചടങ്ങ് ഇവിടെയാണ് സംഘടിപ്പിച്ചിട്ടുള്ളത്. ഫഌഷ്മോബ് ഉള്‍പ്പെടെ നാല് മണിക്കൂര്‍ വിവിധ കലാസാംസ്ക്കാരിക പരിപാടികളും ഫോര്‍ട്ട് കൊച്ചിയിലെ സമാപന പരിപാടിയില്‍ സംഘടിപ്പിച്ചിട്ടുണ്ടെന്ന് നോഡല്‍ ഓഫിസര്‍ എ.പി.എം മുഹമ്മദ് ഹനീഷ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."