ഇന്ത്യാ വിഭജനം ഗാന്ധിയിലൂടെയാണെന്ന് വിശ്വസിപ്പിക്കാന്‍ ഹിന്ദുത്വ തീവ്രവാദത്തിനായി: കാരശ്ശേരി
കോഴിക്കോട്: ഇന്ത്യാ വിഭജനത്തിനു കാരണം ഗാന്ധിജിയാണെന്നു വിശ്വസിപ്പിക്കാനും പ്രചരിപ്പിക്കാനും ഹിന്ദുത്വ തീവ്രവാദത്തിനു കഴിഞ്ഞുവെന്ന് എഴുത്തുകാരന്‍ എം.എന്‍ കാരശ്ശേരി. ഇന്ദിരാഗാന്ധി മെമ്മോറിയല്‍ അക്കാദമി ഫോര്‍ റിസര്‍ച്ച് ആന്‍ഡ് സ്റ്റഡീസിന്റെ ആഭിമുഖ്യത്തില്‍ 'ഇന്ത്യയെ കൊല്ലുന്ന ഫാസിസത്തിനെതിരേ' വിഷയത്തില്‍ സംഘടിപ്പിച്ച ദേശീയ സാംസ്‌കാരിക പ്രതിരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബി.ജെ.പിയെയോ ആര്‍.എസ്.എസിനെയോ പ്രധാനമന്ത്രിയെയോ വിമര്‍ശിക്കുമ്പോള്‍ രാഷ്ട്രത്തെ വിമര്‍ശിക്കുന്നുവെന്നാണ് ഹിന്ദുത്വവാദികളുടെ പ്രചാരണം. ജാതിക്കോ മതത്തിനോ ഭാഷയ്‌ക്കോ അധീതമല്ല ഇന്ത്യന്‍ ദേശീയതയെന്നും കാരശ്ശേരി പറഞ്ഞു.
ഇന്ത്യന്‍ ദേശീയത ഹിന്ദു ദേശീയതയില്‍നിന്നു വ്യത്യസ്തമാണെന്നു പറഞ്ഞയാളാണ് ഗാന്ധിജി. ഫാസിസത്തിന്റെ പ്രധാനപണി മറവി രാഷ്ട്രീയ ആയുധമാക്കലാണ്. അന്തവിശ്വാസത്തെയും അഹിംസയെയും എതിര്‍ക്കുന്നവരെ പിന്തുണയ്ക്കാന്‍ സമൂഹം തയാറാകണം. ജനാധിപത്യത്തില്‍ പ്രതിരോധത്തിന്റെ വഴിയാണു സമരായുധം. പുതിയകാലത്തെ രാഷ്ട്രീയ മൂല്യങ്ങള്‍ ഉള്‍ക്കൊണ്ടുവന്ന എഴുത്തുകാരിയായിരുന്നു ഗൗരി ലങ്കേഷ്. അടിയന്തരാവസ്ഥയേക്കാള്‍ മോശമായ സ്ഥിതിയാണു രാജ്യത്തു നിലവിലുള്ളത്. അന്നു പൊലിസാണ് അക്രമം നടത്തിയിരുന്നതെങ്കില്‍ ഇന്നു പശുവിന്റെയും ജാതിയുടെയും പേരില്‍ ആള്‍ക്കൂട്ടങ്ങള്‍ നിയമം കൈയിലെടുക്കുകയാണ്. ആള്‍ക്കൂട്ടത്തെ തന്നെ ഫാസിസ്റ്റ് വല്‍ക്കരിച്ചിരിക്കുകയാണിപ്പോള്‍. ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വം വിമര്‍ശനമാണെന്നും എം.എന്‍ കാരശ്ശേരി കൂട്ടിച്ചേര്‍ത്തു.
ഡി.സി.സി പ്രസിഡന്റ് ടി. സിദ്ദീഖ് അധ്യക്ഷനായി. എഴുത്തുകാരന്‍ യു.കെ കുമാരന്‍ മുഖ്യപ്രഭാഷണം നടത്തി. 'ഗാന്ധി മുതല്‍ ഗൗരി വരെ' ശ്രീനി പാലേരിയുടെ ചിത്രപ്രദര്‍ശനം എം.കെ രാഘവന്‍ എം.പി ഉദ്ഘാടനം ചെയ്തു. പി. ശങ്കരന്‍, എം.ടി പത്മ, പി.വി ഗംഗാധരന്‍, പ്രതാപന്‍ തായാട്ട്, എന്‍. സുബ്രഹ്മണ്യന്‍, സി.വി ബാലകൃഷ്ണന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."