ഏലിക്കുട്ടി പറയുന്നു, ഒരമ്മയ്ക്കും വരരുത് ഈ ദുരവസ്ഥ..!
മീനങ്ങാടി: താന്‍ നൊന്തു പ്രസവിച്ച ആറു മക്കളും കൈയൊഴിഞ്ഞപ്പോള്‍ സംരക്ഷണം ഉറപ്പുവരുത്തണമെന്നും അഭയം നല്‍കണമെന്നുമാവശ്യപ്പെട്ട് മീനങ്ങാടി പൊലിസിനെ സമീപിച്ചിരിക്കുകയാണ് എണ്‍പത്തിമൂന്നുകാരിയായ ഏലിക്കുട്ടി. നാല് ആണ്മക്കളും രണ്ട് പെണ്മക്കളുമുണ്ടെങ്കില് തന്നെ ആരും സംരക്ഷിക്കുന്നില്ലെന്നാണ് ഇവര്‍ പറയുന്നത്. ഇതിനു മുന്‍പ് മക്കളുടെ സംരക്ഷണം ലഭിക്കുന്നില്ലെന്ന പരാതിയില്‍ മീനങ്ങാടി പൊലിസ് ഇടപ്പെട്ട് മാനന്തവാടി ട്രൈബ്യൂണലില്‍ പരാതി നല്‍കിയിരുന്നു.
ഈ കേസ് നടക്കുന്നതിനിടെയാണ് മക്കളുടെ സംരക്ഷണം ഉറപ്പാക്കുന്നതിനായി വേണ്ട നടപടി കൈക്കൊള്ളണമെന്ന അപേക്ഷയുമായി വീണ്ടും പൊലിസിനെ സമീപിച്ചത്. മുന്‍പ് പരാതിയുമായി വന്നപ്പോള്‍ വാര്‍ധക്യംകൊണ്ട് രോഗ ബാധിതയായ ഏലിക്കുട്ടിക്ക് ഭക്ഷണവും മരുന്നും നല്കി പൊലിസ് തിരിച്ചയക്കുകയായിരുന്നു. അന്ന് മക്കളുടെ സംരക്ഷണം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ തിരികെ പോയതെന്ന് പൊലിസ് പറയുന്നു. എന്നാല്‍ ഇത്തവണ മക്കളാരും ഏറ്റെടുക്കാത്തതിനാലാണ് കണിയാമ്പറ്റ വൃദ്ധസദനത്തില്‍ അഭയം നല്കിയെതെന്നും അഡ്വ. ജോര്‍ജ് പറഞ്ഞു.
താന്‍ നൊന്തുപെറ്റ മക്കളാരെങ്കിലും തിരികെയെത്തി തന്റെ സംരക്ഷണം ഏറ്റെടുക്കുമെന്ന പ്രതീക്ഷയിലാണ് ഏലിക്കുട്ടി കണിയാമ്പറ്റ വൃദ്ധസദനത്തിലേക്ക് യാത്രയായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."