വീടിനടിയിലെ ഗര്‍ത്തത്തിലൂടെ ഭൂഗര്‍ഭജലം ഒഴുകുന്നു; ഉറക്കം നഷ്ടപ്പെട്ട് ഒരു കുടുംബം
ചെറുപുഴ: മഴക്കാലമെത്തുമ്പോള്‍ കൊട്ടത്തലച്ചിയിലെ പോത്തേര ബാലകൃഷ്ണനും കുടുംബവും ഉറക്കമില്ലാത്ത രാത്രികളാണ്. ഏറെ കഷ്ടപ്പെട്ട് കെട്ടിപ്പടുത്ത വീട് ഏതു നിമിഷവും ഇടിഞ്ഞുതാഴുമെന്ന നിലയിലായിട്ട് വര്‍ഷങ്ങളായി. ക്വാറി മാഫിയ ദുരിതക്കയത്തിലാക്കിയത് ഇവരുടെ ജീവിതമാണ്.
കുടുംബവിഹിതം വിറ്റ് കൊട്ടത്തലച്ചിയുടെ അടിവാരത്തിലാണ് ബാലകൃഷ്ണന്‍ വീട് വച്ചത്. കുറച്ചുവര്‍ഷം മുന്‍പ് റോഡും വൈദ്യുതിയുമൊക്കെ എത്തി.
സന്തോഷത്തോടെ ജീവിതം മുന്നോട്ടുപോകുമ്പോഴാണ് കരിനിഴല്‍ വീഴ്ത്തി വീടിന് തൊട്ടുമുകളില്‍ ഭൂമി താഴ്ന്ന് ഗര്‍ത്തം രൂപപ്പെട്ടത്. അധികൃതരെത്തി അഞ്ചു കുടുംബങ്ങളെ മാറ്റിപാര്‍പ്പിച്ചു. പിന്നീടാണ് കൊട്ടത്തലച്ചി മലയില്‍ ഭൂമിക്കടിയില്‍ പൈപ്പിങ് പ്രതിഭാസം ഉണ്ടെന്നും ഗര്‍ത്തത്തിനകത്തുകൂടി ഒഴുകുന്ന വെള്ളം ബാലകൃഷ്ണന്റെ വീടിനടിയിലൂടെയാണെന്നും മനസിലായത്. വീട്ടില്‍ താമസിക്കുന്നത് അപകടകരമാണെന്നും മറ്റെവിടെയെങ്കിലും വാടകയ്ക്ക് താമസിച്ചുകൊള്ളാനും ഉത്തരവ് വന്നു. അങ്ങനെ കുടുംബം മാസങ്ങളോളം വാടക വീട്ടില്‍ കഴിഞ്ഞു.
വാടക വീട്ടില്‍ താമസിക്കാന്‍ വയ്യാതെ അടുത്തിടെ ബാലകൃഷ്ണന്‍ വീണ്ടും തന്റെ പുരയിടത്തിലേക്ക് തിരിച്ചെത്തി. എന്നാല്‍ ശാന്തമായി ഉറങ്ങാന്‍ ഇവര്‍ക്കാര്‍ക്കും കഴിഞ്ഞില്ല. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ പെരുമഴയത്ത് ഏതുസമയത്തും ഉര്‍പൊട്ടാവുന്ന സ്ഥിതിയായിരുന്നു. തനിക്കും ഭാര്യയ്ക്കും ഓടി രക്ഷപ്പെടാമെങ്കിലും 85 വയസുകാരിയായ ഭാര്യാ മാതാവിനെ കാര്യം മറിച്ചാണ്.
നിത്യവൃത്തിക്ക് കഷ്ടപ്പെടുന്ന ഇദ്ദേഹത്തിന് ഒരു സ്ഥലം വാങ്ങി വീട് വയ്ക്കുക എന്നത് ഈ സാഹചര്യത്തില്‍ അപ്രാപ്യമാണ്. രണ്ട് മക്കളെ വിവാഹം ചെയ്തയച്ചതിന്റെ കടം വേറെയുമുണ്ട്. അധികൃതര്‍ കനിഞ്ഞ് എവിടെയെങ്കിലും സ്ഥലം കിട്ടിയാല്‍ പ്ലാസ്റ്റിക് ഷീറ്റ് വലിച്ച് കെട്ടിയിട്ടെങ്കിലും കഴിയാമെന്നാണ് ബാലകൃഷ്ണന്‍ പറയുന്നത്. മഴ പെയ്താല്‍ വീടിനടിയിലൂടെ വെള്ളം ഒഴുകുമ്പോള്‍ ബാലകൃഷ്ണന്റെ നെഞ്ചിടിപ്പും കൂടും. പ്രശ്‌നത്തിന് പരിഹാരം കാണാനായി ഇദ്ദേഹം മുട്ടാത്ത വാതിലുകളില്ല. എന്നിട്ടും ഒരു നടപടിയും ഇതുവരെ അധികൃതര്‍ എടുത്തിട്ടില്ല. ഇനി തങ്ങള്‍ ഭൂമിക്കടിയിലേക്ക് താഴ്ന്നതിനു ശേഷം നടപടി എടുക്കാനാണോ അധികൃതര്‍ കാത്തിരിക്കുന്നത് എന്നാണ് വേദനയോടെ ബാലകൃഷ്ണനും കുടുംബവും ചോദിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."