പ്രതിഷേധത്തെത്തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം മാറ്റി
കണ്ണൂര്‍: ഏക്കര്‍ കണക്കിന് നെല്‍കൃഷി ഇല്ലാതാക്കി സര്‍ക്കാര്‍ നിര്‍മിക്കാനുദ്ദേശിക്കുന്ന ബൈപ്പാസ് റോഡിനെതിരേ സി.പി.എം പ്രവര്‍ത്തകര്‍ നടത്തുന്ന സമരത്തെ തുടര്‍ന്ന് ബ്രാഞ്ച് സമ്മേളനം മാറ്റി. തളിപ്പറമ്പിനടുത്ത കീഴാറ്റൂര്‍ വയല്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് പ്രദേശവാസികളായ സി.പി.എം പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ നടത്തുന്ന സമരത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ നടക്കേണ്ടിയിരുന്ന കീഴാറ്റൂര്‍ ബ്രാഞ്ച് സമ്മേളനം മാറ്റിവച്ചത്. ബ്രാഞ്ച് സമ്മേളനം മാറ്റിയതിനെ തുടര്‍ന്ന് ലോക്കല്‍ ജനറല്‍ ബോഡിയോഗം ചേര്‍ന്നു കാര്യങ്ങള്‍ വിശദീകരിച്ചു. തളിപ്പറമ്പ് ഏരിയാ കമ്മിറ്റി ഓഫിസിലായിരുന്നു യോഗം.
കര്‍ഷകരുടെയും നാട്ടുകാരുടെയും സമരം നടക്കുന്ന കീഴാറ്റൂര്‍ മേഖലയില്‍ സി.പി.എമ്മിന് മൂന്നു ബ്രാഞ്ചുകളാണുള്ളത്. ഇതില്‍ കിഴാറ്റൂര്‍ ബ്രാഞ്ച് സമ്മേളനമായിരുന്നു ഇന്നലെ നടക്കേണ്ടിയിരുന്നത്. ബ്രാഞ്ച് അംഗങ്ങള്‍ അടക്കമുള്ളവര്‍ സമരരംഗത്തായിരുന്നതിനാലും പ്രതിഷേധവും കണക്കിലെടുത്താണ് സമ്മേളനം മാറ്റിയത്. കീഴാറ്റൂര്‍ നോര്‍ത്ത്, സൗത്ത് ബ്രാഞ്ച് സമ്മേളനങ്ങളും ആശങ്കയിലായ സാഹചര്യത്തിലാണ് ജനറല്‍ ബോഡിയോഗം വിളിച്ചത്.
സി.പി.എമ്മിന്റെ ശക്തികേന്ദ്രമായ ഇവിടെ പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ തുടരുന്ന ശക്തമായ സമരത്തിന് പിന്തുണയേറുന്നത് പാര്‍ട്ടിക്ക് വെല്ലുവിളിയുയര്‍ത്തിയിട്ടുണ്ട്. ആര്‍.എസ്.എസ് നേതാവ് വത്സന്‍ തില്ലങ്കേരിക്ക് പുറമെ കഴിഞ്ഞദിവസം സി.പി.ഐ ജില്ലാ സെക്രട്ടറി പി. സന്തോഷ് കുമാറും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് സമരകേന്ദ്രത്തിലെത്തിയിരുന്നു.
കുപ്പം ഭാഗത്ത് ദേശിയപാതയില്‍ ഏറെ റോഡപകടങ്ങള്‍ നടക്കുന്നതിനാല്‍ ബൈപ്പാസ് നിര്‍മാണത്തില്‍ നിന്നു പിന്നോട്ട്‌പോകാന്‍ ആവില്ലെന്ന നിലപാടിലാണ് സ്ഥലം എം.എല്‍.എ ജയിംസ് മാത്യുവും സി.പി.എമ്മും. കലക്ടറുടെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ചയും വിജയിച്ചിരുന്നില്ല. ബൈപ്പാസ് നിര്‍മിക്കണമെങ്കില്‍ 250 ഏക്കര്‍ നെല്‍വയല്‍ നികത്തണമെന്നാണ് കണക്കാക്കുന്നത്. നേരത്തെ തയാറാക്കിയ പദ്ധതി മാറ്റി പുതിയ അലൈന്‍മെന്റുമായി അധികൃതര്‍ വന്നതോടെയാണ് പ്രതിഷേധവുമായി നാട്ടുകാര്‍ രംഗത്തിറങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."