പട്ടാപ്പകല്‍ വീടു കുത്തിത്തുറന്നു സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസിലെ പ്രതി പിടിയില്‍
കാസര്‍കോട്: പട്ടാപ്പകല്‍ വീട് കുത്തിത്തുറന്നു 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കൊള്ളയടിച്ച കേസില്‍ ഒളിവില്‍ കഴിയുകയായിരുന്ന പ്രതി പിടിയിലായി. ഉപ്പളയിലെ ജംഷീദിനെ(25)യാണു കുമ്പള പൊലിസ് ഇന്നലെ അറസ്റ്റു ചെയ്തത്. ഉപ്പളണ്ട പച്ചമ്പളയിലെ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടില്‍ നിന്നു രണ്ടു വര്‍ഷം മുമ്പു 14 പവന്‍ സ്വര്‍ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ രണ്ടാം പ്രതിയാണ് ഇയാള്‍. മുഖ്യപ്രതിയായ മുസമ്മിലിനെ നേരത്തെ പൊലിസ് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ വര്‍ഷം ജൂണ്‍ 27നാണു പച്ചമ്പളയിലെ മുഹമ്മദ് അഷ്‌റഫിന്റെ വീട്ടില്‍ കവര്‍ച്ച നടന്നത്. രാവിലെ പതിനൊന്നരയോടെ അഷ്‌റഫും കുടുംബവും വീടു പൂട്ടി പുറത്തേക്കു പോയിരുന്നു. പിന്നീട് ഉച്ചക്ക് രണ്ടോടെ ഇവര്‍ വീട്ടില്‍ തിരിച്ചെത്തിയപ്പോഴാണു വീടു കുത്തിത്തുറന്ന നിലയില്‍ കണ്ടെത്തിയത്. ഇതേ തുടര്‍ന്നു നടത്തിയ പരിശോധനയിലാണ് അലമാര കുത്തിത്തുറന്ന് ആഭരണങ്ങള്‍ മോഷ്ടിച്ചതായി കണ്ടെത്തിയത്.
അഷ്‌റഫിന്റെ പരാതിയില്‍ കുമ്പള പൊലിസ് കേസെടുത്ത് അന്വേഷണം നടത്തുകയും മുസമ്മില്‍ പിടിയിലാവുകയുമായിരുന്നു. മുസമ്മലിനെ ചോദ്യം ചെയ്തതോടെയാണു കവര്‍ച്ചയില്‍ ജംഷീദിനും പങ്കുണ്ടെന്നു തെളിഞ്ഞത്.
കവര്‍ച്ച ചെയ്ത സ്വര്‍ണം ജംഷീദിന്റെ കൈവശമാണു ഏല്‍പ്പിച്ചതെന്നും വില്‍പന നടത്തി ലഭിച്ച തുകയില്‍ നിന്ന് ഒരു വിഹിതം തനിക്കു ലഭിച്ചുവെന്നും മുസമ്മില്‍ മൊഴി നല്‍കിയിരുന്നു.
ഇന്നലെ പുലര്‍ച്ചെ ഉപ്പളയിലെ മൈതാനത്തിനു സമീപത്തു വച്ചാണു ജംഷീദിനെ പൊലിസ് കസ്റ്റഡിയിലെടുത്തത്. കവര്‍ന്ന സ്വര്‍ണം ഉപ്പളയിലെ ഒരു ജ്വല്ലറിയില്‍ വില്‍പന നടത്തിയതായി ജംഷീദ് മൊഴി നല്‍കിയതോടെ കവര്‍ച്ചാ സ്വര്‍ണം കണ്ടെടുത്ത പൊലിസ് ജംഷീദിനെ അറസ്റ്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."