അഞ്ചാംപനി -റുബെല്ല പ്രതിരോധ കുത്തിവെപ്പ് ഒക്ടോബര്‍ മൂന്ന് മുതല്‍
പാലക്കാട് : മീസല്‍സ് (അഞ്ചാം പനി)- റൂബെല്ല രോഗങ്ങള്‍ക്കെതിരെ ഒന്‍പത് മാസത്തിനും 15 വയസിനും ഇടയില്‍ പ്രായമുള്ള കുട്ടികള്‍ക്കുള്ള എം.ആര് വാക്സിനേഷന് കുത്തിവെപ്പ് ജില്ലയില്‍ ഒക്ടോബര്‍ മൂന്നിന് തുടങ്ങും.
ജില്ലാ കലക്റ്ററുടെ ചേംബറില്‍ ചേര്‍ന്ന ജില്ലയിലെ ആരോഗ്യ പ്രവര്‍ത്തകരുടെയും വിവിധ വകുപ്പ് ഉദ്യോഗസ്ഥരുടേയും യോഗത്തിലാണ് തീരുമാനം. ആദ്യ ഘട്ടത്തില്‍ ജില്ലയിലെ സ്കൂളുകള്‍ കേന്ദ്രീകരിച്ചായിരിക്കും കുത്തിവെയ്പ്പ് നടത്തുക. അധ്യാപകരും രക്ഷിതാക്കളും കുത്തിവെപ്പുമായി സഹകരിക്കണമെന്നും കുത്തിവെയ്പ്പിന്റെ പ്രാധാന്യം കുട്ടികളെ ബോധ്യപ്പെടുത്തണമെന്നും കുത്തിവെപ്പിനെതിരെ തെറ്റിദ്ധാരണ പരത്തുന്ന പ്രചാരണങ്ങള്‍ പാടില്ലെന്നും വിവിധ വകുപ്പുകളുടെ ഏകോപനം അനിവാര്യമാണെന്നും ജില്ലാ കലക്റ്റര്‍ ഡോ:പി.സുരേഷ് ബാബു പറഞ്ഞു.
കുത്തിവെപ്പിന് മുന്നോടിയായി സെപ്റ്റംബര്‍ 28ന് ജില്ലാതലത്തില്‍ വിദ്യാര്‍ഥികളെയും ആരോഗ്യപ്രവര്‍ത്തകരെയും പങ്കെടുപ്പിച്ച് പ്രചാരണ റാലി നടത്തും. അധ്യാപകര്‍ക്കും ആരോഗ്യപ്രവര്‍ത്തകര്‍ക്കും കുത്തിവെപ്പുമായി ബന്ധപ്പെട്ട പരിശീലനം നല്‍കിയിട്ടുണ്ട്. ജില്ലയില്‍ അഞ്ച് ആഴ്ച കൊണ്ട് റൂബെല്ല പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനാണ് ആരോഗ്യ വകുപ്പ് ലക്ഷ്യമിടുന്നത്.
ഡി.എം.ഒ ഡോ:കെ.പി റീത്ത, ആര്.സി.എച്ച് ഓഫീസര്‍ ഡോ:ടി.കെ.ജയന്തി, ഡബ്ള്യു.എച്ച്.ഒ. പ്രതിനിധി ഡോ: സന്തോഷ്, എന്‍.ആര്.എച്ച്..എം.പ്രോഗ്രാം മാനെജര്‍ ഡോ:രചനാ ചിദംബരം, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍, മറ്റ് വകുപ്പ് ജില്ലാതല ഉദ്യോഗസ്ഥര്‍, ഐ.എം.എ പ്രതിനിധികള്‍, റോട്ടറി ക്ലബ്ബ് ഭാരവാഹികള്‍ എന്നിവര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."