വ്യാജസര്‍ട്ടിഫിക്കറ്റില്‍ ജോലിനേടിയ സി.പി.എം ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ ക്രൈംബ്രാഞ്ച് കേസെടുത്തു
അരീക്കോട്: സി.പി.എം അരീക്കോട് ഏരിയാ കമ്മിറ്റിയംഗവും മുന്‍ ലോക്കല്‍ കമ്മിറ്റി അംഗവുമായ എം.ടി മുസ്തഫക്കെതിരേ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വാട്ടര്‍ അതോറിറ്റിയില്‍ ജോലി നേടിയതുമായി ബന്ധപ്പെട്ടു മലപ്പുറം ക്രൈംബ്രാഞ്ച് കേസെടുത്തു. എം.ടി മുസ്തഫ സ്കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ വയസ് തിരുത്തിയും യോഗ്യത കൂട്ടിചേര്ത്തുമാണ് ജോലിനേടിയതെന്ന പരാതിയിലാണ് ഇദ്ദേഹത്തിനെതിരേ കേസെടുത്തത്. വ്യാജ സര്‍ട്ടിഫിക്കറ്റിന്റെ പിന്‍ബലത്തിലാണ് ഇദ്ദേഹം ദീര്‍ഘകാലം ജോലി ചെയ്തതും ശമ്പളം വാങ്ങിയതും ഉന്നത ഉദ്യോഗം വഹിച്ചതെന്നും പ്രാഥമിക അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്.
സി.പി.എം ഭരിക്കുന്ന അരീക്കോട് സര്‍വീസ് സഹകരണ ബാങ്കിലും സമാനമായ രീതിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ ജോലിനേടിയ വിവാദം ഉണ്ടായിരുന്നു. അരീക്കോട്ടെ പ്രമുഖ സി.പി.എം നേതാവ് മേഘാലയ യൂനിവേഴ്സിറ്റിയുടെ പേരിലുള്ള വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ബാങ്കില്‍ ജോലി നേടിയതുമായി ബന്ധപ്പെട്ടും സര്‍വീസ് സഹകരണ ബാങ്കിലെ അഴിമതിയുമായി ബന്ധപെട്ടും വിവിധ പരാതികള്‍ കഴിഞ്ഞകാലങ്ങളില്‍ ഉയര്‍ന്നിരുന്നു. ഇതില്‍ അരീക്കോട് പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ അന്വേഷണം നടന്നുവരികയാണ്. മേഘാലയ യൂനിവേഴ്സിറ്റിയുടെ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് മുമ്പ്തന്നെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതേ ബാങ്കില്‍ തന്നെ വ്യാജ നികുതിരസീത് നല്കി ലക്ഷങ്ങള്‍ ലോണെടുത്തതിന്റെ പേരില്‍ ലോക്കല്‍ സെക്രട്ടറിക്കെതിരേയും ജോയിന്റ് രജിസ്ട്രാര്‍ നടത്തിയ അന്വേഷണത്തില്‍ കേസെടുത്തിരുന്നു. ഇതുമായി ബന്ധപെട്ട് ബാങ്ക് ചെയര്‍മാനും പാര്‍ട്ടി ലോക്കല്‍ സെക്രട്ടറിയും പാര്‍ട്ടിയില്‍ നടപടി നേരിടുന്നുണ്ട്. ഈ സമയത്താണ് ഏരിയാ കമ്മിറ്റി അംഗത്തിനെതിരേ പുതിയ പരാതിയുടെ അടിസ്ഥാനത്തിലുള്ള ക്രൈംബ്രാഞ്ച് കേസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."