മാന്ദ്യം സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍; നേരിടാന്‍ ചെലവഴിക്കുന്നത് 50,000 കോടി രൂപ
ന്യൂഡല്‍ഹി: കാര്യമായ മുന്നൊരുക്കവും കൂടിയാലോചനയുമില്ലാതെ ഉയര്‍ന്നമൂല്യമുള്ള നോട്ട് നിരോധിക്കുകയും അതിനു പിന്നാലെ ധൃതിപിടിച്ച് ജി.എസ്.ടി നടപ്പാക്കുകയും ചെയ്തതത് രാജ്യത്തിന്റെ സാമ്പത്തികശേഷിയെ ബാധിച്ചെന്നു പരോക്ഷമായി സമ്മതിച്ച് കേന്ദ്രസര്‍ക്കാര്‍. രാജ്യത്തിന്റെ സാമ്പത്തികരംഗം അനുഭവിക്കുന്ന അപ്രതീക്ഷിത മാന്ദ്യം നേരിടുന്നതിന് കേന്ദ്രസര്‍ക്കാര്‍ 50,000 കോടി ചെലവഴിക്കുന്നു.
ധനക്കമ്മി ലഘൂകരിക്കുന്നതിനാണ് 2017- 18 സാമ്പത്തിക വര്‍ഷം സാമ്പത്തിക ഉത്തേജന പദ്ധതി നടപ്പാക്കുന്നത്. ധനകാര്യമന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരെ ഉദ്ധരിച്ചു റോയിട്ടേഴ്‌സ് ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തു മാന്ദ്യം പിടിമുറുക്കിയെന്ന റിപ്പോര്‍ട്ടുകള്‍ നേരത്തെ കേന്ദ്രസര്‍ക്കാര്‍ നിഷേധിച്ചിരുന്നുവെങ്കിലും നോട്ട് നിരോധനത്തെത്തുടര്‍ന്നുള്ള രാജ്യത്തിന്റെ സാമ്പത്തിക തകര്‍ച്ച പരോക്ഷമായി അംഗീകരിക്കുകയാണ് ഈ പദ്ധതിയിലൂടെ കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്.
സാമ്പത്തിക വളര്‍ച്ച മൂന്നുവര്‍ഷത്തെ ഏറ്റവും കുറഞ്ഞനിരക്കിലേയ്ക്ക് കൂപ്പുകുത്തിയ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്കു കൈത്താങ്ങായി സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി വ്യക്തമാക്കിയിരുന്നു. ഇതിന്റെ ഭാഗമായാണ് സര്‍ക്കാര്‍ അരലക്ഷംകോടി രൂപയുടെ ഉത്തേജന പദ്ധതി ആവിഷ്‌കരിക്കുന്നത്.
ബുധനാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം സാമ്പത്തിക സ്ഥിതി അവലോകനംചെയ്തിരുന്നു. സാമ്പത്തിക മേഖലയെ താങ്ങിനിര്‍ത്തുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് യോഗശേഷം ജെയ്റ്റ്‌ലി മാധ്യമങ്ങളോടു പറയുകയുമുണ്ടായി. വളര്‍ച്ചയെ പ്രോല്‍സാഹിപ്പിക്കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ആവശ്യമെങ്കില്‍ പ്രത്യേകമായി ഇടപെടലുകള്‍ നടത്താന്‍ തയ്യാറാണെന്നും ജെയ്റ്റ്‌ലി അറിയിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."