ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 50 റണ്‍സ് വിജയം
കൊല്‍ക്കത്ത: മഴപ്പേടിയില്‍ രണ്ടാം ഏകദിനത്തിനിറങ്ങിയ ഓസീസ് ടീം സ്പിന്നും പേസും ഇടകലര്‍ന്ന ബൗളിങ് ചുഴലിയില്‍ കടപുഴകി വീണപ്പോള്‍ ആസ്‌ത്രേലിയക്കെതിരായ രണ്ടാം ഏകദിനത്തില്‍ ഇന്ത്യക്ക് 50 റണ്‍സിന്റെ വിജയം. അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇതോടെ ഇന്ത്യ 2-0ത്തിന് മുന്നില്‍. ക്യാപ്റ്റന്‍ വിരാട് കോഹ്‌ലി നേടിയ 92 റണ്‍സും ചൈനാമെന്‍ ബൗളര്‍ കുല്‍ദീപ് യാദവ് നേടിയ കരിയറിലെ ആദ്യ ഹാട്രിക്കുമാണ് ഇന്ത്യക്ക് വിജയമൊരുക്കിയത്. കോഹ്‌ലിയാണ് കളിയിലെ കേമന്‍.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 50 ഓവറില്‍ 252 റണ്‍സില്‍ പുറത്താക്കാന്‍ ഓസീസിന് സാധിച്ചെങ്കിലും അവരുടെ പോരാട്ടം 43.1 ഓവറില്‍ 202 റണ്‍സില്‍ അവസാനിച്ചു. കൃത്യതയോടെ പന്തെറിഞ്ഞ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ ആസ്‌ത്രേലിയന്‍ ബാറ്റിങ് നിര ഒരിക്കല്‍ കൂടി വീണു. മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി ഭുവനേശ്വര്‍ കുമാറും കുല്‍ദീപ് യാദവും ഓസീസ് ഇന്നിങ്‌സിനെ തകര്‍ക്കാന്‍ മുന്നില്‍ നിന്നപ്പോള്‍ രണ്ട് വീതം വിക്കറ്റുകള്‍ വീഴ്ത്തി ഹര്‍ദിക് പാണ്ഡ്യയും യുസ്‌വേന്ദ്ര ചഹലും മികച്ച പിന്തുണ നല്‍കി. ഒടുവില്‍ ഇന്ത്യ വേവലാതിയില്ലാതെ വിജയവും സ്വന്തമാക്കി. 62 റണ്‍സുമായി പുറത്താകാതെ നിന്ന് സ്റ്റോയിനിസ് അവസാനം പൊരുതിയെങ്കിലും പിന്തുണക്കാന്‍ ആളില്ലാതെ നിരാശനായി ഒരറ്റത്ത് ബാക്കിയായി. ക്യാപ്റ്റന്‍ സ്മിത്ത് (59), ട്രാവിസ് ഹെഡ്ഡ് (39) എന്നിവരും പൊരുതിയെങ്കിലും മറ്റൊരാള്‍ക്കും പിടിച്ചു നില്‍ക്കാന്‍ സാധിക്കാഞ്ഞത് സന്ദര്‍ശകര്‍ക്ക് തിരിച്ചടിയായി മാറി. ആദ്യ സ്‌പെല്ലില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കാതിരുന്ന കുല്‍ദീപ് രണ്ടാം സ്‌പെല്ലില്‍ ഓസീസിന്റെ നടുവൊടിച്ചു. മാത്യു വെയ്ഡ്, ആഗര്‍, കമ്മിന്‍സ് എന്നിവരെയാണ് മൂന്ന് തുടര്‍ പന്തുകളില്‍ കുല്‍ദീപ് കൂടാരം കയറ്റി ഹാട്രിക്ക് നേടിയത്.
ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് തുടക്കത്തില്‍ തന്നെ രോഹിത് ശര്‍മയെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റില്‍ കോഹ്‌ലി- രഹാനെ സഖ്യം പിടിച്ചുനിന്ന് ഇന്നിങ്‌സ് നേരെ നിര്‍ത്തി. 19 റണ്‍സില്‍ ആദ്യ വിക്കറ്റ് നഷ്ടമായ ഇന്ത്യക്ക് രണ്ടാം വിക്കറ്റ് നഷ്ടപ്പെടുന്നത് 121 ല്‍ വച്ചാണ്. 55 റണ്‍സുമായി രഹാനെ മടങ്ങിയെങ്കിലും കോഹ്‌ലി ഒരറ്റത്ത് പിടിച്ചു നിന്നു. മറുഭാഗത്ത് വിക്കറ്റുകള്‍ വീണു. പിന്നീടെത്തിയവരില്‍ കേദാര്‍ ജാദവ് (24), ഹര്‍ദിക് പാണ്ഡ്യ (20), ഭുവനേശ്വര്‍ കുമാര്‍ (20) എന്നിവര്‍ക്ക് മികച്ച തുടക്കം ലഭിച്ചെങ്കിലും മുതലാക്കാന്‍ സാധിക്കാഞ്ഞത് ഇന്ത്യയെ മികച്ച സ്‌കോറില്‍ എത്തിക്കുന്നതിന് തടസമായി. 107 പന്തില്‍ എട്ട് ബൗണ്ടറികളുടെ സഹായത്തിലാണ് കോഹ്‌ലി 92 റണ്‍സെടുത്തത്. ഓസീസിനായി കോള്‍ടര്‍ നെയ്ല്‍, റിച്ചാര്‍ഡ്‌സന്‍ എന്നിവര്‍ മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."