പാഠപുസ്തകത്തിന്റെ രണ്ടാം ഭാഗത്തിനായി കാത്തിരിപ്പ് തുടരുന്നു
തിരുവനന്തപുരം: പ്രൈമറി ക്ലാസുകളിലേക്ക് ആവശ്യമായ പാഠപുസ്തകങ്ങളുടെ രണ്ടാം ഭാഗം കുട്ടികളുടെ കൈകളിലെത്താന്‍ ഇനിയും വൈകും. 20 ലക്ഷത്തോളം പുസ്തകങ്ങള്‍ ഇനിയും പ്രിന്റ് ചെയ്ത് കഴിഞ്ഞിട്ടില്ല.
പ്രിന്റിങ് കഴിഞ്ഞവ ബൈന്റിങിനായി കാത്തിരിക്കുകയുമാണ്. ഇതോടെ വിതരണം ഇനിയും നീളുമെന്ന് അധികൃതര്‍ സമ്മതിക്കുന്നു. ഓണാവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുമ്പോള്‍ രണ്ടാംഭാഗ പാഠപുസ്തകങ്ങളാണ് കുട്ടികളെ പഠിപ്പിക്കേണ്ടിയിരുന്നത്. എന്നാല്‍, അവധി കഴിഞ്ഞ് സ്‌കൂള്‍ തുറന്നിട്ട് പത്തു ദിവസം കഴിഞ്ഞിട്ടും പഴയ പാഠഭാഗങ്ങള്‍ തന്നെ പഠിക്കേണ്ട ഗതികേടിലാണ് പ്രൈമറി സ്‌കൂളുകളിലെ കുട്ടികള്‍. ഇത്തവണ പാഠപുസ്തകങ്ങളുടെ മൊത്തം ചുമതല കേരള ബുക്‌സ് ആന്‍ഡ് പബ്ലിക്കേഷന്‍ സൊസൈറ്റിക്കായിരുന്നു വിദ്യാഭ്യാസ വകുപ്പ് നല്‍കിയത്. ഹൈസ്‌കൂള്‍ വിഭാഗത്തിന് ആദ്യം വിതരണം ചെയ്തതാണ് പ്രൈമറി വിഭാഗത്തിന് വിതരണം വൈകാന്‍ കാരണമായതെന്നാണ് കെ.ബി.പി.എസിന്റെ വിശദീകരണം. ആദ്യ തവണ ഹൈസ്‌കൂള്‍ വിഭാഗത്തിന്റെ പുസ്തകങ്ങള്‍ വിതരണം ചെയ്യാനുള്ള നിര്‍ദേശമാണ് വിദ്യാഭ്യാസ വകുപ്പില്‍നിന്ന് ലഭിച്ചതെന്നും കെ.ബി.പി.എസ് അധികൃതര്‍ പറയുന്നു. എന്നാല്‍, സെപ്റ്റംബര്‍ 15 ഓടെ മുഴുവന്‍ പുസ്തകങ്ങളും അച്ചടിച്ച് വിതരണം ചെയ്യാനായിരുന്നു കെ.ബി.പി.എസിന് നല്‍കിയ നിര്‍ദേശമെന്നും പ്രിന്റിങ് മെഷിനുകളിലുണ്ടായ പ്രശ്‌നങ്ങളും കൂട്ടമായി വന്ന അവധികളുമാണ് പുസ്തക വിതരണം വൈകാന്‍ കാരണമായതെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ കെ.വി മോഹനകുമാര്‍ 'സുപ്രഭാത'ത്തോട് പറഞ്ഞു.
ഓണം കഴിഞ്ഞയുടനെ തുടങ്ങേണ്ട രണ്ടാം മൊഡ്യൂളിന് പകരം പഴയ മൊഡ്യൂള്‍ തന്നെ വീണ്ടും പഠിപ്പിക്കുകയാണ് അധ്യാപകര്‍.
ഇപ്പോള്‍ അവധി ദിവസങ്ങളിലും ജോലി നടക്കുന്നതിനാല്‍ അഞ്ചു ദിവസങ്ങള്‍ക്കുള്ളില്‍ പ്രിന്റിങ് തീര്‍ക്കാന്‍ സാധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്. ബൈന്റിങ് പൂര്‍ത്തിയാക്കി പുസ്തകങ്ങള്‍ ജില്ലാ ഡിപ്പോകളിലെത്തിച്ച് അവിടെനിന്ന് ബി.ആര്‍.സി, ക്ലസ്റ്റര്‍ എന്നിവ വഴി സ്‌കൂള്‍ സൊസൈറ്റികള്‍ എത്തിച്ചുവേണം വിദ്യാര്‍ഥികളുടെ കൈകളിലെത്താന്‍. ഇതിന് ഏകദേശം രണ്ടാഴ്ചയെങ്കിലും സമയമെടുക്കും. തയാറാകുന്ന പുസ്തകങ്ങള്‍ അപ്പപ്പോള്‍ തന്നെ ഡിപ്പോകളിലെത്തിക്കാനും അവിടെനിന്ന് വിതരണ കേന്ദ്രങ്ങളിലെത്തിക്കാനുമായി കെ.ബി.പി.എസിന് വിദ്യാഭ്യാസ വകുപ്പിന്റെ വാഹനങ്ങളും ഓരോ സ്റ്റാഫിനേയും നല്‍കുമെന്നും മോഹന്‍കുമാര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."