പകല്‍ക്കൊള്ളയുമായി ബി.എസ്.എന്‍.എല്‍: മുന്നറിയിപ്പില്ലാതെ പ്ലാന്‍ സേവനങ്ങള്‍ കുറയ്ക്കുന്നു
തിരുവനന്തപുരം: ആകര്‍ഷകമായ ഓഫറുകളുമായി തുടങ്ങുന്ന പ്ലാനുകളില്‍ ഉപഭോക്താക്കള്‍ അറിയാതെ സേവനങ്ങള്‍ വെട്ടിക്കുറച്ച് ബി.എസ്.എന്‍.എല്‍. പ്രീ പെയ്ഡ് മൊബൈല്‍ വരിക്കാര്‍ക്ക് അടുത്തകാലത്ത് കൊണ്ടുവന്ന പ്ലാനുകളില്‍ ചിലതിലെ സേവനങ്ങള്‍ കുറഞ്ഞത് വരിക്കാര്‍ അറിയുന്നത് ദിവസങ്ങള്‍ക്കു ശേഷമാണ്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ആരംഭിച്ച 395 രൂപയുടെ പ്ലാന്‍ ഏറെ വരിക്കാരെ ആകര്‍ഷിച്ചിരുന്നു. 71 ദിവസമായിരുന്നു ഇതിന്റെ കാലാവധി. ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് 50 മണിക്കൂറും മറ്റു നെറ്റ്‌വര്‍ക്കുകളിലേക്ക് 30 മണിക്കൂറും കോള്‍ ഇതില്‍ ലഭ്യമായിരുന്നു. കൂടാതെ പ്രതിദിനം രണ്ടു ജി.ബി ഇന്റര്‍നെറ്റ് ഡാറ്റയും. രണ്ടാഴ്ച മുമ്പ് ഇതിന്റെ കാലാവധി 56 ദിവസമായി കുറച്ചു. പ്രതിദിന ഡാറ്റ രണ്ടു ജി.ബിയില്‍നിന്ന് ഒന്നായും കുറച്ചു. ഈ വിവരം എസ്.എം.എസ് വഴി ഉപഭോക്താക്കളിലെത്തിത്തുടങ്ങിയത് രണ്ടു ദിവസം മുന്‍പ് മാത്രമാണ്. ഇതിനിടയില്‍ പഴയ ഓഫറുകള്‍ പ്രതീക്ഷിച്ചുകൊണ്ട് നിരവധി ആളുകളാണ് പ്ലാന്‍ പുതുക്കിയത്.
കൂടാതെ ബി.എസ്.എന്‍.എല്‍ നെറ്റ്‌വര്‍ക്കുകളിലേക്ക് പരിമിതികളില്ലാത്ത കോളും മറ്റുനെറ്റ്‌വര്‍ക്കുകളിലേക്ക് പ്രതിദിനം 30 മിനുട്ട് കോളും പ്രതിദിനം മൂന്നു ജി.ബി ഡാറ്റയും ഓഫര്‍ ചെയ്യുന്ന 339 രൂപയുടെ പ്ലാനിന്റെ കാലാവധി 30 ദിവസത്തില്‍നിന്ന് 26 ദിവസമായി കുറച്ചു. ഏതു നെറ്റ്‌വര്‍ക്കുകളിലേക്കും പരിമിതികളില്ലാത്ത കോളും പ്രതിദിനം രണ്ടര ജി.ബി ഡാറ്റയും ഓഫര്‍ ചെയ്യുന്ന 349 രൂപയുടെ പ്ലാനിന്റെ കാലാവധി 28 ദിവസത്തില്‍നിന്ന് 26 ദിവസമായും കുറച്ചു. ഈ വിവരവും വരിക്കാരിലെത്തുന്നത് ദിവസങ്ങള്‍ കഴിഞ്ഞാണ്. ജിയോ ഉയര്‍ത്തിയ വെല്ലുവിളി മറികടക്കാനാണ് അടുത്തകാലത്ത് ബി.എസ്.എന്‍.എല്‍ ആകര്‍ഷകമായ ഓഫറുകള്‍ കൊണ്ടുവന്നത്. ഇതിനു മികച്ച പ്രതികരണം ലഭിക്കുന്നതിനിടയിലാണ് സേവനം വെട്ടിക്കുറയ്ക്കുന്നത്.
ഓഫറുകള്‍ കൂടിയപ്പോള്‍ ഉപയോഗം വര്‍ധിക്കുകയും അതുകാരണം നെറ്റ്‌വര്‍ക്കില്‍ തടസ്സങ്ങള്‍ നേരിടുകയും ചെയ്‌തെന്നും അതു കുറയ്ക്കാനാണ് കുറവു വരുത്തിയതെന്നുമാണ് ബി.എസ്.എന്‍.എല്‍ ഉദ്യോഗസ്ഥര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍, ഇതു യഥാസമയം വരിക്കാരെ അറിയിക്കാതിരുന്നതിനു കാരണം വിശദീകരിക്കാന്‍ അവര്‍ക്കാവുന്നില്ല. എസ്.എം.എസ് വഴി അറിയിക്കാന്‍ വൈകിയതിനു കാരണമറിയില്ലെന്നും എന്നാല്‍, പ്രധാനപ്പെട്ട ഓഫിസുകളില്‍ യഥാസമയം നോട്ടിസ് പതിച്ചിട്ടുണ്ടെന്നും അവര്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."