രണ്ടര കോടിയുടെ നിരോധിത നോട്ടുകളുമായി അഭിഭാഷകന്‍ ഉള്‍പ്പെടെ ആറംഗ സംഘം പിടിയില്‍
പെരിന്തല്‍മണ്ണ: നിരോധിച്ച 1000 രൂപയുടെ കറന്‍സികളുമായി അഭിഭാഷകനടക്കമുള്ള ആറംഗ സംഘം പെരിന്തല്‍മണ്ണയില്‍ പിടിയില്‍. പൊലിസ് നടത്തിയ പ്രത്യേക വാഹന പരിശോധനയിലാണ് രണ്ടു കാറുകളിലായി ഒളിപ്പിച്ച നിലയില്‍ രണ്ടു കോടി നാല്‍പ്പത്തിയാറു ലക്ഷം രൂപയുടെ നിരോധിച്ച 1000 രൂപയുടെ നോട്ടുകള്‍ കണ്ടെത്തിയത്. എയര്‍ പിസ്റ്റള്‍ അടക്കമുള്ള ആയുധങ്ങളുമായാണ് സംഘം ഇടപാടു നടത്താന്‍ എത്തിയത്.
തിരുവനന്തപുരം ബാലരാമപുരം സ്വദേശി അലിഫ് മന്‍സിലില്‍ മുഹമ്മദ് അനസ് (39), തിരുവനന്തപുരം വള്ളക്കടവ് ശ്രീ വിലാസ വീട്ടില്‍ അഡ്വ. കണ്ണന്‍ കൃഷ്ണകുമാര്‍ (33), ബീമാപ്പള്ളി സ്വദേശി മുഹമ്മദ് ഷാന്‍, പൂങ്കോട് സ്വദേശി മരുതാ വിളാകം അച്ചു (26), ബീമാപ്പള്ളി സ്വദേശി അന്‍സാറുദ്ധീന്‍ (39), അരീക്കോട് വിളയില്‍ സ്വദേശി തെക്കേയില്‍ അബ്ദുന്നാസര്‍ (29) എന്നിവരാണ് പെരിന്തല്‍മണ്ണയില്‍വച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയിലായത്.
മലപ്പുറം അരീക്കോട് ഭാഗത്തുള്ള ഏജന്റുമാര്‍ മുഖേന തിരുവനന്തപുരത്തെ സംഘങ്ങളുമായി ബന്ധപ്പെട്ട് കമ്മിഷന്‍ വ്യവസ്ഥയില്‍ ഇത്തരം നോട്ടുകള്‍ മാറ്റിയെടുക്കുന്ന സംഘങ്ങളെക്കുറിച്ച് പൊലിസിന് വ്യക്തമായ സൂചന ലഭിച്ചിട്ടുണ്ട്. സംഘത്തിന്റെ വാഹനത്തില്‍നിന്ന് കണ്ടെടുത്ത എയര്‍ പിസ്റ്റളിനെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തുമെന്നും പണത്തിന്റെ ഉറവിടത്തെക്കുറിച്ച് വ്യക്തമായ വിവരങ്ങള്‍ ലഭിച്ചതായും പെരിന്തല്‍മണ്ണ ഡിവൈ.എസ്.പി എം.പി മോഹനചന്ദ്രന്‍ അറിയിച്ചു.
ഡിവൈ.എസ്.പിക്കു ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ സി.ഐ ടി.എസ് ബിനു, എസ്.ഐ ഖമറുദ്ദീന്‍ എന്നിവരും പെരിന്തല്‍മണ്ണ ടൗണ്‍ ഷാഡോ പൊലിസും നടത്തിയ പ്രത്യേക പരിശോധനയിലാണ് പ്രതികള്‍ പിടിയിലായത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."