കോളജുകളിലെ അക്രമ സംഭവങ്ങളെക്കുറിച്ച് ഉപസമിതി അന്വേഷിക്കും
തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാലയ്ക്ക് കീഴിലെ കോളജുകളിലുണ്ടായ അക്രമസംഭവങ്ങളെക്കുറിച്ച് സിന്‍ഡിക്കേറ്റ് ഉപസമിതി അന്വേഷിക്കും. ഇതിനായി സിന്‍ഡിക്കേറ്റംഗങ്ങളായ ഡോ. പി.സി ബാബു ചെയര്‍മാനും ഡോ. വിദ്യാസാഗര്‍, ഡോ. ടി.പി അഹമ്മദ് എന്നിവര്‍ അംഗങ്ങളുമായ ഉപസമിതിയെ നിയോഗിച്ചു. കോളജ് അധ്യാപകര്‍ക്കു നേരെയും കാംപസിലെ വസ്തു വകകള്‍ക്കും നേരെയുമുണ്ടായ അക്രമങ്ങളെക്കുറിച്ചാണ് അന്വേഷണം. മൊകേരി ഗവ. കോളജ്, ഫാറൂഖ് കോളജ്, എം.ഇ.എസിന്റെ പൊന്നാനി, കൊടുങ്ങല്ലൂര്‍ കോളജുകളിലാണ് കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ വിദ്യാര്‍ഥി സംഘടനകളുടെയും കോളജിന് പുറത്തുള്ള സംഘടനാ പ്രവര്‍ത്തകരുടേയും ആക്രമണമുണ്ടായത്.
പൊന്നാനി എം.ഇ.എസ് കോളജില്‍ അക്രമസംഭവത്തെ തുടര്‍ന്ന് എസ്.എഫ്.ഐ പ്രവര്‍ത്തകരായ 15 വിദ്യാര്‍ഥികളെ സസ്‌പെന്‍ഡ് ചെയ്യുകയും 11 വിദ്യാര്‍ഥികളെ ഡിസ്മിസ് ചെയ്യുകയും ചെയ്തിരുന്നു. സംഭവത്തെ തുടര്‍ന്ന് കോളജ് മാനേജ്‌മെന്റ് കേസും നല്‍കിയിട്ടുണ്ട്. മൊകേരി ഗവ. കോളജില്‍ അധ്യാപകരെ പുറത്തു നിന്നുള്ളവര്‍ റോഡില്‍ തടഞ്ഞു നിര്‍ത്തി ഭീഷണിപ്പെടുത്തിയതായും പരാതി ഉയര്‍ന്നിട്ടുണ്ട്.
ഫാറൂഖ് കോളജ് പ്രിന്‍സിപ്പലിന്റെ കാര്‍ തടഞ്ഞു നിര്‍ത്തി വിദ്യാര്‍ഥികള്‍ ഭീഷണിപ്പെടുത്തിയതും പരാതിയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."