കേരളത്തില്‍ ഒരു മാസം ഹിന്ദുമതത്തിലേക്ക് മാറുന്നത് 30 പേര്
കോഴിക്കോട്: മതപരിവര്‍ത്തനം വാര്‍ത്തകളില്‍ നിറയുമ്പോള്‍ കേരളത്തില്‍ നടക്കുന്ന ഹിന്ദു മതത്തിലേക്കുള്ള മാറ്റവും ചര്‍ച്ചകളില്‍ ഇടം പിടിക്കുന്നു. കേരളത്തില്‍ ഒരുമാസം ശരാശരി 30 പേര് ഹിന്ദു മതത്തിലേക്കു മാറുന്നുണ്ടെന്നാണ് ഇന്റലിജന്‍സിന്റെ വിവരം. കോഴിക്കോട് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന ആര്യ സമാജത്തില്‍ വച്ചാണ് കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേരെ ഹിന്ദു മതത്തിലേക്ക് പരിവര്‍ത്തനം ചെയ്യുന്നത്. പതിനഞ്ചോളം പേരാണ് മാസം തോറും ഇവിടെ വച്ച് ഹിന്ദുമതം സ്വീകരിക്കുന്നതെന്നാണ് ഇന്റലിജന്‍സ് വിവരം. മതം മാറ്റത്തിനായി ഇവിടെ എത്തുന്നവരെ ഹിന്ദു മതാചാര പ്രകാരം വിവാഹം ചെയ്തു കൊടുക്കുന്നുമുണ്ട്.
കേരളത്തില്‍ അഞ്ചു സ്ഥാപനങ്ങള്‍ക്കാണ് ഹിന്ദുമത പരിവര്‍ത്തനത്തിന് അംഗീകാരം നല്‍കിയിട്ടുള്ളത്. അഖില ഭാരത അയ്യപ്പ സേവാ കേന്ദ്രം, കേരള ഹിന്ദു മിഷന് ട്രിവാന്‍ഡ്രം, കോഴിക്കോട് ആര്യ സമാജം, ശ്രീരാമ ദാസ മിഷന് തിരുവനന്തപുരം, ഓള് കേരള ദയാനന്ദ സാല്‍വേ മിഷന് ട്രിവാന്‍ഡ്രം എന്നീ സ്ഥാപനങ്ങള്‍ക്കാണ് കേരളത്തില്‍ ഹിന്ദു മത പരിവര്‍ത്തന സര്‍ട്ടിഫിക്കറ്റ് നല്കാന് സര്‍ക്കാര്‍ അനുമതിയുള്ള സ്ഥാപനങ്ങള്‍. ഇതില്‍ ഏറ്റവും സജീവമായി പ്രവര്‍ത്തിക്കുന്നത് കോഴിക്കോട്ടെ കേന്ദ്രമാണ്.
മറ്റു കേന്ദ്രങ്ങളില്‍ നിന്നെല്ലാം കൂടി 15 പേരാണ് മാസം തോറും ഹിന്ദു മതത്തിലേക്ക് മാറുന്നത്. ഈ കേന്ദ്രങ്ങളിലെത്തുന്നവര്‍ ഭൂരിപക്ഷവും വിവാഹ ആവശ്യത്തിനാണ് വരുന്നത്. എന്നാല്‍ നിര്‍ബന്ധിപ്പിച്ചു മതം മാറ്റുന്നവര്‍ക്കും ഇവിടെ നിന്ന് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നുണ്ടെന്നാണ് വിവരം. സ്വന്തം ഇഷ്ടപ്രകാരമാണ് മതം മാറുന്നതെന്ന് ഇവിടെ വച്ച് നിര്‍ബന്ധപൂര്‍വം എഴുതിപ്പിക്കുന്നതായും പരാതി ഉയരുന്നുണ്ട്.
ദിവസങ്ങള്‍ക്ക് മുന്‍പ് ഭര്‍ത്താവില്‍ നിന്ന് ക്രൂരമായ മര്‍ദനമേറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച മഞ്ചേരി പാണ്ടിക്കാട് പന്തലൂരിലെ ദില്‍ന എന്ന സ്ത്രീ കോഴിക്കോട്ടെ ആര്യ സമാജത്തില്‍ വച്ചാണ് മതം മാറിയത്. ഭര്‍ത്താവിന്റെ നിര്‍ബന്ധ പ്രകാരമാണ് മതം മാറ്റമെന്നും തന്നെക്കൊണ്ട് നിര്‍ബന്ധിപ്പിച്ച് എഴുതിയതിന് ശേഷമാണ് മതംമാറ്റ സര്‍ട്ടിഫിക്കറ്റ് നല്‍കിയതെന്നും ദില്‍ന പറഞ്ഞു.
കേരളത്തില്‍ ഹിന്ദുമത പരിവര്‍ത്തനത്തിനായി അഞ്ചു അംഗീകൃത കേന്ദ്രങ്ങളുള്ളപ്പോള് ഇസ്ലാം മത പരിവര്‍ത്തനത്തിനായി രണ്ടു അംഗീകൃത കേന്ദ്രങ്ങളാണുള്ളത്. കോഴിക്കോട്ടെ തര്‍ബിയത്തുല്‍ ഇസ്ലാം സഭ, പൊന്നാനി മഊനത്തുല്‍ ഇസ്്ലാം എന്നീ സ്ഥാപനങ്ങള്‍ക്കാണ് മത പരിവര്‍ത്തന സര്‍ട്ടിഫിക്കറ്റു നല്കാന് സര്‍ക്കാരിന്റെ അനുമതി ഉള്ളത്. സ്വന്തം ഇഷ്ടപ്രകാരം മതം മാറുകയാണെന്ന നോട്ടറി അഫിഡവിറ്റ് നല്കിയാല് മാത്രമേ ഇവിടെ പ്രവേശനവും സര്‍ട്ടിഫിക്കറ്റും ലഭിക്കുകയുള്ളു. മതം മാറാനെത്തുന്നവരുടെ മതാപിതാക്കളുമായും ബന്ധുക്കളുമായും സംസാരിക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്. മതാപിതാക്കളോടൊപ്പം തിരിച്ചു പോവാന്‍ താല്പര്യമുള്ളവര്ക്ക് അതിനും അനുവാദം നല്‍കുന്നുണ്ട്. മാസം തോറും മത പരിവര്ത്തനത്തിനെത്തുന്നവരുടെ കൃത്യമായ പേരും വിവരവും പൊലിസിന് കൈമാറുന്നുമുണ്ട്.
ഇവിടെ എത്തുന്നവര്‍ക്കു വൈകിട്ടും ഒഴിവു ദിനങ്ങളിലും പുറത്തു പോവാനും അനുമതി നല്‍കുന്നുണ്ട്. കാണാനെത്തുന്നവര്‍ക്ക് പ്രവേശന അനുമതിയുമുണ്ട്. തര്‍ബിയ്യത്തുല്‍ ഇസ്ലാം സഭയാകട്ടെ വിവാഹം നടത്തി കൊടുക്കുന്നില്ല. വിവാഹ സര്‍ട്ടിഫിക്കറ്റും ഇവര്‍ നല്‍കുന്നില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."