കണ്ണൂര്‍ കലക്ടറേറ്റിലെ മോഷണം: രണ്ടു പേര്‍ അറസ്റ്റില്‍
കണ്ണൂര്‍: അതീവസുരക്ഷയുള്ള കണ്ണൂര്‍ കലക്ടറേറ്റില്‍ മോഷണം നടത്തി പൊലിസിനെ ഞെട്ടിച്ച സംഭവത്തില്‍ രണ്ടു പേര്‍ അറസ്റ്റില്‍. കോഴിക്കോട് കൂടരഞ്ഞി കൂലത്തുംകടവ് ഒന്നാംതൊടിയിലെ കെ.പി ബിനോയ്( 35), പേരാവൂരിലെ കൂരാക്കുണ്ട് ഹൗസില്‍ കെ.വി മത്തായി എന്ന ഓന്ത് മത്തായി (53) എന്നിവരെയാണ് സി.ഐ രത്‌നകുമാറും സംഘവും അറസ്റ്റ് ചെയ്തത്.
ഇതിനു മുന്‍പ് കോഴിക്കോട്ടെ കോടതിയില്‍ സൂക്ഷിച്ച ഒരുലക്ഷം രൂപയുടെ കള്ളനോട്ട് മോഷ്ടിച്ച കേസില്‍ മൂന്നു വര്‍ഷം തടവുശിക്ഷയനുഭവിച്ചയാളാണ് ബിനോയ്. ജയിലില്‍ നിന്ന് പരിചയപ്പെട്ട ഇരുവരും പുറത്തിറങ്ങിയശേഷം പുതിയ മോഷണം നടത്താന്‍ പദ്ധതി ഇടുകയായിരുന്നു.
ആദ്യം കലക്ടറേറ്റിനു സമീപത്തെ പെട്രോള്‍പമ്പില്‍ മോഷണം നടത്താന്‍ ശ്രമിച്ചെങ്കിലും വാഹനങ്ങള്‍ വന്നതിനാല്‍ മതില്‍ ചാടി കലക്ടറേറ്റിനുള്ളില്‍ കടക്കുകയായിരുന്നു. മോഷണത്തിന് ശേഷം വയനാട്ടിലേക്ക് പോയ ഇരുവരും തിരിച്ച് കണ്ണൂരിലെത്തിയപ്പോഴാണ് പിടിയിലായത്.
മൊബൈല്‍ ഫോണ്‍ ടവറുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിയപ്പോഴാണ് പൊലിസിന് കേസില്‍ തുമ്പുണ്ടാക്കാന്‍ കഴിഞ്ഞത്. ഇരുവരെയും കോടതി റിമാന്‍ഡ് ചെയ്തു. ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലര്‍ച്ചെയാണ് കലക്ടറേറ്റ് കെട്ടിടത്തിലെ ലോട്ടറി ഓഫിസുള്‍പ്പെടെയുള്ള മുറികളിലും തൊട്ടടുത്ത കാന്റീനിലും കവര്‍ച്ച നടന്നത്. ഓഫിസുകളില്‍ നിന്ന് ഒന്നും നഷ്ടപ്പെട്ടില്ലെങ്കിലും കാന്റീനിലെ അലമാരയില്‍ സൂക്ഷിച്ച 20,000 രൂപ മോഷ്ടാക്കള്‍ അപഹരിച്ചിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."