മലബാര്‍ സിമന്റ്‌സ് അഴിമതി; വി.എം. രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടി
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദവ്യവസായി വി.എം.രാധാകൃഷ്ണന്റെ 23 കോടി രൂപയുടെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
വയനാട്, പാലക്കാട്, കോഴിക്കോട്, തിരുവനന്തപുരം ജില്ലകളില്‍ 2004-2008 കാലയളവില്‍ രാധാകൃഷ്ണന്‍ സമ്പാദിച്ച ഹോട്ടല്‍, ഫഌറ്റ് തുടങ്ങിയവ ഉള്‍പ്പെടെ 11 ആസ്തികളാണ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സ് അഴിമതിക്കഥകള്‍ പുറത്തുവന്ന കാലയളവില്‍ തന്നെയായിരുന്നു മുന്‍ കമ്പനി സെക്രട്ടറി ശശീന്ദ്രനേയും രണ്ട് മക്കളെയും ദുരൂഹസാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.
ഇതുമായി ബന്ധപ്പെട്ട് സി.ബി.ഐ രാധാകൃഷ്ണനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഓഗസ്റ്റ് ആദ്യവാരം രാധാകൃഷ്ണന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് പരിശോധന നടത്തിയിരുന്നു. 2004-2008 കാലയളില്‍ മലബാര്‍ സിമന്റ്‌സില്‍ കരാറുകാരനായിരുന്നു രാധാകൃഷ്ണന്‍. മുംബൈയിലെ റീച്ചി ടെക് കമ്പനിയുടെ ഏജന്‍സിയായിരുന്ന രാധാകൃഷ്ണന്‍ കമ്പനിയില്‍ നിന്ന് കൊണ്ടുവന്നിരുന്ന ചാക്ക് അമിതനിരക്കില്‍ മലബാര്‍ സിമന്റ്‌സിന് നല്‍കിയെന്നായിരുന്നു വിജിലന്‍സിന്റെ കണ്ടെത്തല്‍. കരാറിലൂടെ 23 കോടി രൂപയോളം നഷ്ടം സംഭവിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ടില്‍ വിജിലന്‍സ് വ്യക്തമാക്കിയത്. സ്വത്തുക്കള്‍ കണ്ടുകെട്ടുന്ന നടപടിയെക്കുറിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റില്‍ നിന്ന് യാതൊരു വിവരവും ലഭിച്ചിട്ടില്ലെന്നും 1.99 ലക്ഷം രൂപയുടെ വസ്തുക്കള്‍ കൈമാറരുതെന്ന് നോട്ടിസ് നല്‍കുക മാത്രമാണ് ഉണ്ടായിട്ടുള്ളതെന്നുമാണ് വി.എം.രാധാകൃഷ്ണന്റെ പ്രതികരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."