പുണ്യഭൂമിയില്‍നിന്ന് അവരെത്തി; ജീവിത സാഫല്യത്തിന്റെ നിര്‍വൃതിയുമായി
നെടുമ്പാശ്ശേരി: സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ യാത്ര തിരിച്ചിരുന്ന 300 ഹാജിമാരുമായി പുണ്യഭൂമിയില്‍നിന്നുള്ള ആദ്യ ഹജ്ജ് വിമാനം നെടുമ്പാശ്ശേരിയിലെത്തി.
ഇന്നലെ രാവിലെ 6.36 നാണ് സഊദി എയര്‍ലൈന്‍സിന്റെ എസ്.വി 5346 നമ്പര്‍ ചാര്‍ട്ടേര്‍ഡ് വിമാനം എത്തിയത്. പുലര്‍ച്ചെ 5.45 നാണ് വിമാനം എത്തുമെന്ന് അറിയിച്ചിരുന്നതെങ്കിലും മോശം കാലാവസ്ഥയെ തുടര്‍ന്നാണ് വിമാനമിറങ്ങാന്‍ താമസം നേരിട്ടത്. രാവിലെ 7.30 ഓടെ ആദ്യ സംഘം ഹാജിമാര്‍ വിമാനത്താവളത്തിലെ പുതിയ അന്താരാഷ്ട്ര ടെര്‍മിനലായ ടി 3യുടെ പുറത്തെത്തി. ജീവിത സാഫല്യം നിറവേറ്റാന്‍ കഴിഞ്ഞതിന്റെ ആത്മനിര്‍വൃതിയിലെത്തിയ ഹാജിമാരെ സ്വീകരിക്കാന്‍ ബന്ധുക്കളും സുഹൃത്തുക്കളുമായി നിരവധി പേര്‍ എത്തിയിരുന്നു. കുറ്റമറ്റ സംവിധാനങ്ങളാണ് ഹാജിമാരെ സ്വീകരിക്കാന്‍ സിയാലിന്റെ സഹായത്തോടെ സംസ്ഥാന ഹജ്ജ് കമ്മിറ്റി ടെര്‍മിനലിന് അകത്തും പുറത്തുമായി ഏര്‍പ്പെടുത്തിയിരുന്നത്. രാവിലെ എട്ടോടെ മുഴുവന്‍ ഹാജിമാരെയും പുറത്തെത്തിക്കാന്‍ സാധിച്ചു.
എമിഗ്രേഷന്‍,കസ്റ്റംസ് പരിശോധനകള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കി വളണ്ടിയര്‍മാരും ഹജ്ജ് സെല്‍ ഉദ്യോഗസ്ഥരും ഹാജിമാരുടെ ലഗേജുകളുമായി പുറത്ത് കാത്തുനിന്നിരുന്ന ബന്ധുക്കളുടെ സമീപം എത്തിക്കുകയായിരുന്നു. ഓരോ ഹാജിക്കും അഞ്ച് ലിറ്റര്‍ വീതം സംസം വെള്ളം ടെര്‍മിനലിന് അകത്ത്‌വച്ച് തന്നെ നല്‍കി. വളണ്ടിയര്‍മാരോടൊപ്പം പുറത്തേക്ക് വന്ന ഹാജിമാരെ ബന്ധുക്കള്‍ ആലിംഗനം ചെയ്തും മറ്റും സ്വീകരിക്കുന്ന വികാരനിര്‍ഭരമായ രംഗങ്ങള്‍ക്കാണ് ഇന്നലെ നെടുമ്പാശ്ശേരി വിമാനത്താവളം സാക്ഷ്യം വഹിച്ചത്.
മൂന്ന് വിമാനങ്ങളിലായി 900 പേര്‍ കൂടി ഇന്ന് നെടുമ്പാശ്ശേരിയിലെത്തും. സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ തൊടിയൂര്‍ മുഹമ്മദ് കുഞ്ഞ് മൗലവി,മുന്‍ എം.എല്‍.എ എ.എം യൂസഫ്, ഹജ്ജ് കമ്മിറ്റി അസി.സെക്രട്ടറി ടി.കെ അബ്ദുല്‍ റഹ്മാന്‍, ഹജ്ജ് സെല്‍ ഓഫിസര്‍ എ. അബ്ദുല്‍ ലത്തീഫ്, അസി.സെല്‍ ഓഫിസര്‍ നജീബ്, ഹജ്ജ് കമ്മിറ്റി അംഗങ്ങളായ മുഹമ്മദ് ബാബു സേട്ട്, ഷെരീഫ് മണിയാട്ടുകുടി, ജില്ലാ ട്രെയിനര്‍ മുസ്തഫ ടി. മുത്തു, മുസമ്മില്‍ ഹാജി, അനസ് ഹാജി തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ഹാജിമാരെ സ്വീകരിച്ചത്. ഹാജിമാരെ സ്വീകരിക്കാന്‍ ഭരണ-പ്രതിപക്ഷത്ത്‌നിന്നുമുള്ള ജനപ്രതിനിധികള്‍ ആരും തന്നെ വിമാനത്താവളത്തില്‍ എത്താതിരുന്നത് പ്രത്യേകം ശ്രദ്ധിക്കപ്പെട്ടു. രാഷ്ട്രീയ നേതാക്കളില്‍ മുന്‍ എം.എല്‍.എ എ.എം യൂസഫ് മാത്രമാണ് വിമാനത്താവളത്തിലെത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."