നിയമനാംഗീകാരം: കടമ്പകള്‍ ഏറെ
ചെറുവത്തൂര്‍: ഈ അധ്യയനവര്‍ഷത്തെ എയ്ഡഡ് വിദ്യാലയങ്ങളിലെ നിയമനാംഗീകാര ഫയലുകളില്‍ 28 നകം തീര്‍പ്പുകല്‍പ്പിക്കണമെന്ന നിര്‍ദേശത്തിന്റെ ഗുണഫലം കെ-ടെറ്റ് യോഗ്യത നേടാത്തവര്‍ക്ക് ലഭിക്കില്ല. ഈ വര്‍ഷം ടെറ്റ് യോഗ്യതയില്‍ ഇളവ് അനുവദിച്ച് ഉത്തരവിറങ്ങിയില്ലെങ്കില്‍ മാനേജര്‍മാര്‍ നിയമനം നടത്തിയ നിരവധി അധ്യാപകര്‍ പ്രതിസന്ധിയിലാകും. തസ്തിക നിര്‍ണയം അതിവേഗം പൂര്‍ത്തിയായതിന്റെ അടിസ്ഥാനത്തിലാണ് നിയമനാംഗീകാര നടപടികള്‍ വേഗത്തിലാക്കാന്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയത്. അധ്യാപകരുടെ കെ- ടെറ്റ് യോഗ്യത, നിയമനങ്ങളിലെ അനുപാതം, 2016-17 വര്‍ഷത്തെ നിയമനാംഗീകാരം എങ്ങനെയെന്നതുള്‍പ്പെടെ നിരവധി സംശയങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഡി.പി.ഐ പ്രതിനിധിതന്നെ ഓരോ ജില്ലയിലുമെത്തി നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു.
രാജി,റിട്ടയര്‍മെന്റ്, മരണം,പ്രമോഷന്‍, അധിക തസ്തിക നിയമനങ്ങള്‍ക്ക് ഈ വര്‍ഷം കെ- ടെറ്റ് നിര്‍ബന്ധമാണെന്ന നിര്‍ദേശമാണ് നല്‍കിയിരിക്കുന്നത്. കഴിഞ്ഞ അധ്യയന വര്‍ഷം വരെ നിയമിതരായവര്‍ക്ക് ഈ മാര്‍ച്ച് വരെ ടെറ്റ് യോഗ്യത നേടാന്‍ സമയം അനുവദിച്ചിട്ടുണ്ട്. അതിനാല്‍ ഈ വര്‍ഷം കൂടി ഇളവു ലഭിക്കുമെന്ന പ്രതീക്ഷയിലാണ് എയ്ഡഡ് വിദ്യാലയങ്ങളില്‍ നിരവധിപേര്‍ ജോലിയില്‍ പ്രവേശിച്ചത്. ഈ വര്‍ഷം ഇളവുണ്ടായില്ലെങ്കില്‍ 28 നു ശേഷം നിയമനാംഗീകാര പ്രപ്പോസലുകള്‍ കൂട്ടത്തോടെ തള്ളുന്ന സ്ഥിതിയുണ്ടാകും. അതേസമയം 2016-17 അധ്യയന വര്‍ഷത്തില്‍ നിയമിതരായവര്‍ കടുത്ത ആശങ്കയിലാണ്. തസ്തിക നിര്‍ണയവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ കോടതി വിധിന്യായത്തിനു ശേഷമേ ഇവരുടെ നിയമനാംഗീകാര ഫയലുകളില്‍ തീര്‍പ്പ് കല്‍പ്പിക്കൂ എന്നാണു അറിയിച്ചിരിക്കുന്നത്. ഇത് മൂലം ടെറ്റ് യോഗ്യതയുള്ള, ഈ വര്‍ഷം ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് നിയമനം ലഭിക്കുകയും കഴിഞ്ഞ വര്‍ഷം നിയമിതരായവര്‍ക്ക് അംഗീകാരം ലഭിക്കാത്ത സ്ഥിതിയുമുണ്ടാകും.
1:1 അനുപാതത്തില്‍ അധിക തസ്തികകളിലെ നിയമനം എന്നത് കര്‍ശനമായി നടപ്പിലാക്കാനും നിര്‍ദേശമുണ്ട്. ഒന്ന് മാനേജര്‍ നിയമിക്കുമ്പോള്‍ ഒന്ന് പ്രൊട്ടക്ടഡ് അധ്യാപകനെ നിയമിക്കണം എന്നതാണ് നിര്‍ദേശം. എന്നാല്‍ മിക്ക ജില്ലകളിലും അധ്യാപക ബാങ്കില്‍ സംരക്ഷിത അധ്യാപകരില്ല. ഇങ്ങനെ വരുമ്പോള്‍ എന്തുചെയ്യും എന്നതും ആശങ്കയായി നിലനില്‍ക്കുന്നു.
കെ -ടെറ്റ് വിജയശതമാനം ഇക്കുറിയും ഉയര്‍ന്നില്ല
ചെറുവത്തൂര്‍: ഓഗസ്റ്റില്‍ നടത്തിയ കെ-ടെറ്റ് അധ്യാപക യോഗ്യതാ പരീക്ഷയിലും കൂട്ടത്തോല്‍വി. നാലു കാറ്റഗറികളിലായി 71,941 പേര്‍ പരീക്ഷ എഴുതിയതില്‍ 11,517 പേര്‍ മാത്രമാണ് പരീക്ഷ വിജയിച്ചത്. കാറ്റഗറി ഒന്നില്‍ 21,006 പേര്‍ പരീക്ഷ എഴുതിയതില്‍ 2,035 പേര്‍ വിജയിച്ചു. കാറ്റഗറി രണ്ടില്‍ 20,539 പേരില്‍ 7,309 പേര്‍ വിജയിച്ചു. കാറ്റഗറി മൂന്നില്‍ 23,442 പേരില്‍ 1,178 പേര്‍ക്ക് മാത്രമാണ് വിജയിക്കാനായത്. കാറ്റഗറി നാലില്‍ 6,954 പേര്‍ പരീക്ഷയെഴുതിയതില്‍ 995 പേരുമാണ് വിജയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."