ശ്രീകാന്ത് പ്രണോയ് ക്വാര്‍ട്ടറില്‍; സിന്ധു, സൈന പുറത്ത്
ടോക്യോ: ജപ്പാന്‍ ഓപണ്‍ സൂപ്പര്‍ സീരീസ് ബാഡ്മിന്‍ണ്‍ പോരാട്ടത്തിലെ ഇന്ത്യന്‍ പ്രതീക്ഷകളായിരുന്ന പി.വി സിന്ധു, സൈന നേഹ്‌വാള്‍ എന്നിവര്‍ വനിതാ സിംഗിള്‍സ് രണ്ടാം റൗണ്ട് പോരാട്ടത്തില്‍ പരാജയപ്പെട്ട് പുറത്തായി. പ്രതീക്ഷകള്‍ക്ക് ചിറക് നല്‍കി പുരുഷ സിംഗിള്‍സില്‍ കിഡംബി ശ്രീകാന്ത്, മലയാളി താരം എച്.എസ് പ്രണോയ് എന്നിവര്‍ ക്വാര്‍ട്ടറിലേക്ക് മുന്നേറി. മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണാവ് ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി സഖ്യവും ക്വാര്‍ട്ടര്‍ ബര്‍ത്ത് ഉറപ്പിച്ചു. ജപ്പാന്‍ ഓപണിലെ ഇന്ത്യന്‍ പ്രതീക്ഷകളും ഇനി ഇവരില്‍ മാത്രമാണ്. വനിതാ സിംഗിള്‍സില്‍ സിന്ധു നോസോമി ഒകുഹാരയോടും സൈന കരോലിന മരിനോടുമാണ് പരാജയം ഏറ്റുവാങ്ങിയത്.
ഒരിക്കല്‍ കൂടി സിന്ധുവും ജപ്പാന്‍ താരവും ലോക ചാംപ്യന്‍ഷിപ്പിലെ കിരീട ജേത്രിയുമായ നോസോമി ഒകുഹാരയും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ഇത്തവണ ഒകുഹാരയ്‌ക്കൊപ്പമായിരുന്നു വിജയം. ഒരു മാസത്തിനിടെ മൂന്നാം തവണയാണ് ഇരുവരും ഏറ്റുമുട്ടിയത്. സിന്ധുവും ഒകുഹാരയും ഏറ്റുമുട്ടുമ്പോള്‍ മത്സരം കടുക്കാറുണ്ട്. ലോക ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ 83 മിനുട്ട് മത്സരം നീണ്ടപ്പോള്‍ കൊറിയ ഓപണിന്റെ ഫൈനലില്‍ 110 മിനുട്ടാണ് പോരാട്ടം നീണ്ടത്. എന്നാല്‍ ഇത്തവണ മുക്കാല്‍ മണിക്കൂര്‍ കൊണ്ട് സിന്ധു കീഴടങ്ങി. സ്‌കോര്‍: 18-21, 8-21.
ഒളിംപിക് ജേത്രിയായ സ്‌പെയിനിന്റെ കരോലിന മരിനാണ് സൈനയുടെ പ്രതീക്ഷ തല്ലിക്കെടുത്തിയത്. രണ്ട് സെറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 16-21, 13-21 എന്ന സ്‌കോറിനാണ് മരിന്റെ വിജയം.
ലോക എട്ടാം നമ്പര്‍ താരമായ ശ്രീകാന്ത് ഹോങ്കോങ് താരം ഹു യുനിനെയാണ് പരാജയപ്പെടുത്തിയത്. അനായാസമായാണ് ശ്രീകാന്ത് മത്സരം സ്വന്തമാക്കിയത്. സ്‌കോര്‍: 21-12, 21-11. ക്വാര്‍ട്ടറില്‍ ലോക ചാംപ്യന്‍ വിക്ടര്‍ അക്‌സല്‍സനാണ് ശ്രീകാന്തിന്റെ എതിരാളി.
മലയാളി താരം പ്രണോയ് ചൈനീസ് തായ്‌പേയ് താരമായ സു ജെന്‍ ഹോയെയാണ് വീഴ്ത്തിയത്. രണ്ടാം സെറ്റില്‍ കടുത്ത പോരാട്ടം നേരിട്ടെങ്കിലും അന്തിമ വിജയം പ്രണോയ് പിടിച്ചെടുക്കുകയായിരുന്നു. സ്‌കോര്‍: 21-16, 23-21. ക്വാര്‍ട്ടറില്‍ ചൈനയുടെ ലോക രണ്ടാം നമ്പര്‍ താരമായ ഷി യുഖിയാണ് പ്രണോയിയുടെ എതിരാളി.
മിക്‌സഡ് ഡബിള്‍സില്‍ ഇന്ത്യയുടെ പ്രണാവ് ജെറി ചോപ്ര- എന്‍ സിക്കി റെഡ്ഡി സഖ്യം ജപ്പാന്‍ സഖ്യമായ യുകി കനെകോ- കൊഹരു യോനെമോടൊ സഖ്യത്തെ അനായാസം വീഴ്ത്തിയാണ് അവസാന എട്ടിലേക്ക് കടന്നത്. സ്‌കോര്‍: 21-13, 21-17.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."