സുഹ്‌റബുദ്ദീന്‍ കേസ്: കുറ്റവിമുക്തരാക്കണമെന്ന പൊലിസുകാരുടെ ആവശ്യം തള്ളി
ന്യൂഡല്‍ഹി: സുഹ്‌റബുദ്ദീന്‍ ശൈഖിനെയും തുള്‍സിറാം പ്രജാപതിയെയും വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ കുറ്റവിമുക്തരാക്കണമെന്ന രണ്ട് പൊലിസ് ഉദ്യോഗസ്ഥരുടെ ആവശ്യം കോടതി തള്ളി. ഗുജറാത്ത് പൊലിസിലെ മുന്‍ എസ്.ഐ ബാലകൃഷ്ണ ചൗബെ, രാജസ്ഥാന്‍ പൊലിസിലെ ഹെഡ്‌കോണ്‍സ്റ്റബിള്‍ ആയിരുന്ന കര്‍ട്ടാര്‍ സിങ് ജാട്ട് എന്നിവരുടെ ഹരജികളാണ് ഗുജറാത്തിലെ സി.ബി.ഐ വിചാരണക്കോടതി തള്ളിയത്.
സുഹ്‌റബുദ്ദീനെ കൊലപ്പെടുത്തുന്നതിലും തട്ടിക്കൊണ്ടുപോവുന്നതിലും ഇവര്‍ക്കെതിരേ മതിയായ തെളിവുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. അടുത്തവാദം കേള്‍ക്കല്‍ ദിവസം കേസിലെ 23 പ്രതികള്‍ക്കെതിരേയും സി.ബി.ഐ കോടതി കുറ്റംചുമത്തും.
കേസ് ബുധനാഴ്ച പരിഗണിക്കുമ്പോള്‍ പ്രതികള്‍ക്കെതിരേ കുറ്റംചുമത്താന്‍ സാധ്യതയുള്ളതിനാല്‍ എല്ലാ പ്രതികളോടും ഹജരാവാന്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, കനത്ത മഴകാരണം ഏതാനും പ്രതികള്‍ മാത്രമാണ് ബുധനാഴ്ച കോടതിയില്‍ എത്തിയത്. ഇതോടെയാണ് കുറ്റംചുമത്തുന്ന നടപടി മാറ്റിവച്ചത്. കേസ് റദ്ദാക്കണമെന്ന ഗുജറാത്ത് പൊലിസിലെ ശാന്താറാം ശര്‍മയുടെയും നരസിംഹ ദുബയുടെയും ആവശ്യം കഴിഞ്ഞയാഴ്ച കോടതി നിരസിച്ചിരുന്നു.
കേസില്‍ കഴിഞ്ഞമാസം ഒന്നിനു മുഖ്യപ്രതികളായിരുന്ന ഗുജറാത്ത് ഭീകരവിരുദ്ധ വിഭാഗം മേധാവി (എ.ടി.എസ്) ഡി.ജി വന്‍സാര, ഗുജറാത്ത് കേഡര്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ ദിനേഷ് എന്നിവരെ കുറ്റവിമുക്തരാക്കിയിരുന്നു. കേസില്‍ ഗുജറാത്തിലെ മുതിര്‍ന്ന ഐ.പി.എസ് ഉദ്യോഗസ്ഥന്‍ നരേന്ദ്രകുമാര്‍ അമിനെ കുറ്റവിമുക്തനാക്കിയ നടപടി ചോദ്യംചെയ്ത് സി.ബി.ഐ സമര്‍പ്പിച്ച ഹരജി മുംബൈ ഹൈക്കോടതിയുടെ പരിഗണനയിലാണ്.
2005 നവംബറിലാണ് ബി.ജെ.പി അനുയായിയും അധോലോകബന്ധവുമുള്ള സുഹ്‌റബുദ്ദീന്‍ ശൈഖിനെ നിരോധിത സംഘടനയായ ലഷ്‌കറേ ത്വയ്ബ അംഗമാണെന്നാരോപിച്ച് ഗുജറാത്ത് പൊലിസ് വെടിവച്ചുകൊന്നത്. സുഹ്‌റബുദ്ദീനെയും ഭാര്യ കൗസര്‍ബിയെയും ഹൈദരാബാദില്‍ നിന്നു തട്ടിക്കൊണ്ടുപോയ ശേഷം വെടിവച്ചുകൊല്ലുകയായിരുന്നുവെന്നാണ് കേസ്. സുഹ്‌റബുദ്ദീനെ കൊലപ്പെടുത്തുന്നതിനു ദൃക്‌സാക്ഷിയായ പ്രജാപതിയെ 2006ല്‍ കൊലപ്പെടുത്തിയിരുന്നു. ഈ രണ്ടു കേസും ഒന്നിച്ചാണ് സി.ബി.ഐ അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."