വാഹന പരിശോധനക്കിടെ 1400 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി
കോഴിക്കോട്: വാഹന പരിശോധനക്കിടെ ഹൈവേ പൊലിസ് 1400 ലിറ്റര്‍ സ്പിരിറ്റ് പിടികൂടി. നാഗര്‍കോവിലിലേക്ക് വാഹനത്തില്‍ കൊണ്ടുപോവുകയായിരുന്ന സ്പിരിറ്റാണ് പിടികൂടിയത്. സംഭവത്തില്‍ തിരുവനന്തപുരം ബാലരാമപുരം സ്വദേശി അതിയന്നൂര്‍ വസന്തവിലാസത്തില്‍ അജി (26) പൊലിസിന്റെ പിടിയിലായി. ഇയാളാണ് വാഹനമോടിച്ചിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒന്നോടെയാണ് സംഭവം. വെങ്ങളം-പൂളാടിക്കുന്ന് ബൈപാസില്‍ പാലോറമല ജങ്ഷനില്‍ വാഹനപരിശോധന നടത്തുകയായിരുന്ന ഹൈവേ പൊലിസ് നാളികേരം കയറ്റിവന്ന ആപ്പ എയ്‌സ് പിക്കപ്പ്‌വാന്‍ തടഞ്ഞ് പരിശോധിക്കുകയായിരുന്നു. വാഹനം പരിശോധിച്ചപ്പോള്‍ നാളികേരം കയറ്റിയതാണെന്നു ബോധ്യപ്പെട്ടെങ്കിലും അജിയുടെ പെരുമാറ്റത്തില്‍ സംശയം തോന്നി. തുടര്‍ന്ന് ഹൈവേ പൊലിസ് എസ്.ഐ ഉണ്ണികൃഷ്ണന്‍ ഇളയിടത്തിന്റെ നേതൃത്വത്തിലുള്ള സംഘം നാളികേരം നീക്കി കൂടുതല്‍ പരിശോധന നടത്തിയപ്പോള്‍ കന്നാസുകള്‍ കണ്ടെത്തുകയായിരുന്നു.
അതേസമയം ഇയാള്‍ വാഹനവുമായി കടന്നുകളയാന്‍ ശ്രമിച്ചു. തുടര്‍ന്ന് കണ്‍ട്രോള്‍ റൂമില്‍ വിവരമറിയിക്കുകയും വിവിധ സ്ഥലങ്ങളില്‍ പൊലിസ് നിലയുറപ്പിക്കുകയുമായിരുന്നു. ഒടുവില്‍ മലാപ്പറമ്പ് ജങ്ഷനു സമീത്തുവച്ചാണ് പൊലിസ് വാഹനം കുറുകെ നിര്‍ത്തി ഇയാളെ പിടികൂടിയത്. 35 ലിറ്ററിന്റെ 40 കന്നാസിലായാണ് സ്പിരിറ്റ് സൂക്ഷിച്ചിരുന്നത്. ചേവായൂര്‍ പൊലിസ് സ്ഥലത്തെത്തി അജിയെയും വാഹനവും കസ്റ്റഡിയിലെടുത്തു. ചേവായൂര്‍ എസ്.ഐ ഇ.കെ ബിജുവാണ് കേസ് അന്വേഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."