പറക്കട്ടെ റാശിദിന്റെ 'സ്വപ്‌നം' ഐ ലീഗും കടന്ന്
കല്‍പ്പറ്റ: കാല്‍പന്തുകളിയില്‍ കേരളത്തിലെ ഭൂപടത്തില്‍ അത്ര ചെറുതൊന്നുമല്ല വയനാടിന്റെ സ്വപ്നം.
എന്നാലും കാല്‍പന്തു കളിയില്‍ ഇന്ത്യയിലെ ഏറ്റവും വലിയ പൂരമായ ഐ ലീഗില്‍ പന്തുതട്ടിയ വയനാട്ടുകാരന്‍ സുശാന്ത് മാത്യു മാത്രമാണ്. രണ്ടാമനായി ആ പട്ടികയിലേക്ക് ഉയര്‍ന്നിരിക്കുകയാണ് മുണ്ടേരിക്കാരുടെ സ്വകാര്യ അഹങ്കാരമായ മുഹമ്മദ് റാശിദെന്ന യുവരക്തം.
പത്താംതരം വരെ മുണ്ടേരി ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പന്തുതട്ടിയ റാശിദ് പ്ലസ്‌വണ്‍, പ്ലസ്ടുവിന് കണിയാമ്പറ്റ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലാണ് പന്ത് തട്ടിയത്്.
അക്കാലത്ത് മാതൃഭൂമി നടത്തിയ ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മികച്ച താരമായതോടെ കായികപ്രേമികള്‍ റാശിദെന്ന മിഡ്ഫീല്‍ഡറെ ശ്രദ്ധിക്കാന്‍ തുടങ്ങിയിരുന്നു. പ്ലസ്ടു പഠനം പൂര്‍ത്തിയാക്കിയ റാശിദ് കോതമംഗലം എം.എ കോളജില്‍ ഡിഗ്രിക്ക് ചേര്‍ന്നതോടെ മിഡ്ഫീല്‍ഡില്‍ കളിമെനയാനുള്ള റാശിദിന്റെ വൈഭവവും രാകിമിനുക്കപ്പെട്ടു. തുടര്‍ച്ചയായി മൂന്ന് വര്‍ഷം എം.ജി യൂണിവേഴ്‌സിറ്റി ടീമിന്റെ മധ്യനിരയില്‍ കളിമെനഞ്ഞ റാശിദ് മൂന്നാംവര്‍ഷം നായകനുമായി. ഇതിനിടയില്‍ കോട്ടയം ജില്ലാ ടീമിനായി സംസ്ഥാന സീനിയര്‍ ഫുട്‌ബോളില്‍ ബൂട്ടുകെട്ടി.ഈ കളി മികവ് കേരളത്തില്‍ പുതുതായി രൂപംകൊണ്ട് ഗോകുലം എഫ്.സിയിലേക്ക് റാശിദിന് വാതില്‍ തുറന്നു. റാശിദിന്റെ കൂടി മികവിലാണ് ഗോകുലം എഫ്.സി അടുത്ത സീസണിലെ ഐ.ലീഗിലേക്ക് ക്വളിഫൈ ചെയ്തിരിക്കുന്നത്.
കുട്ടിക്കാലത്ത് മുണ്ടേരി സ്‌കൂളില്‍ ഗ്രൗണ്ടില്‍ സഹോദരനും കഴിഞ്ഞ സീസണില്‍ വയനാട് ജില്ലാ ടീമിന്റെ ക്യാപ്റ്റനുമായ മുഹമ്മദ് റഫീഖിനൊപ്പം പന്തു തട്ടാനെത്തിയ റാശിദിന് ഫുട്‌ബോളിന്റെ ബാലപാഠങ്ങള്‍ പകര്‍ന്നു നല്‍കിയത് വയനാട് ഫുട്‌ബോള്‍ അസോസിയേഷന്‍ വൈസ് പ്രസിഡന്റായ അനില്‍കുമാറും മുണ്ടേരി ഇലവന്‍ ബ്രദേഴ്‌സിന്റെ മാനേജരായ ഗ്ലാഡ്‌സനുമായിരുന്നു. ഒപ്പം ജില്ലയിലെ പ്രമുഖ പരിശീലകനായ ബൈജുവിന്റെ ശിക്ഷണവും റാശിദിന് ലഭിച്ചു. ബൈജു, ചന്ദ്രു, അയ്യൂബ് എന്നിവരാണ് റാശിദിനെ എം.എ കോളജിലേക്കുള്ള സെലക്ഷന് പ്രാപ്തരാക്കിയവര്‍. റാശിദിലെ മിഡ്ഫീല്‍ഡ് ജനറലിനെ രാകിമിനുക്കിയത് കോതമംഗലം എം.എ കോളജിന്റെ പരിശീലകനായ രാജുവാണ്. ഗോകുലം എഫ്.സിയുടെ കോച്ച് ബിനോ ജോര്‍ജിന്റെ കൈകളില്‍ റാശിദ് എത്തിയതോടെ കാലുകൊണ്ടും തലകൊണ്ടും മധ്യനിരയില്‍ തന്ത്രങ്ങള്‍ മെനയാനുള്ള ആര്‍ജവം ലഭിച്ചു, ഒപ്പം സ്വപ്നങ്ങളിലേക്ക് പറക്കാനുള്ള ഊര്‍ജവും. കല്‍പ്പറ്റ ഫാല്‍ക്കന്‍സിനായി നിരവധി മത്സരങ്ങളില്‍ മധ്യനിര കാത്ത റാശിദ് ഇനിയും ഉയരങ്ങള്‍ കീഴടക്കട്ടെയെന്ന പ്രാര്‍ഥനയിലാണ് ജന്മനാട്. മുണ്ടേരിയിലെ തോങ്ങാടന്‍ പാത്തുമ്മയുടെ രണ്ട് മക്കളുടെയും സ്വപ്നങ്ങള്‍ പാഞ്ഞത് കുമ്മായ വരക്കുള്ളിലുരുണ്ട പന്തിനൊപ്പമാണ്. അത് ഇന്നും തുടുരുകയാണ്. സഹോദരി നഫീസത്തുല്‍ മിസ്‌രിയയും ആങ്ങളമാര്‍ക്ക് പിന്തുണയുമായുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."