ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു
തളിപ്പറമ്പ്: വയല്‍ നശിപ്പിച്ച് ബൈപ്പാസ് നിര്‍മിക്കുന്നതിനെതിരേ കീഴാറ്റൂരില്‍ നടക്കുന്ന സമരത്തിന് പിന്തുണയുമായി തളിപ്പറമ്പില്‍ ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു. ജില്ലയിലെ പരിസ്ഥിതി, പൗരാവകാശ, പ്രതിരോധ പ്രവര്‍ത്തകരും വിവിധ സംഘടനാ പ്രവര്‍ത്തകരും തളിപ്പറമ്പ് മൂത്തേടത്ത് ഹൈസ്കൂളില്‍ ചേര്‍ന്ന യോഗത്തില്‍ പരിസ്ഥിതി പ്രവര്ത്തകന് ഡോ. ഡി. സുരേന്ദ്രനാഥ് ചെയര്‍മാനായും പ്രമുഖ മാധ്യമ പ്രവര്ത്തകന് കെ. സുനില്‍കുമാര്‍ കണ്‍വീനറായും ഐക്യദാര്‍ഢ്യ സമിതി രൂപീകരിച്ചു. റോഡ് നിര്‍മിക്കാന്‍ വയലുകള്‍ നശിപ്പിക്കുമ്പോള്‍ നന്മകള് കൂടിയാണ് നഷ്ടമാകുന്നതെന്നും നന്മകള് നിലനിര്‍ത്താന്‍ വയലുകള്‍ സംരക്ഷിക്കണമെന്നും യോഗത്തില്‍ ഡോ. ഡി. സുരേന്ദ്രനാഥ് പറഞ്ഞു. യോഗത്തില്‍ പങ്കെടുത്തവരെല്ലാവരും പ്രകടനമായി കീഴാറ്റൂരിലെ സമരപന്തലിലെത്തി നിരാഹാരമിരിക്കുന്ന സുരേഷ് കീഴാറ്റൂരിന് അഭിവാദ്യമര്‍പ്പിച്ചു. വി.വി കണ്ണന്, ഭാസ്ക്കരന്‍ വെള്ളൂര്‍, പി. ബാലകൃഷ്ണന്, സണ്ണി അമ്പാട്ട്, കെ. വിശാലാക്ഷന്, എന്‍.കെ ഭാസ്ക്കരന്‍, വിനോദ് പയ്യട്ട സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."