പ്രതികളിലൊരാള്‍ വൈദികപഠനം പാതിവഴിയില്‍ നിര്‍ത്തിയയാള്‍
കണ്ണൂര്‍: കലക്ടറേറ്റില്‍ മോഷണം നടത്തി അറസ്റ്റിയായ പ്രതികളില്‍ ഒരാളായ കൂടരഞ്ഞി കൂലത്തുംകടവ് ഒന്നാംതൊടിയിലെ ബിനോയ്(35) കോഴിക്കോട് ജുഡീഷ്യല്‍ കോടതിയില്‍ സൂക്ഷിച്ച ഒരു ലക്ഷം രൂപയുടെ കള്ളനോട്ട് മോഷ്ടിച്ച കേസില്‍ തടവുശിക്ഷയനുഭിച്ചയാള്‍. മറ്റൊരു മോഷണക്കേസില്‍പെട്ട് കെ.വി മത്തായി എന്ന ഓന്ത് മത്തായി(53) ജയിലില്‍ എത്തിയപ്പോഴാണ് ഇരുവരും തമ്മില്‍ പരിചയപ്പെടുന്നത്.
കള്ളനോട്ടു പിടിച്ചെടുത്ത കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ സൂക്ഷിച്ച നോട്ടുകളായിരുന്നു ബിനോയ് കവര്‍ന്നത്. കളവ് നടത്തിയ പണം ബിനോയ് വീട്ടില്‍ സൂക്ഷിച്ചെങ്കിലും അതില്‍ നിന്ന് ഏതാനും നോട്ടുകള്‍ ബന്ധു കടയില്‍ കൊണ്ടുപോയപ്പോഴാണ് തിരിച്ചറിഞ്ഞതും ഒടുവില്‍ പിടിക്കപ്പെട്ടതും. വൈദിക പഠനത്തിനു പോയ ബിനോയ് പാതിവഴിയില്‍ പഠനം ഉപേക്ഷിക്കുകയായിരുന്നു. കണ്ണൂര്‍ കോടതി വളപ്പിലെ കാന്റീനില്‍ കവര്‍ച്ച നടത്തിയ കേസില്‍ ശിക്ഷിക്കപ്പെട്ടാണ് മത്തായി ജയിലിലെത്തിയത്.
കഴിഞ്ഞ ജൂലൈയിലാണ് ഇരുവരും മൂന്നുവര്‍ഷത്തെ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയത്. ജയിലില്‍ നിന്ന് ജോലി ചെയ്ത വകയില്‍ 37,500 രൂപയും ഇരുവര്‍ക്കും പുറത്തിറങ്ങുമ്പോള്‍ ലഭിച്ചിരുന്നു. അത് തീര്‍ന്നപ്പോഴാണ് മോഷണത്തിനു പദ്ധതിയിട്ടത്.
രാത്രി എന്‍.എസ് ടാക്കീസില്‍ നിന്ന് സെക്കന്റ് ഷോ കഴിഞ്ഞ് നേരത്തെ കണ്ടുവച്ചപ്രകാരം കലക്ടറേറ്റിനു മുന്നിലെ പെട്രോള്‍ പമ്പ് കൊള്ളയടിക്കാനായിരുന്നു ഉദ്ദേശം. എന്നാല്‍ വാഹനങ്ങള്‍ വന്നുകൊണ്ടിരുന്നതിനാല്‍ മോഷണശ്രമം വിജയിച്ചില്ല. തുടര്‍ന്നാണ് കലക്ടറേറ്റിന്റെ മതില്‍ ചാടിക്കടന്നു അകത്ത് കയറിയത്. കലക്ടറേറ്റിലെ വിവിധ ഓഫിസുകളില്‍ കയറി. പിന്നീട് പുറകുവശത്തെ കാന്റീനില്‍ കയറി അവിടെ സൂക്ഷിച്ചിരുന്ന 20,000 രൂപ കവര്‍ന്നു.
കലക്ടറേറ്റ് പരിസരത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ പൊലിസ് ശ്രമിച്ചപ്പോഴാണ് പലതും പ്രവര്‍ത്തിക്കുന്നില്ലെന്ന് വ്യക്തമായത്. പിന്നീട് അന്വേഷണം ജയിലില്‍ നിന്നും അടുത്തിടെ പുറത്തിങ്ങിയവരെ കേന്ദ്രീകരിച്ചായി. ഇതിനായി സംഭവസ്ഥലത്തു നിന്നു ശേഖരിച്ച വിരലടയാളങ്ങള്‍ പരിശോധിച്ചു.
മൂന്നുവര്‍ഷത്തെ തടവുശിക്ഷ കഴിഞ്ഞിറങ്ങിയ ഓന്ത് മത്തായിയെ കവര്‍ച്ച നടന്നതിന്റെ തൊട്ടടുത്ത ദിവസം കണ്ണൂരില്‍ കണ്ടുവെന്ന വിവരം പൊലിസിന് ലഭിച്ചു. നഗരത്തില്‍ സ്ഥാപിച്ചിരുന്ന സി.സി. ടി.വി കാമറകളിലൊന്നില്‍ മത്തായിയുടെ ചിത്രം പതിഞ്ഞിരുന്നു. ഇയാളെ കണ്ടെത്താനായി തുടര്‍ന്ന് പൊലിസിന്റെ ശ്രമം. ബുധനാഴ്ച ഉച്ചയോടെ പുതിയ ബസ് സ്റ്റാന്റിലെത്തിയ മത്തായിയെ പൊലിസുകാര്‍ കണ്ടു. നിര്‍ത്തിയിട്ട കെ.എസ്.ആര്‍.ടി.സി ബസിന്റെ പിന്നിലൂടെ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ മത്തായിയെ പൊലിസ് പിടികൂടുകയായിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ബിനോയിയും കൂട്ടത്തിലുണ്ടായിരുന്നതായി സമ്മതിച്ചത്. തിങ്കളാഴ്ച കളവുമുതല്‍ വീതംവച്ച് രണ്ടുവഴിക്ക് പിരിഞ്ഞ ഇവര്‍ കണ്ണൂരില്‍ വീണ്ടും ഒത്തുകൂടാന്‍ തീരുമാനിച്ചിരുന്നു. അതുപ്രകാരമാണ് മത്തായി എത്തിയത്. ബിനോയ് കണ്ണൂരിലെ ലോഡ്ജില്‍ മുറിയെടത്തിട്ടുണ്ടെന്നല്ലാതെ ഏത് ലോഡ്ജിലാണെന്ന് മത്തായിക്ക് അറിയില്ലായിരുന്നു. തുടര്‍ന്ന് നഗരത്തിലെ മുഴുവന്‍ ലോഡ്ജുകളും പരിശോധന നടത്തുന്നതിനിടെ സ്റ്റേഷന്‍ റോഡിലെ ഒരു ടൂറിസ്റ്റ്‌ഹോമില്‍ നിന്നാണ് ബിനോയിയെ പിടികൂടുന്നത്. പിടിയിലാകുമ്പോള്‍ മത്തായിയുടെ കൈയില്‍ 500 രൂപയും ബിനോയിയുടെ പോക്കറ്റില്‍ 1,900 രൂപയും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവിവാഹിതരായ ഇരുവരും ഇപ്പോള്‍ വീടുമായി ബന്ധമില്ലെന്നും പൊലിസ് പറഞ്ഞു. സി.ഐ രത്‌നകുമാറിനു പുറമെ എസ്.ഐ ഉണ്ണികൃഷ്ണന്‍, പൊലിസുകാരായ മഹിജന്‍, സജിത്ത്, രഞ്ജിത്ത്, സ്‌നേഹേഷ്, ശിവാനന്ദന്‍ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."