ജില്ലയില്‍ കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു
കാസര്‍കോട്: ജില്ലയിലെ കോണ്‍ഗ്രസിനകത്ത് ഏറെക്കാലമായി നിലനില്‍ക്കുന്ന ഗ്രൂപ്പ് പോര് രൂക്ഷമാകുന്നു. ഡി.സി.സി പ്രസിഡന്റിന്റെ ഏകാധിപത്യ നിലപാടുകള്‍ക്കെതിരേ ഐ വിഭാഗം ശക്തമായ നീക്കങ്ങളുമായി മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്നതിനിടെ ഐ ഗ്രൂപ്പിന്റെ തന്ത്രങ്ങളെ പ്രതിരോധിക്കാന്‍ എ ഗ്രൂപ്പിന്റെ കരുനീക്കങ്ങളും സജീവമായി. ഇതിന്റെ ഭാഗമായി ഇന്നലെ ജില്ലക്കു പുറത്തു വച്ച് എ ഗ്രൂപ്പ് യോഗം ചേര്‍ന്നു. അനൗപചാരികമായി ചേര്‍ന്ന യോഗത്തില്‍ എ വിഭാഗത്തിന്റെ മുതിര്‍ന്ന നേതാവ് പങ്കെടുക്കുകയും ചെയ്തു.
ജില്ലക്കു പുറത്തു നടന്ന യോഗത്തില്‍ ജില്ലയിലെ എ വിഭാഗത്തിന്റെ മുതിര്‍ന്ന നേതാക്കളും പ്രാദേശിക നേതാക്കളും പങ്കെടുത്തതായി സൂചനയുണ്ട്.
കാസര്‍കോട്ടെ എ ഗ്രൂപ്പിന്റെ കരുത്തു തെളിയിക്കുന്നതോടൊപ്പം ഐ ഗ്രൂപ്പിന്റെ വെല്ലുവിളികളെ അതിജീവിക്കുകയെന്നതും ഗ്രൂപ്പ് യോഗത്തിന്റെ ലക്ഷ്യമാണ്. ഡി.സി.സി പ്രസിഡന്റ് ഹക്കീം കുന്നിലിന്റെ പരിപാടികളെല്ലാം ബഹിഷ്‌കരിച്ചു കൊണ്ടാണ് ഐ വിഭാഗം എ ഗ്രൂപ്പിനെതിരായ നീക്കങ്ങള്‍ നടത്തുന്നത്.
ഹക്കീം സ്വന്തം ഗ്രൂപ്പു വളര്‍ത്താന്‍ ഐ ഗ്രൂപ്പിനെ ദുര്‍ബലപ്പെടുത്തുന്ന പ്രവര്‍ത്തനങ്ങളാണു നടത്തുന്നതെന്നാണ് ഐ വിഭാഗത്തിന്റെ ആരോപണം. ഡി.സി.സി പ്രസിഡന്റ് സ്ഥാനം ഐ ഗ്രൂപ്പില്‍ നിന്നു എ ഗ്രൂപ്പ് പിടിച്ചെടുത്തതോടെയാണു ജില്ലയില്‍ ഇരുഗ്രൂപ്പുകളും തമ്മിലുള്ള പോര് രൂക്ഷമായത്. അതിനിടെ എ ഗ്രൂപ്പിനെതിരായ ഐ ഗ്രൂപ്പിന്റെ രഹസ്യയോഗങ്ങളും സജീവമാണ്. ഗ്രൂപ്പ് പോരു കാരണം ജില്ലയില്‍ കോണ്‍ഗ്രസ് നിശ്ചയിക്കുന്ന പരിപാടികളൊന്നും നടക്കാത്ത അവസ്ഥയാണുള്ളത്.
എല്‍.ഡി.എഫ് സര്‍ക്കാറിന്റെ മദ്യനയത്തിനെതിരേ കോണ്‍ഗ്രസ് നടത്താന്‍ തീരുമാനിച്ച സമരപരിപാടികള്‍ പോലും ശരിയായ രീതിയില്‍ മുന്നോട്ടുകൊണ്ടുപോകാന്‍ ഇക്കാരണത്താല്‍ സാധിക്കുന്നില്ലെന്നും ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നുണ്ട്.
ജില്ലയില്‍ ഗ്രൂപ്പ് പോര് സജീവമായ സാഹചര്യത്തില്‍ കെ.പി.സി.സി ഇടപെടാത്തതു പ്രവര്‍ത്തകരില്‍ പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."