വനിതാ സംവരണം: സോണിയ സഖ്യകക്ഷികള്‍ക്ക് എഴുത്തയക്കട്ടെ- ബി.ജെ.പി
ന്യൂഡല്‍ഹി: വനിതാ സംവരണ ബില്ലിന് വേണ്ടി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി തങ്ങളുടെ സഖ്യകക്ഷികള്‍ക്കാണ് കത്തെഴുതേണ്ടതെന്ന് ബി.ജെ.പി. ബില്ലിനെ എതിര്‍ക്കുന്ന ആര്‍.ജെ.ഡിക്കും എസ്.പിക്കും എഴുത്തയക്കാനാണ് ബി.ജെ.പി വക്താവ് ജി.വി.എല്‍ നരസിംഹ റാവു ആവശ്യപ്പെട്ടത്.
ബില്ല് പാസ്സാക്കുമെന്ന് ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് ഇന്നലെ സോണിയ ഗാന്ധി പ്രധാനമന്ത്രിക്ക് കത്തെഴുതിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. നിയമനിര്‍മാണത്തിനായി മോദി സര്‍ക്കാറിന് എല്ലാവിധ പിന്തുണയും വാഗ്ദാനം ചെയ്യുന്നതായും സോണിയ കത്തിലൂടെ അറിയിച്ചിരുന്നു.
എന്തുകൊണ്ടാണ് തങ്ങള്‍ അധികാരത്തിലിരുന്നപ്പോള്‍ ബില്ല് പാസ്സാക്കാന്‍ അനുവദിക്കാതിരുന്നതെന്ന് സഖ്യകക്ഷികളായ ലാലു പ്രസാദിനോടും മുലായം സിങ് യാദവിനോടും ചോദിക്കുകയായിരുന്നു പ്രധാനമന്ത്രിക്ക് കത്തെഴുതുന്നതിന് പകരം സോണിയ ഗാന്ധി ചെയ്യേണ്ടിയിരുന്നതെന്ന് ബി.ജെ.പി വക്താവ് പറഞ്ഞു. യു.പി.എ സര്‍ക്കാറിന്റെ കാലത്ത് ആര്‍.ജെ.ഡിയും എസ്.പിയും ബില്ലിനെതിരെ രംഗത്തെത്തിയിരുന്നു.
നിയമസഭയിലേയും പാര്‍ലമെന്റിലേയും മൂന്നിലൊന്ന് സീറ്റുകള്‍ വനിതകള്‍ക്കായി സംവരണം ചെയ്യുന്ന ബില്‍ രാജ്യസഭയില്‍ പാസ്സാക്കിയെടുക്കാന്‍ 2010ല്‍ യു.പി.എ സര്‍ക്കാറിന് കഴിഞ്ഞിരുന്നു. ഇത് യു.പി.എ അധ്യക്ഷ സോണിയ ഗാന്ധിയുടെ വിജയമായും കോണ്‍ഗ്രസ് ഉയര്‍ത്തിക്കാട്ടിയിരുന്നു.
രാജ്യസഭയില്‍ പാസ്സാക്കിയെടുക്കാന്‍ കഴിഞ്ഞെങ്കിലും സഖ്യ കക്ഷികളില്‍ ചിലരുടെ എതിര്‍പ്പ് മൂലം ലോകസഭയില്‍ ബില്‍ പാസ്സാക്കിയെടുക്കാന്‍ മന്‍മോഹന്‍ സിങ് സര്‍ക്കാറിന് കഴിഞ്ഞിരുന്നില്ല. സമാജ് വാദി പാര്‍ട്ടി, രാഷ്ട്രീയ ജനത ദള്‍, തൃണമൂല്‍ കോണ്‍ഗ്രസ് എന്നീ കക്ഷികളില്‍ നിന്ന് മാത്രമല്ല, ചില കോണ്‍ഗ്രസ് അംഗങ്ങളില്‍ നിന്നും സര്‍ക്കാര്‍ എതിര്‍പ്പ് നേരിട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."