നവരാത്രിയോടനുബന്ധിച്ച് ഗുരുഗ്രാമിലെ മാംസക്കടകള്‍ ശിവസേന അടപ്പിച്ചു
ഗുരുഗ്രാം: നവരാത്രിയോടനുബന്ധിച്ച് ഗുരുഗ്രാമിലെ ജേക്കബ്പുരയിലെ മാംസക്കടകള്‍ ശിവസേന അടപ്പിച്ചു. കോഴിയും ഇറച്ചിയും വില്‍ക്കുന്ന കടകളാണ് അടപ്പിച്ചത്. 500 കടകള്‍ അടപ്പിച്ചതായി ശിവസേനക്കാര്‍ അവകാശപ്പെട്ടു.
നവരാത്രിയോടനുബന്ധിച്ച് മാംസക്കടകള്‍ ഒമ്പതു ദിവസം അടച്ചിടണമെന്നാണ് ശിവസേന പ്രവര്‍ത്തകരുടെ നിര്‍ദ്ദേശം. ഇറച്ചി കടകള്‍ക്ക് പുറമെ നോണ്‍വെജ് ഹോട്ടലുകള്‍ക്കും ശിവസേന മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സുറത്ത് നഗര്‍, അശോക് വിഹാര്‍, സെക്ടര്‍ 5,9, പട്ടൗഡി ചൗക്ക്, ജേക്കബ് പുര, സദര്‍ ബസാര്‍, ഖന്ദ്‌സ അനാജ് മണ്ഡി, ബസ്റ്റാന്‍ഡ്, ഡി.എല്‍.എഫ് ഏരിയ, സോഹ്ന, സെക്ടര്‍ 14 മാര്‍ക്കറ്റ് എന്നിവിടങ്ങളിലെ കടകളാണ് ശിവസേന അടപ്പിച്ചത്. കടകള്‍ തുറന്നാല്‍ പൊലിസ് റെയിഡ് ഉണ്ടാകുമെന്നും ശിവസേന നോട്ടീസിറക്കി കച്ചവടക്കാരെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.
എന്നാല്‍ ഇത്തരമൊരു നോട്ടിസിനെ കുറിച്ച് തങ്ങള്‍ അറിവില്ലെന്ന് പൊലിസ് പറഞ്ഞു. ബലപ്രയോഗത്തിലൂടെ കടകള്‍ അടപ്പിക്കുന്നുവെന്ന് പരാതി ലഭിച്ചാല്‍ നടപടി സ്വീകരിക്കുമെന്നും പൊലിസ് പറയുന്നു.
എന്നാല്‍, കടയടക്കല്‍ എല്ലാ വര്‍ഷവും ഉണ്ടാകുന്നതാണെന്ന് ജേക്കബ് പുരയിലെ ഒരു കടയുടമ പര്‍വേശ് കുമാര്‍ പറഞ്ഞു. കട നില്‍ക്കുന്ന പ്രദേശത്ത് ഒരു ക്ഷേത്രമുണ്ട്. അതിനാല്‍ ഒമ്പതു ദിവസവും സ്വന്തം ഇഷ്ടപ്രകാരം തന്നെ എല്ലാവരും കടയടച്ചിടാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നല്‍ കടയടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്താന്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ പ്രദേശത്ത് തമ്പടിക്കുന്നത് ആദ്യമായാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."