ഏതു നിയമം, ഏതു വഴിക്കാണു പോകുന്നത്
എന്തൊക്കെ ന്യായങ്ങള്‍ പറഞ്ഞാലും മന്ത്രി തോമസ് ചാണ്ടിക്കെതിരായ ഭൂമി കൈയേറ്റ ആരോപണത്തില്‍ സംസ്ഥാന സര്‍ക്കാര്‍ ഇപ്പോഴും ജനങ്ങളുടെ കണ്ണില്‍ പ്രതിക്കൂട്ടില്‍ തന്നെയാണ്. മന്ത്രിയുടെ വിവാദ റിസോര്‍ട്ടുമായി ബന്ധപ്പെട്ട് ചില ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്നു തന്നെയാണ് തുടര്‍ച്ചയായി പുറത്തുവന്നുകൊണ്ടിരിക്കുന്ന വാര്‍ത്തകളില്‍നിന്ന് സാമാന്യബുദ്ധിയുള്ളവരെല്ലാം വായിച്ചെടുക്കുന്നത്.
വിവാദമുയര്‍ന്ന് മാസങ്ങളായിട്ടും അതിന്റെ സത്യാവസ്ഥ പുറത്തുവരുന്ന തരത്തിലുള്ള അന്വേഷണമൊന്നും ഇതുവരെ നടന്നിട്ടില്ല. പ്രതിപക്ഷവും മാധ്യമങ്ങളും പൊതുസമൂഹവും ഉയര്‍ത്തുന്ന ചോദ്യങ്ങളോട് തീരുമാനിച്ചുറപ്പിച്ചതെന്നു തോന്നിക്കുന്ന തരത്തിലുള്ള മൗനമാണ് സംസ്ഥാന ഭരണകൂടം പാലിക്കുന്നത്. വാര്‍ത്ത പുറത്തുവിടുന്ന മാധ്യമങ്ങളെ പേശീബലംകൊണ്ട് നിശ്ശബ്ദമാക്കാനുള്ള ശ്രമങ്ങളും അതോടൊപ്പം നടക്കുന്നു. തോമസ് ചാണ്ടി മന്ത്രിസ്ഥാനത്തു തുടരുകയും ചെയ്യുന്നു.
തോമസ് ചാണ്ടിക്കെതിരായ ആരോപണങ്ങള്‍ ഉയര്‍ന്നുതുടങ്ങിയതു മുതല്‍ തന്നെ അതിന്‍മേല്‍ കാര്യമായ അന്വേഷണമോ നടപടികളോ ഉണ്ടാവില്ലെന്ന സൂചനകളും ലഭിച്ചുതുടങ്ങിയിരുന്നു. സ്വന്തം പാര്‍ട്ടിക്കാരനായ ഇ.പി ജയരാജന്റെയോ ഭരണമുന്നണിയിലെ പ്രധാനികളിലൊരാളായ എ.കെ ശശീന്ദ്രന്റെയോ കാര്യത്തിലുണ്ടായ നീക്കങ്ങളൊന്നും ഈ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തു നിന്നുണ്ടായില്ല.
ഇതിനെക്കുറിച്ചു മാധ്യമപ്രവര്‍ത്തകരില്‍ നിന്നുയരുന്ന ചോദ്യങ്ങള്‍ അവഗണിക്കുകയോ മൗനം കൊണ്ടു നേരിടുകയോ ആയിരുന്നു മുഖ്യമന്ത്രി. ഉമ്മന്‍ ചാണ്ടി ഉള്‍പെടെ പ്രതിപക്ഷത്തെ ചില പ്രമുഖരും 'മാവിലായി' ഭാവത്തിലുള്ള ചിരിയോടെ മൗനം പാലിച്ചു. ഇതിനിടയില്‍ ബഹുജന സമ്മര്‍ദം മൂലം ചില പരിശോധനകള്‍ തുടങ്ങിയതോടെ വിവാദവുമായി ബന്ധപ്പെട്ട ഫയലുകള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ നിന്ന് മുങ്ങി. ചിലതു തിരിച്ചെത്തിയത് പ്രധാനപ്പെട്ട രേഖകളില്ലാതെയാണ്. 16 ഫയലുകള്‍ ഇനിയും കിട്ടാനുമുണ്ട് . ഭരണകൂടത്തിന്റെ സഹായമില്ലാതെ ഇതൊക്കെ സാധിച്ചെടുക്കാനുള്ള അമാനുഷിക ശക്തി ചാണ്ടിക്കുള്ളതായി കേട്ടറിവില്ല.
ഏറ്റവുമൊടുവില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ ആലപ്പുഴ ബ്യൂറോ ആക്രമിക്കപ്പെട്ടതിനെത്തുടര്‍ന്നുണ്ടായ ജനരോഷത്തില്‍ കാര്യങ്ങള്‍ കൈവിടുമെന്ന് കണ്ടപ്പോള്‍ മാത്രമാണ് ഈ വിഷയത്തില്‍ സര്‍ക്കാരിനു പറഞ്ഞുനില്‍ക്കാന്‍ പാകത്തിലെങ്കിലുമുള്ള അന്വേഷണത്തിനു തുടക്കമായത്. പ്രതിപക്ഷനേതാവ് വിജിലന്‍സ് ഡയറക്ടര്‍ക്കു നല്‍കിയ പരാതി മറ്റൊരു കാരണവുമായി. കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന ആരോപണത്തില്‍ ത്വരിതാന്വേഷണം നടത്താന്‍ വിജിലന്‍സ് തീരുമാനിച്ചിട്ടുണ്ട്. കൂട്ടത്തില്‍ മാത്തൂര്‍ ദേവസ്വത്തിന്റെ ഭൂമി കൈയേറിയെന്ന ആരോപണത്തില്‍ റവന്യൂ മന്ത്രിയുടെ നിര്‍ദേശപ്രകാരം അന്വേഷണം പ്രഖ്യാപിച്ചിട്ടുമുണ്ട്. എന്നാല്‍, തോമസ് ചാണ്ടിയുടെ രാഷ്ട്രീയ പശ്ചാത്തലവും സൗഹൃദങ്ങളുടെ വ്യാപ്തിയും പരിശോധിച്ചാല്‍ ഈ അന്വേഷണങ്ങളെല്ലാം കൃത്യതയോടെ നടക്കുമെന്ന് വിശ്വസിക്കാനാവില്ല.
ചാണ്ടി ഇത്രയൊക്കെ കൈയേറ്റവും നിര്‍മാണപ്രവൃത്തികളും നടത്തിയിട്ടുണ്ടെങ്കില്‍ തന്നെ അത് ഏതാനും ദിവസങ്ങള്‍ കൊണ്ടോ അല്ലെങ്കില്‍ ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷമോ ആവാനിടയില്ല. പഴയ കോണ്‍ഗ്രസുകാരനായ അദ്ദേഹം യു.ഡി.എഫ് ക്യാംപില്‍ രാഷ്ട്രീയം അഭ്യസിച്ച ശേഷമാണ് എല്‍.ഡി.എഫിലെത്തിയത്. സാങ്കേതികമായി ഒരു മുന്നണിയുടെ മന്ത്രിയാണെങ്കിലും ബന്ധങ്ങളും സ്വാധീനവും ഒരു വശത്തു മാത്രമല്ലെന്നാണ് കാര്യങ്ങളുടെ കിടപ്പില്‍ നിന്ന് മനസ്സിലാകുന്നത്. ഉമ്മന്‍ ചാണ്ടിയുടെ മൗനവും കഴിഞ്ഞ മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രി കൂടി ആയിരുന്ന പ്രതിപക്ഷനേതാവിന്റെ ധാര്‍മികരോഷം ഉണരാന്‍ കഴിഞ്ഞ ദിവസത്തെ ചാനല്‍ ബ്യൂറോ ആക്രമണം വരെ കാത്തിരിക്കേണ്ടി വന്നതും നിസ്സാര കാര്യങ്ങളല്ല.
ഭരണ- പ്രതിപക്ഷങ്ങളെ ഇങ്ങനെ നിഷ്‌ക്രിയമാക്കി ആരോപണങ്ങളെ അവഗണിച്ചു മുന്നോട്ടു പോകാന്‍ കെല്‍പുള്ളയാളെന്നു തെളിയിച്ചുകഴിഞ്ഞ ഒരു വ്യക്തി മന്ത്രിക്കസേരയിലിരിക്കുമ്പോള്‍ അന്വേഷണം സത്യസന്ധമായി നടക്കുമെന്ന് ഉറപ്പിക്കാനാവില്ല. അദ്ദേഹത്തെ മാറ്റിനിര്‍ത്താതെയുള്ള ഏതുതരം അന്വേഷണവും പ്രഹസനമായായിരിക്കും നാട്ടുകാര്‍ വിലയിരുത്തുക. ഭരണാധികാരികള്‍ ഉള്‍പെടുന്ന ഇത്തരം ആരോപണങ്ങളിന്‍മേലുള്ള അന്വേഷണങ്ങളില്‍ ബഹുഭൂരിഭാഗവും പാഴാകുന്ന പതിവ് ജനങ്ങള്‍ക്കു മുന്നിലുണ്ട്. നിയമം നിയമത്തിന്റെ വഴിക്കു പോകും എന്ന പതിവു ഭരണവര്‍ഗ ഭാഷ്യം കൊണ്ടു മാത്രം ഈ വിഷയത്തില്‍ നാട്ടുകാരെ തൃപ്തിപ്പെടുത്താനാവില്ല. ഏതു നിയമത്തിലെ ഏതെല്ലാം വകുപ്പുകള്‍ ഏതെല്ലാം വഴിക്കാണു പോകുന്നതെന്ന് വ്യക്തമായി അറിയാനുള്ള താല്‍പര്യം അവര്‍ക്കുണ്ട്. അതവരെ ബോധ്യപ്പെടുത്താനുള്ള ബാധ്യത ഭരണകൂടത്തിനുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."