പ്രവേശനത്തിനു കൈക്കൂലി: എസ്.എഫ്.ഐ വനിതാ നേതാവിനെതിരേ കെ.എസ്.യു നിയമനടപടിക്ക്
തിരുവനന്തപുരം: സര്‍ക്കാര്‍ കോളജില്‍ ബിരുദ പഠനത്തിന് പ്രവേശനം വാങ്ങിക്കൊടുക്കാന്‍ കൈക്കൂലി ആവശ്യപ്പെട്ട എസ്.എഫ്.ഐ വനിതാ നേതാവായ കേരള സര്‍വകലാശാലയിലെ സെനറ്റ് അംഗത്തിനെതിരേ കെ.എസ്.യു നിയമനടപടിക്ക്. ഭരണത്തിന്റെ മറവില്‍ ഇത്തരം തട്ടിപ്പുകള്‍ക്ക് സര്‍ക്കാരും സര്‍വകലാശാലയും കൂട്ടുനില്‍ക്കുകയാണെന്നും വിദ്യാഭ്യാസമന്ത്രിക്കും വിജിലന്‍സ് ഡയറക്ടര്‍ക്കും ഇതുസംബന്ധിച്ചു പരാതി നല്‍കുമെന്നും കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം അഭിജിത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
അടിയന്തര നിയമനടപടി ആവശ്യപ്പെട്ട് ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ക്കു പരാതി നല്‍കിയിട്ടുണ്ട്. വിപ്ലവം പ്രസംഗിക്കുന്ന ആളുകള്‍ ജാതി പറഞ്ഞ് കോഴ ആവശ്യപ്പെടുന്നു. യൂനിവേഴ്സിറ്റി കോളജിലും സംസ്കൃത കോളജിലും എസ്.എഫ്.ഐ ആധിപത്യം ഉറപ്പിക്കുന്നത് കോഴ വാങ്ങി മെറിറ്റ് സീറ്റ് അട്ടിമറിച്ചാണ്. ഗുരുതരമായ ആരോപണത്തിന് വിധേയയായ വനിതാ നേതാവിനെതിരേ എസ്.എഫ്.ഐ നടപടി സ്വീകരിക്കാത്തത് വിദ്യാര്‍ഥി സമൂഹത്തോടുള്ള വഞ്ചനയാണ്. സര്‍വകലാശാലയില്‍ പ്രവേശനം നല്‍കാതെ ഒഴിഞ്ഞുകിടക്കുന്ന സീറ്റുകള്‍ അര്‍ഹരായ വിദ്യാര്‍ഥികള്‍ക്ക് നല്‍കണം. ഇതു സംബന്ധിച്ച് വി.സിക്ക് പരാതി നല്‍കും. ഉചിതമായ തീരുമാനം ഉണ്ടായില്ലെങ്കില്‍ ശക്തമായ പ്രക്ഷോഭത്തിനു നേതൃത്വം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."