ഹാദിയയുടെ വീട്ടുതടങ്കല്‍ ഭരണഘടനാ ലംഘനം: സച്ചിദാനന്ദന്‍
തിരുവനന്തപുരം: ഹാദിയയുടെ വീട്ടുതടങ്കല്‍ അഗാധമായ മാനുഷികദുരന്തമാണെന്ന് പ്രശസ്ത എഴുത്തുകാരന്‍ സച്ചിദാനന്ദന്‍. ഭരണഘടനയുടെയും മൗലികാവകാശങ്ങളുടെയും ലംഘനമാണ് ഹാദിയയുടെ തടവ്. സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവരാന്‍ വനിതാ കമ്മിഷനും മനുഷ്യാവകാശ കമ്മിഷനും ഹാദിയയുടെ വീട് സന്ദര്‍ശിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. വീട്ടുതടങ്കലിന് സമാനമായ സാഹചര്യത്തില്‍ പാര്‍പ്പിച്ചിരിക്കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. അവരെ സന്ദര്‍ശിക്കാന്‍ ശ്രമിച്ച ഹിന്ദുത്വവാദികളല്ലാത്ത എല്ലാവരേയും ഹിംസാത്മകമായി നേരിടുകയാണ്. ഹാദിയക്ക് വീടിനുള്ളില്‍വച്ച് ശാരീരിക പീഡനം പോലും ഏല്‍ക്കേണ്ടിവരുന്നതായാണ് അറിയാന്‍ കഴിഞ്ഞത്. ഹാദിയ മാതാപിതാക്കള്‍ക്കൊപ്പം ജീവിക്കണമെന്നതാണ് ഹൈക്കോടതി ഉത്തരവ്. സന്ദര്‍ശകരെ വിലക്കണമെന്നില്ല. ഇതിന് തികച്ചും വിപരീത സാഹചര്യമാണ് അവിടെ നിലനില്‍ക്കുന്നത്. ഭരണഘടനാ നിഷേധവും സ്ത്രീയുടെ പ്രാഥമിക സ്വാതന്ത്ര്യ നിഷേധവും ഇക്കാര്യത്തിലുണ്ട്. മൗലികാവകാശ നിഷേധമായി ഇത് കണക്കാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാനത്ത് ഇപ്പോള്‍ നടക്കുന്നത് ലൗ ജിഹാദ് അല്ലെന്നും ജുഡിഷ്യല്‍ ഘര്‍ വാപസിയാണെന്നും ഡോ. ജെ. ദേവിക പറഞ്ഞു. മുസ്‌ലിം ആയി മതം മാറുന്നതിലും മുസ്‌ലിമിനെ കല്യാണം കഴിക്കുന്നതിലും മാത്രമാണ് പ്രശ്‌നമുള്ളത്. മറ്റ് മതങ്ങളിലേക്ക് മാറുന്നതും മറ്റ് മതസ്ഥരെ കല്യാണം കഴിക്കുന്നതും പ്രശ്‌നമാകാത്തതെന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു. ഹിന്ദു തീവ്രവാദികള്‍ക്ക് തീവ്രവാദമാണ് ആവശ്യമെങ്കില്‍ അവര്‍ യു.പിയിലോ ഹരിയാനയിലോ പോകട്ടെയെന്നും ദേവിക പറഞ്ഞു.
ഹാദിയയുടെ നിലവിലെ സ്ഥിതി മോശമാകാനാണ് സാധ്യത. കോടതി ഉത്തരവിന് ശേഷം സ്വന്തം വീട്ടിലേക്ക് പോകാന്‍ ആ കുട്ടി വിസമ്മതിച്ചിരുന്നു. അതുകൊണ്ടു തന്നെ സ്വന്തം വീട്ടില്‍ നല്ല സാഹചര്യമല്ലെന്ന് മനസിലാക്കാന്‍ സാധിക്കും. മാതാപിതാക്കള്‍ക്കൊപ്പം താമസിക്കാന്‍ ഹാദിയക്ക് ബുദ്ധിമുട്ടുണ്ടെങ്കില്‍ ഏതെങ്കിലും ഷോര്‍ട്ട് സ്റ്റേ ഹോമിലേക്ക് മാറ്റണം. പെണ്‍കുട്ടി തയാറാണെങ്കില്‍ അവളുടെ സംരക്ഷണം ഏറ്റെടുക്കാന്‍ താന്‍ തയാറാണെന്നും ദേവിക പറഞ്ഞു. അടിയന്തരമായി ഹാദിയയെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തണമന്നാവശ്യപ്പെട്ട് കവികള്‍ ഒപ്പിട്ട നിവേദനം വനിതാ കമ്മിഷന് സമര്‍പ്പിക്കുമെന്നും അവര്‍ പറഞ്ഞു. ഗോപാല്‍ മോനോന്‍, മിരാ വേലായുധന്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."