വൃത്തിഹീനമായ കേന്ദ്രങ്ങളില്‍ ഉണ്ടാക്കുന്ന ഐസ് സ്‌കൂള്‍ പരിസരങ്ങളില്‍ വ്യാപകമായി വിറ്റഴിക്കുന്നു
തിരൂര്‍: ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്കിടയാക്കുന്ന വിധത്തില്‍ വൃത്തിഹീനമായ കേന്ദ്രങ്ങളില്‍ ഉണ്ടാക്കുന്ന ഐസ് സ്‌കൂളുകള്‍ കേന്ദ്രീകരിച്ചു വിറ്റഴിക്കുന്നു. അന്യസംസ്ഥാന തൊഴിലാളികള്‍ ഉണ്ടാക്കുന്ന ഇത്തരം ഐസുകള്‍ ഗ്രാമപ്രദേശങ്ങളിലെ സര്‍ക്കാര്‍ സ്‌കൂളുകള്‍ കേന്ദ്രീകരിച്ചാണു പ്രധാനമായും വിറ്റഴിക്കുന്നത്. ഇത്തരത്തില്‍ വില്‍പ്പന നടത്തിയ ഐസ് കഴിച്ചു തലക്കടത്തൂര്‍ ചെറിയമുണ്ടം ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികള്‍ക്കു ദേഹാസ്വാസ്ഥ്യമുണ്ടായി.
ഛര്‍ദ്ദിയും തലക്കറക്കവും അനുഭവപ്പെട്ട വിദ്യാര്‍ഥികളെ സ്‌കൂളിനു സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസമായിരുന്നു സംഭവം. ഡിഫ്തീരിയ ,കോളറ പോലുള്ള പകര്‍ച്ചവ്യാധികള്‍ പല മേഖലകളിലും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തിലാണു സംഭവമുണ്ടായിരിക്കുന്നത്. ആരോഗ്യ വകുപ്പ് അധികൃതര്‍ ഇത്തരം ഐസ് വില്‍പ്പന തടയാന്‍ കാര്യക്ഷമമായി ഇടപെടാത്തതാണ് ഇത്തരം സംഭവങ്ങള്‍ക്കിടയാക്കുന്നതെന്നു രക്ഷിതാക്കള്‍ ആരോപിക്കുന്നു. എന്നാല്‍ ഇത്തരം ഐസ്‌ക്രീമുകളും ശീതപാനീയങ്ങളും ഉപയോഗിക്കാതിരിക്കാന്‍ കുട്ടികളെ രക്ഷിതാക്കളും സ്‌കൂള്‍ അധികൃതരും ബോധവത്കരിക്കാത്തതും പ്രശ്‌നമാണെന്ന് ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാട്ടുന്നു.
വൃത്തിഹീനമായ സാഹചര്യങ്ങളില്‍ ഉണ്ടാക്കുന്നതിനു പുറമേ ഐസിനു വിവിധ തരത്തിലുള്ള രുചി നല്‍കാന്‍ ആരോഗ്യത്തിനു ഹാനികരമായ രാസപദാര്‍ഥങ്ങളും ഇത്തരം ഐസുകളില്‍ ഉപയോഗിക്കുന്നുണ്ട്. ആരോഗ്യവകുപ്പ് അധികൃതരുടെ കണ്ണെത്താത്ത ഗ്രാമീണ മേഖലകളിലാണ് ഇത്തരം ഐസ് വില്‍പ്പനക്കാരുടെ പ്രധാന കേന്ദ്രങ്ങള്‍. ഇവിടങ്ങളില്‍ കാര്യമായ പരിശോധനയോ നടപടിയോ ഇല്ലാത്തത് അന്യസംസ്ഥാനക്കാര്‍ ഉള്‍പ്പെടെയുള്ള കച്ചവടക്കാര്‍ക്ക് അവസരം നല്‍കുന്നു. സ്‌കൂള്‍ പി.ടി.എയും രക്ഷകര്‍തൃസമിതികളും ഇക്കാര്യത്തില്‍ ശ്രദ്ധിക്കണമെന്നും നടപടിയെടുക്കാന്‍ അറിയിക്കണമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."