വേങ്ങരയില്‍ എന്‍.ഡി.എ കണ്‍വന്‍ഷന്‍ ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു
മലപ്പുറം: വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കു പുത്തരിയില്‍ കല്ലുകടി. ഏറെ വൈകി പൂര്‍ത്തിയാക്കിയ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനു ശേഷം ഇന്നലെ നടന്ന എന്‍.ഡി.എ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ ബി.ഡി.ജെ.എസ് ബഹിഷ്‌കരിച്ചു. ഇന്നലെ രാവിലെ വേങ്ങരയില്‍ ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ പങ്കെടുത്ത കണ്‍വന്‍ഷനില്‍നിന്നാണ് ബി.ഡി.ജെ.എസ് വിട്ടുനിന്നത്. ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെല്ലാം പരിപാടിയില്‍ സംബന്ധിച്ചിരുന്നു.
സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനപ്രകാരമാണത്രെ ബഹിഷ്‌കരണം. ബി.ജെ.പി അവഗണന തുടരുന്നതാണ് ബഹിഷ്‌കരണത്തിന് കാരണമായി സംഘടനാ നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നത്.
വേങ്ങരയില്‍ പ്രചാരണത്തിന് തുടക്കം കുറിച്ച പരിപാടിയില്‍നിന്ന് ബി.ഡി.ജെ.എസ് വിട്ടുനിന്നത് ബി.ജെ.പിക്ക് കനത്ത പ്രഹരമായി. മണ്ഡലത്തില്‍ ശിവസേന സ്വന്തം സ്ഥാനാര്‍ഥിയെ നിര്‍ത്തിയിട്ടുണ്ട്. ഇതിനു പിന്നാലെയാണ് ബി.ഡി.ജെ.എസും വിട്ടുനില്‍ക്കുന്നത്. ഉപതെരഞ്ഞെടുപ്പില്‍ പിന്തുണക്കുന്ന കാര്യത്തെ കുറിച്ചു സംഘടനാ നേതൃത്വം ഇതുവരെ പ്രതികരിച്ചിട്ടില്ല.
വോട്ടിങ് നിലയിലുണ്ടായ തകര്‍ച്ചയും പാര്‍ട്ടിയിലെ ആഭ്യന്തര പ്രശ്‌നങ്ങളും ജില്ലയിലെ ബി.ജെ.പിയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. കേന്ദ്രത്തില്‍ അധികാരത്തിലിരിക്കുന്ന കക്ഷി എന്നനിലയില്‍ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പിലും പാര്‍ട്ടി വലിയ പ്രചാരണമാണ് നടത്തിയത്.
സംസ്ഥാന നേതാക്കള്‍ മുഴുസമയം പ്രചാരണം നടത്തിയെങ്കിലും വോട്ടിങ് ശതമാനത്തില്‍ കുറവുണ്ടായി. മലപ്പുറം ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ കേവലം 970 വോട്ടുമാത്രമാണ് കൂടിയത്. വേങ്ങര നിയോജകമണ്ഡലത്തില്‍ കഴിഞ്ഞ തവണ 7055 വോട്ടാണ് ബി.ജെ.പി നേടിയത്. ന്യൂനപക്ഷമോര്‍ച്ച നേതാവ് പി.ടി ആലി ഹാജിയായിരുന്നു കഴിഞ്ഞ തവണ സ്ഥാനാര്‍ഥി. എന്നാല്‍, ലോക്‌സഭാ ഉപതെരഞ്ഞെടുപ്പില്‍ ഈ മണ്ഡലത്തില്‍നിന്നുള്ള വോട്ട് നില 5952 ആയി കുറഞ്ഞു. വോട്ടര്‍മാര്‍ വര്‍ധിച്ചിട്ടും ഒന്നര വര്‍ഷം കൊണ്ട് 1103 വോട്ടുകള്‍ കുറഞ്ഞു.
കേന്ദ്രസര്‍ക്കാര്‍ നയങ്ങളുടെ പശ്ചാത്തലത്തില്‍ നാലുമാസം കഴിഞ്ഞു വീണ്ടുമൊരു തെരഞ്ഞെടുപ്പ് പാര്‍ട്ടിക്ക് ക്ഷീണം ചെയ്യുമെന്നിരിക്കെ ബി.ജെ.പി-ബി.ഡി.ജെ.എസ് പോര് മറനീക്കി പുറത്തുവന്നിരിക്കുകയാണ്. അതേസമയം, ബി.ഡി.ജെ.എസുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ കേന്ദ്രനേതൃത്വം പരിശോധിക്കുമെന്നു കുമ്മനം രാജശേഖരന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."