ഇന്ധനവിലയില്‍ കള്ളക്കളി; വിലക്കയറ്റത്തിന് കാരണം അമിതനികുതികള്‍
ന്യൂഡല്‍ഹി: ഇന്ധന വില വര്‍ധനവ് തുടര്‍ന്നുകൊണ്ടിരിക്കേ ഇതിനെതിരായി ഉയരുന്ന പ്രതിഷേധം കേന്ദ്ര സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കുന്നു. മൂന്ന് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് രാജ്യത്ത് ഇപ്പോള്‍ ഇന്ധനവിലയുള്ളത്. അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും എന്തുകൊണ്ട് ഇന്ത്യയില്‍ വില കുറയാത്തതെന്ന ചോദ്യം ഉയര്‍ന്നതോടെ കേന്ദ്ര സര്‍ക്കാര്‍ ന്യായീകരണവുമായി രംഗത്തെത്തിയെങ്കിലും ഇത് വിലക്കയറ്റത്തിനുള്ള ന്യായീകരണമല്ലെന്ന വാദവുമായി ജനങ്ങളും പ്രതിഷേധം ഉയര്‍ത്തുകയാണ്.
വിവിധ വികസന പദ്ധതികള്‍ക്ക് പണം കണ്ടെത്തുന്നതിനായാണ് ഇന്ധന വില വര്‍ധിപ്പിച്ചതെന്നാണ് കേന്ദ്രം വിലക്കയറ്റത്തിന് പറയുന്ന ന്യായീകരണം. പെട്രോള്‍, ഡീസല്‍ എന്നിവയില്‍ നിന്ന് ലഭിക്കുന്ന അധിക നികുതി സംസ്ഥാനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയുമെന്നും കേന്ദ്രം പറയുന്നു.
എന്നാല്‍ ഇന്ധന വിലവര്‍ധനവുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വാദങ്ങള്‍ വാസ്തവ വിരുദ്ധമാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഒരു ബാരല്‍ ക്രൂഡ് ഓയിലിന് അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ കഴിഞ്ഞ സെപ്റ്റംബറില്‍ ഡോളറിന് 65.48 രൂപയായിരുന്നു. എണ്ണ കമ്പനികള്‍ റിഫൈനറികള്‍ക്ക് നല്‍കുന്നത് ലിറ്ററിന് 26.65 രൂപ നിരക്കിലാണ്. ഇത് എണ്ണ കമ്പനികള്‍ പെട്രോള്‍ ഡീലര്‍മാര്‍ക്ക് നല്‍കുന്നത് ലിറ്ററിന് 30.70 രൂപ നിരക്കിലാണ്. ഒരു ലിറ്ററിന് എക്‌സൈസ് ഡ്യൂട്ടിയായി 21.48 രൂപയാണ് ചുമത്തുന്നത്. ഡീലര്‍ കമ്മീഷന്‍ ഇനത്തില്‍ 3.24 രൂപയാണ് ലിറ്ററിന് നല്‍കുന്നത്. ലിറ്ററിന് ഡല്‍ഹിയില്‍ വാറ്റ് നികുതി 27 ശതമാനമാണ്. അതായത് ലിറ്ററിന് 14.96 രൂപ നികുതി നല്‍കണം. ഇതെല്ലാം കഴിഞ്ഞ് ഡല്‍ഹിയില്‍ പെട്രോള്‍ വില്‍ക്കുമ്പോള്‍ അതിന് ലിറ്ററിന് 70.39 രൂപയാകും. കേന്ദ്രം എക്‌സൈസ് ഡ്യൂട്ടി നിരക്കില്‍ പിടിക്കുമ്പോള്‍ സംസ്ഥാനങ്ങള്‍ വാറ്റ് നികുതിയാണ് ഈടാക്കുന്നത്. കേന്ദ്രവും സംസ്ഥാനവും നികുതി പിടിക്കുന്നതോടെ ഉപഭോക്താക്കള്‍ക്കുമേല്‍ അമിതഭാരമാണ് പെട്രോളിയം ഉല്‍പന്നങ്ങള്‍ വഴിയുണ്ടാകുന്നത്.
മൂന്ന് തലത്തിലാണ് സംസ്ഥാനങ്ങള്‍ക്ക് നികുതി ലഭിക്കുന്നത്. അധിക നികുതിയിനത്തില്‍ ആറ് രൂപയും പ്രത്യേക അധിക നികുതിയിനത്തില്‍ ഏഴ് രൂപയും അടിസ്ഥാന എക്‌സൈസ് നികുതിയിലൂടെ 8.48 രൂപയുമടക്കം 21.48 രൂപയാണ് ഒരു ലിറ്ററിനുമുകളില്‍ സംസ്ഥാന സര്‍ക്കാരിന് ലഭിക്കുന്നത്.
ഇന്ധനവിലയിലെ വര്‍ധനവ് സര്‍ക്കാരുകള്‍ക്ക് അധിക നികുതി വരുമാനം ഉണ്ടാക്കുന്നതുകാരണം ഇത് കുറക്കുവാന്‍ തയാറാകാത്ത സാഹചര്യമാണ്. സംസ്ഥാന സര്‍ക്കാരുകളുടെ പ്രധാന വരുമാന സ്രോതസുകളാണ് ഇന്ധനവും മദ്യവും. പെട്രോളിയം ഉല്‍പന്നങ്ങള്‍ രാജ്യത്ത് 60 ശതമാനവും ഇറക്കുമതിയാണ്. എണ്ണ വിലകുറച്ചാല്‍ അത് സാമ്പത്തിക രംഗത്ത് അസ്ഥിരതയുണ്ടാക്കും. മാത്രമല്ല എണ്ണ ഉപഭോഗം വര്‍ധിക്കുകയും കൂടുതല്‍ ഇറക്കുമതി ആവശ്യവുമായും വരും. ഇത് രാജ്യത്തെ വലിയ പ്രതിസന്ധിയിലേക്ക് നയിക്കുമെന്നാണ് പ്രമുഖ സാമ്പത്തിക വിദഗ്ധന്‍ മോഹന്‍ ഗുരുസ്വാമി പറയുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."