മരിയ കൊടുങ്കാറ്റ്: മരണസംഖ്യ 32 ആയി
സാന്‍ ജുവാന്‍: കരീബിയന്‍ ദ്വീപുകളായ പ്യൂര്‍ട്ടോറിക്കോയിലും ഡൊമിനിക്കന്‍ റിപബ്ലിക്കിലും മരിയ കൊടുങ്കാറ്റിനെ തുടര്‍ന്ന് വ്യാപക നാശനഷ്ടങ്ങള്‍.
പ്യൂര്‍ട്ടോറിക്കോയില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നടിയുകയും വെള്ളപ്പൊക്കത്തെ തുടര്‍ന്ന് ഡൊമിനിക്കന്‍ ദ്വീപ് ഇരുട്ടിലാകുകയും ചെയ്തിരിക്കുകയാണ്. മരിയ കൊടുങ്കാറ്റില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 32 ആയി.
അതിനിടെ, ബ്രിട്ടനു കീഴിലുള്ള അറ്റ്ലാന്റിക് സമുദ്രത്തിലെ ദ്വീപുരാജ്യങ്ങളായ ടര്‍ക്സ്, കൈക്കോസ്, തെക്കുകിഴക്കന്‍ ബഹാമാസ് എന്നിവയെ ലക്ഷ്യമാക്കി മരിയ സഞ്ചരിക്കുന്നതായാണു പുതിയ വിവരങ്ങള്‍.
കരീബിയന്‍ ദ്വീപ് സമൂഹത്തിലെ ചെറുദ്വീപുകളായ സെന്റ് ക്രോയിക്സ്, ഡൊമിനിക്ക എന്നിവിടങ്ങള്‍ പൂര്‍ണമായും നശിച്ചിട്ടുണ്ട്. പ്യൂര്‍ട്ടോറിക്കോയില്‍ മാത്രം 15 പേരാണ് ദുരന്തത്തില്‍പ്പെട്ട് മരിച്ചത്. തൊവ ബാജയില്നിന്ന് 4,000ത്തിലേറെ പേരെ മറ്റു സുരക്ഷിതകേന്ദ്രങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
ടര്‍ക്സ്, കൈക്കോസ് ദ്വീപുകളിലേക്കു തിരിച്ച കാറ്റ് ഇപ്പോള്‍ കാറ്റഗറി മൂന്നിലാണുള്ളതെന്ന് യു.എന്‍ ദേശീയ കൊടുങ്കാറ്റ് നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറില്‍ 205 കി.മീറ്റര്‍ വേഗതയിലാണു കാറ്റ് സഞ്ചരിക്കുന്നത്.
ഒരു മാസത്തിനിടെ ഇതു രണ്ടാമത്തെ കൊടുങ്കാറ്റ് ദുരന്തമാണ് കരീബിയന്‍ ദ്വീപുകളെയും പരിസരങ്ങളെയും കീഴടക്കുന്നത്. നേരത്തെ ആഞ്ഞുവീശിയ ഇര്‍മ കൊടുങ്കാറ്റില്‍ 84 പേരാണ് കരീബിയന്‍ ദ്വീപുകളിലും അമേരിക്കയിലെ ഫ്ളോറിഡയിലുമായി കൊല്ലപ്പെട്ടത്. ഇര്‍മയ്ക്കു മുന്‍പ് അമേരിക്കന്‍ നഗരങ്ങളിലുണ്ടായ ഹാര്‍വി കൊടുങ്കാറ്റില്‍ 80 പേരും കൊല്ലപ്പെട്ടിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."